സുവർണകാലത്തിന്റെ
സുകൃതമായ് മാറിയ,
മലയാള മണ്ണിന്റെ
ലാവണ്യമേ...
ഉൾപ്പൂവിൻ ചൂടിലും
ഹിമബിന്ദുവായമ്മ,
മേഘത്തെ തൊട്ടിടും
കവിതയായി!
മരമാമരങ്ങളിൽ
മഴയായി പെയ്യുന്ന,
കളകൂജനങ്ങൾ തൻ
മധുമൊഴിയായ്!
ആരണ്യപർവത്തി-
ന്നാരാധികയായി;
ചെറുകിളിക്കുഞ്ഞിന്റെ
തോഴിയായി!
അമ്പാടിക്കണ്ണനോ-
ടുള്ളം തുറന്നിട്ടു,
പരിദേവനം ചൊല്ലും
രാധയായി!
നിറകുടനന്മ തൻ
നിറക്കൂട്ടണിഞ്ഞമ്മ,
കാനനശ്രീയുടെ
കാവലാളായ്!
അറിവിൻ വെളിച്ചമാ-
യവനിയിൽ പെയ്താരാ,
പനിനീർ സുഗന്ധമായ്
കരളിലെന്നും...