ഒരു കടൽ!
എത്ര നദികൾ
അതിലേറെയരുവികൾ
ഒറ്റക്കടലിലേക്ക് താമസം മാറ്റുന്നു.
വളഞ്ഞൊഴുകുന്നവർ
നേരെ വരുന്നവർ
താഴ്ച്ചകൾ താണ്ടി വരുന്നവർ
പലയിടത്തുത്ഭവിച്ചവർ!
നദികളരുവിയോട്
കണ്ണുരുട്ടി
തിരയാവാൻ പറയുന്നു,
അരുവിയുടെ രോഷം
തിരയിലൂടെ പതച്ചുതുപ്പുന്നു.
അതിനിടെ
നദികളുമരുവികളും
ഒറ്റക്കടലാവുന്നു,
അടിത്തട്ടിൽ
മുത്തുകൾ പങ്കിടുന്നു,
പുത്തനറിവിന്റെ
ഡോൾഫിനെ
വീണ്ടും വീണ്ടും
ഉയർത്തിയെറിഞ്ഞാഹ്ലാദിക്കുന്നു.
ഉപ്പ് നിറഞ്ഞവരെ
നീരാവിയാക്കി,
സൂര്യൻ അന്തരീക്ഷത്തിലെ
പലകോണിലേക്കയക്കുന്നു.
ഓർമ്മകൾ
മാരിവില്ലായ് വരച്ച്
പെയ്തിറങ്ങുന്നിതാ അവർ
പുതിയ കടലിലേക്ക്!.