കാക്കയുടെ കൂട്ടിൽ
കുയിൽ മുട്ടയിട്ടു.
വിരിഞ്ഞ കുഞ്ഞിന്റെ
മാറ്റം കണ്ടിട്ടും
കാക്ക തൻകുഞ്ഞായി
വളർത്തിയത്രേ.
പുതിയ കഥയിൽ
കാക്ക കുയിൽ കുഞ്ഞിനെ
നൂറ്റിരുപതു രൂപക്കു വിറ്റ്
സ്വന്തം കുഞ്ഞിന്
ലാക്ടോജൻ വാങ്ങിയത്രേ.
തന്റെ മഴു ഇരുമ്പാണെന്ന്
സത്യം ചെയ്കയാൽ
മൂന്ന് മഴുവുമായെത്തും
ജലദേവതയെ കാത്ത്
കരയിലിരിപ്പാണ് കഥാനായകൻ.
പൊങ്ങിയ ജലദേവത
ഇരുമ്പുമഴു മാത്രം നൽകി -
ക്കൊണ്ടിങ്ങനെ മൊഴിഞ്ഞു :
"സത്യം പറഞ്ഞോരെല്ലാം
അധ്വാനിക്കാതൊന്നും നേടീട്ടില്ല".
പണ്ടൊരുറുമ്പ്
വെള്ളത്തിൽ വീണപ്പോൾ
പ്രാവൊരില കൊത്തിയിട്ടത്രെ.
പേടിച്ചരണ്ട ഉറുമ്പ് -അതിലേറി
കരയിലെത്തിയിരുന്നൂന്ന്.
ഇന്നുറുമ്പ്
വെള്ളത്തിൽ മുങ്ങുമ്പോൾ
പ്രാവ് മുകളിലെ കൊമ്പിൽ
ഇലകൾക്കിടയിലിരുന്ന് പറഞ്ഞു:
"ന്യൂനപക്ഷങ്ങളെയാരും
പിന്തുണക്കുന്നില്ലാന്ന്."
വഴിയിൽ വെച്ച് മുയൽ
ഉറങ്ങുമെന്നുറപ്പുള്ളതിനാൽ
ആമയെ പിടിക്കാൻ
കൊട്ടേഷൻ കൊടുത്തത്ര.
ഹൃദയം തിന്നാൻ
മോഹിച്ചിറങ്ങിയ മുതലയെ
മരപ്പൊത്തിലാണ്
ഹൃദയമെന്നോതി -പറ്റിച്ച
കുരങ്ങനുണ്ടായിരുന്നു.
ഇപ്പൊ ഹൃദയം കിട്ടാൻ
കുരങ്ങനെ പാട്ടിലാക്കേണ്ടന്നെ
മുതല ഒരെളുപ്പവഴി കണ്ടെത്തി
അവയവ മാഫിയയുമായി ചങ്ങാത്തം!