ദയാവധം എനിക്ക് പ്രണയം ചെപ്പിലൊളിപ്പിച്ച മുത്തുപോലയോ
നിലാവിൽ പെയ്ത മഞ്ഞുപോലയോ ആയിരുന്നില്ല.
തീഷ്ണമായ നോവുകളുടെ,
പിന്നെ ഒറ്റപ്പെടലുകളുടെ,
ഒടുവില്‍ നഷ്ടപ്പെടലിന്റെ....
ഒരു ദയാഹർജ്ജിപോലുമില്ലാതെ തൂക്കിലേറ്റാൻ വിധിക്കപ്പെട്ട...
നിരാലംബനായ കാമുകനാണ് ഞാന്‍.
ആരാച്ചാറും നീതിപീഠവും ഞാൻതന്നെ ആയ ആ രാത്രിയോടാണ്
എനിക്കിപ്പോൾ പ്രണയം ......
എന്റെ പ്രണയശവം ഏറ്റുവാങ്ങാൻ ആരുമില്ലാത്തതിനാൽ
മരവിപ്പിന്റെ പുഴുവരിച്ച ശവക്കുഴിയിൽ
ഇപ്പോഴും സംസ്കരിക്കാതെ കിടക്കുകയാണ്.....
ഒരുകണക്കിന് അതാണ് നല്ലത്...
കീശയും നിറവും ഗ്രഹനിലയും നോക്കി പ്രണയിക്കുന്ന ഈ കാലത്ത്
ഞാനെന്റെ പ്രണയത്തെ ദയാവധം ചെയ്തു...
ഇപ്പോള്‍ വിരല്‍ തുമ്പിലെ നനുത്ത സ്പർശം ഞാനറിയുന്നുണ്ട്...
ഏതോ വിജനതയിലേക്ക്
എന്നെ ആരോ വലിച്ചുകൊണ്ട് പോകുകയാണ്....
ഇവിടെ യാഥാര്‍ത്ഥ്യത്തിന്റെ നെറുകയിൽ
പ്രണയത്തിന്റെ വടുക്കൾ പൊട്ടി വികൃതമായ
കറുത്ത പാടുകളിലൂടെ മൃതി ചുംബിക്കുകയായിരുന്നു....
വയലറ്റ് പൂക്കളുള്ള പാടങ്ങളിലൂടെ
സിൽവർ ഓക്ക് മരങ്ങൾക്കിടയിൽ
എന്റെ പ്രണയം സംസ്കരിച്ച്
നിഴല്‍ പോയ വഴിയിലൂടെ ഞാനും വിഷാദമലരാകട്ടെ.