Winner of Mozhi +100 Bonus Points
നിത്യവും പൂത്താലത്തിൽ അർച്ചനാസുമങ്ങളും
സുപ്രഭാതത്തിൻ കുളിരാശംസ ചേർന്നീവണ്ണം
സുസ്മേരവദനയായ് നമ്രശീർഷയായെങ്ങും
എത്തിടും ചേലിൽ വിരിഞ്ഞുല്ലാസമാർന്നീവിധം
നിത്യകല്യാണിപ്പൂവിൻ കപോലം തഴുകീടാൻ
ഇത്രയും മടിയെന്തേ വാരിളം പൂന്തെന്നലേ?
കൊച്ചുപൂവാണെന്നാലും ഒട്ടേറെസ്വപ്നങ്ങളും
ഹൃത്തിലായ് വിരിയുന്ന സുന്ദരിയല്ലോയിവൾ!
തെച്ചിയും മന്ദാരവും പിച്ചകം ചേമന്തിയും
മുത്തുപോൽ തിളങ്ങുന്ന മുറ്റത്തെത്തൂമുല്ലയും
വർണവൈവിധ്യം ചാർത്തി ചെമ്പരത്തിപ്പൂക്കളും
വാടാത്ത പൂക്കൾ ചൂടിനിരക്കും വാടാമല്ലി
നിത്യ സൗരഭമെന്നും കരുതി വെച്ചിട്ടുള്ളതാം
പവിഴമല്ലിപ്പൂവും ഗന്ധരാജനും പിന്നെ
രാവിനെ പ്രഭാപൂരമാക്കിടും നിശാഗന്ധി
പൂത്തു നിൽക്കുന്നൂ ചേലിൽ ചെണ്ടുമല്ലിപ്പൂക്കളും...!
വർണവൈവിധ്യം തൻ്റെ മുളളിനാൽ സുരക്ഷിതം
എന്നൊരാശ്വാസം പൂണ്ടു പനിനീർ സൂനങ്ങളും
ആരാമശോഭയേറ്റും പൂക്കളെ മാത്രമെന്തേ -
യാദരാൽ, അതിമോദാൽ പാലിച്ചൂ വീണ്ടും വീണ്ടും..
നൽക്കവിൾത്തുടുപ്പോലും നിത്യ കല്യാണിപ്പൂവിൻ
മുഗ്ദ്ധമാം ഭാവംതന്നെ പുകഴ്ത്തീലാരുംതന്നെ ...
ഏതുള്ളൂ കാവ്യാമൃതം അഴകില്ലാഞ്ഞല്ലല്ലോ
അരുമപ്പൂവിൻ ചന്തം വാഴ്ത്തിയില്ലിന്നേവരെ...!
വെന്തുരുകീടും ഗ്രീഷ്മ സഞ്ചാരപഥത്തിലും
അല്ലലിൻ നിഴൽ പോലുമകലത്താക്കീയിവൾ !
വന്നണയാറുണ്ടെന്നും വാസന്തസൗന്ദര്യത്തെ
തന്നിലേയ്ക്കാവാഹിച്ചു നമ്രശീർഷയായെന്നും.
എങ്കിലും പുലരിയിലക്കപോലത്തിൽ കാണു-
മിറ്റു കണ്ണീരാ നന്ദികേടിൻ്റെ നേർസാക്ഷ്യമാം...
സഹയാത്രികയോടാ പഥികൻചൊല്ലീപോലും
എവിടെ ചെന്നാലുമീച്ചെടിയെക്കാണാമല്ലോ..
ശവം നാറിയെന്നത്രേ വിളിച്ചൂമുഖംനോക്കി
സ്മിതമാർന്നെന്നാകിലും കരളു തകർന്നു പോയ്
പൂക്കാലമോർമിക്കാതെ മറ്റു പൂച്ചെടികളാ-
പൂന്തോട്ടം മറന്നാലും, അത്രമേലാത്മാർത്ഥമായ്,
നിത്യവും വസന്തത്തെ, തന്നുള്ളിലാവാഹിക്കുമി
ക്കൊച്ചു പുഷ്പത്തോടെന്തിത്രമേൽവൈരാഗ്യവും ...!
ഇത്രമേലകൽച്ചയീ തൈക്കുളിർത്തെന്നൽ പോലും
അരികത്തെത്താനെന്തേ മടിയീപാവംപൂവിൻ
കവിളിൻ തുടുപ്പിതു കണ്ണീരാൽമറഞ്ഞാലും
തലയാട്ടുന്നൂ മന്ദം ചേലിലായ്ചിരിതൂകി
ആത്മഹർഷത്തിന്നശ്രുവെന്നറിയിക്കാൻ വെമ്പി
ആവതുംസന്തോഷത്തോടല്ലയോനിലകൊണ്ടൂ.
അല്ലലെൻ മനസ്സിനെ കുത്തിനോവിക്കാതല്ല
അല്ലെങ്കിലാരാരുണ്ടീയൂഴിയിൽ ദുഃഖിക്കാത്തോർ?
കേവലാനന്ദം പോരുമീ ജനിമൃതിയ്ക്കിടെ -
പാരിതിൽ വാഴ്വിൻ പൊരുൾ സാന്ദ്രശോകം താനല്ലോ...
ഒരുപുഞ്ചിരിമാത്രം പുലരിക്കതിർപോലെ
വിരിയിച്ചീടുന്നതു ജന്മസാഫല്യംമാത്രം!
താന്തമാമീ ജന്മത്തിൻ ദീനതയകറ്റീടാൻ
വേപഥു ചൂഴും ഗാത്രം ദൃഢമായ് നിവർത്തിയും
നേരറിഞ്ഞീടുന്നേരം സമഭാവനയോടെ
പ്രാർത്ഥനാ ജപംമാത്രം മനസ്സിൽ മന്ത്രിയ്ക്കാനും
ശില പോലുറച്ചീടുമവനീപാളിയ്ക്കുള്ളിൽ
അത്രമേൽനോവേറ്റത്രേ വേരുകൾ പടർന്നതും...
ദാഹത്തെയകറ്റീടാനിത്തിരിനീരിന്നായി
കൈനീട്ടുവാനില്ലാകരളങ്ങുരുകിലും....
ചാരെയൊന്നണയുമോ, സ്നേഹലോലനായൊന്നു
പാവമാമീപ്പൂവിനെ മാറോടുചേർത്തീടുമോ ...?
ഒരുപുഞ്ചിരിമാത്രം, ശോകപങ്കിലമാകും
ധരയിൽ ജീവിപ്പോർക്കു നൽകിടാനാശിയ്ക്കുന്നൂ...
മന്ദമാംതെന്നൽക്കരലാളനമേറ്റിന്നു നി-
ന്നരികിൽ മരുവീടാമാത്മനിർവൃതിയോടെ ...!