(അനുഷ)
ദൂരങ്ങളിൽ, അറിയാത്ത ദേശങ്ങളിൽ-
ആൾക്കൂട്ടത്തിൽ എങ്ങോ കണ്ടു മറന്ന മുഖം.
പൊടി പിടിച്ച നിരത്ത്. തിരക്കേറിയ തെരുവു വ്യാപാരം.
ചൂട്. വിയർപ്പ്.
വാടിയ താമരത്തണ്ടു പോലൊരു പെൺകുട്ടി.
വിയർപ്പിൽ ദേഹത്തോടൊട്ടി കിടക്കുന്ന ചേല.
ഒതുങ്ങിയിരിക്കാത്ത മുടിയിഴകളിലൊരെണ്ണം
ചുണ്ടിനോട് പറ്റി ചേർന്ന്.
നീൾമിഴിയിൽ, മഷിക്കറുപ്പില്ല.
എന്തോ തിരയുന്ന കണ്ണുകൾ.
കാലുകൾ-
നിലത്തുറയ്ക്കാത്ത പോലെ.
വെയിൽ മങ്ങിയിരിക്കുന്നു. സൂര്യൻ മറയുകയായി.
വൈദ്യുത വിളക്കുകൾ കണ്ണു ചിമ്മിത്തുറന്ന് ആ നിരത്തിനെ
മഞ്ഞനിറത്തിലാഴ്ത്തിയിരിക്ക്ക്കുന്നു.
ഒരു നെടുവീർപ്പു പോലെ ഇളംചൂടു നിറഞ്ഞ കാറ്റ് ആളുകൾക്കിടയിലൂടെ തട്ടിത്തടഞ്ഞ്
എവിടേക്കോ കടന്നു പോയി.
ഇനി രാത്രിയാണ്.
അനന്തമായ രാത്രി!
പകലിനെ പഴിച്ച്, രാവിന്റെ അർത്ഥശൂന്യതയിലേക്ക് നോക്കി ഉറങ്ങാതിരിക്കാം.