തരളിതമാം ഗാന കല്ലോലിനിപോലെ-
യൊഴുകിയെത്തുന്നൊരീ മുരളീരവം
കാട്ടിൽ കടമ്പിന്റെ ചോട്ടിലായ് നിന്നെയും
കാത്തിരിക്കുന്നൊരു ഗോപികഞാൻ.
ഇപ്രപഞ്ചത്തിന്റെയാദിതാളം മുഗ്ദ്ധ-
സുസ്മിതസൂന സൗരഭ്യമേളം
കാടിന്നകത്തളമാകെക്കുളിരാർന്ന
ചേതോഹര പ്രണവതാളമായീ
നേർത്തോരിളം തെന്നലാട്ടുന്ന തൊട്ടിലിൽ
ചാഞ്ചാടിയാടുന്ന പൂമൊട്ടുകൾ
തുള്ളിക്കളിക്കുമിളമാൻ കിടാങ്ങളും
വെള്ളിമുകിൽ പോൽ കിളിക്കൂട്ടവും
അസ്തമയത്തിന്റെ രാഗഭാവം, അതി-
നിഷ്പന്ദവീചിപോൽ മാനസവും
ഓർമകൾക്കെന്തു സൗരഭ്യമിന്നും
ഓണനിലാവിന്റെ കാന്തിപോലെ
എങ്ങും ഘനശ്യാമസുന്ദരരൂപത്തെ-
യെൻമനസ്സെന്നും തിരഞ്ഞിരുന്നു...
ആരുമറിയാതെയാത്മാനുരാഗത്തെ-
യർച്ചനാപുഷ്പമായ് കാത്തുവെച്ചൂ
എന്നും യമുനാജലോപരി നീങ്ങുന്ന
കുഞ്ഞുതിരകൾ അറിഞ്ഞിരുന്നൂ
അവയെന്നുമൊരാശ്വാസമായിരുന്നൂ
എന്നെയെന്നുമേ കാണാൻ കൊതിച്ചിരുന്നൂ
എണ്ണിയെണ്ണിപ്പറഞ്ഞോരോ കഥകളും
തെന്നലായ് വന്നു പുണർന്നിരുന്നൂ
എൻ്റെയുള്ളിൽ വിഷാദമകറ്റുവാനായവ
മന്ദമെൻ കാതിൽ പകർന്നിരുന്നൂ
മുഗ്ദ്ധ ഗാനപ്രവാഹമായ് തീർന്നിരുന്നൂ
അതിലെല്ലാം മറന്നു ലയിച്ചിരുന്നൂ!