നിനക്ക് തെല്ലു
ഭയമുണ്ടല്ലേ?
നിന്റെയീ കൂടു
വിട്ടു പറന്നു കളയുമോ
ഞാനെന്ന ഭയം.
ചിരി വരുന്നുണ്ട്
നിന്റെ പറക്കലിന്റെ
അലച്ചിലിനിടയിൽ
നീ കണ്ട ആകാശം
ഞാനും കാണരുതെന്ന
ചിന്ത നന്നായി
പക്ഷേ
എത്ര കാലം
എന്നെത്തന്നെ
ഭക്ഷിച്ച്
എനിക്കീ കൂട്ടിൽ
കഴിയാനാകും
നീ തന്ന ദാഹനീരും
നെൽക്കതിരും
മതിയാവാഞ്ഞിട്ടല്ല.
തുറന്ന ആകാശത്ത്
അതിരുകളില്ലാതെ
നേരെ പറക്കാൻ
ഏതൊരു
പറവക്കും
സ്വാതന്ത്ര്യമുണ്ടെന്ന്
നീ മറക്കരുത്.