നിന്നെ
വായിക്കുമ്പോൾ
താളുകൾ നിറയെ
അവശേഷിപ്പുകളുടെ
നിലവിളികൾ.
പെറുക്കിയെടുത്ത
ഓർമ്മകളിൽ
കാറ്റിലുലഞ്ഞുപോയ
ഇലയുടെ അസ്ഥികൂടം
കിറുക്കിയിട്ട നിവൃത്തികേടിൽ
വംശനാശം സംഭവിച്ചൊരു
സ്വപ്നത്തിന്റെ ചിതൽപ്പാട്
പ്രണയസഞ്ചാരം കിനിഞ്ഞു-
നീറിയൊരു വസന്തത്തിൻ
ഗതിമാറിയ പാളങ്ങൾ
നിവർത്തി നിവർത്തി
ഇരുളെത്ര മൂടിക്കെട്ടിയും
ചോർന്നൊലിച്ച പകപ്പുകൾ
രണ്ട് തുണ്ട് ആകാശത്തിൽ
വെള്ളപൂശാത്ത മുറിയിൽ
തനിയാവർത്തനങ്ങളുടെ
മരുഭൂമിക
ചുട്ടുപൊള്ളി വെന്ത
പകലുകളിൽ
മുറ്റത്ത് പന്തുകളിക്കുന്ന
രണ്ട് പ്രസവമുറികൾ
വെറുതേയല്ല ,
നിന്റെ വാക്കുകൾക്ക്
അളവുസൂചികയില്ലാത്ത
മൗനത്തിന്റെ അതേ കനം
ആശ്രയം തേടിയ
അഭയാർത്ഥി പട്ടികയിൽ
നിന്റെമാത്രം നീണ്ടനിര
നിഴൽപ്പാടുകൾ നിറയെ
എഴുതപ്പെടാത്ത നീറ്റലുകൾ
എത്ര ഏച്ചുകെട്ടി വായിച്ചിട്ടും
മുഴച്ചു നിൽക്കുന്നു നിൻ-
മണ്ണടിഞ്ഞ സ്വപ്നങ്ങൾ
വായിച്ചു തീരുംമുമ്പേ
അടച്ച് അലമാരിയിൽ
നിവർത്തിവച്ചു
ഇടക്കെന്നെനോക്കി
കണ്ണിറുക്കാറുണ്ട്,
നിന്നേപ്പോലെ...
ഓർമ്മകൾ അയവിറക്കി
ഇനിയും മുഴുമിക്കാത്ത
നിന്റെ പുസ്തകം.........!