പടിയിറങ്ങും കര്‍ക്കിടകം
വിടചൊല്ലിയാകാശച്ചെരുവില്‍
മറയും കരിമേഘങ്ങള്‍
പുലരിമഴ തോര്‍ന്നിപ്പോള്‍
തെളിയും ചിങ്ങപൊന്‍വെയില്‍
കുന്നിറങ്ങും ഒറ്റയടിപ്പാതകളില്‍
താഴ് വാരങ്ങളില്‍ തൊടിയില്‍
കാവില്‍ വേലിയിറമ്പുകളില്‍ വെള്ളിനിലാവൊക്കും ശ്വേതകാന്തിയില്‍
വിടര്‍ന്നു നില്‍പ്പൂ ചെറു തുമ്പപ്പൂക്കള്‍
അരിമാവണിഞ്ഞ മുറ്റങ്ങളില്‍
വിനയാന്വിതയായ് ഓണത്തപ്പനെ നിശ്ശബ്ദമായ് വരവേല്‍ക്കുമീ അരിമണിത്തുമ്പപ്പൂവിന്‍ വിശുദ്ധി
യന്ത്രങ്ങള്‍ക്കിടയില്‍ മറ്റൊരു
യന്ത്രസമാനമായ്
തെരുവോരകച്ചവടങ്ങളില്‍
പരസ്യപ്പെരുമഴയില്‍
ടെലിവിഷന്‍ പ്രഹസനങ്ങളില്‍
ഇളവിന്‍ വാഗ്ദാനങ്ങളില്‍
വീണ്ടും ഓണകാഴ്ചകള്‍.
വര്‍ണ്ണപ്പകിട്ടായ് മിന്നുന്ന
വാടാത്ത പൂക്കളങ്ങള്‍
മഹാമാരിക്കിടയിലൂം
നിരര്‍ത്ഥകമാം ആഘോഷത്തിന്‍
കെട്ടുകാഴ്ചകള്‍ പ്ളാസ്റ്റിക് കിറ്റുകള്‍
ഓണമെന്ന പേരോര്‍ക്കാന്‍ പോലും
നേരമില്ലാതെ ദുരിതത്തിലലയും മാനുഷര്‍
മനസ്സിലെന്നും പൊയ്പ്പോയ
ഓണനന്‍മയുടെ വര്‍ണ്ണപ്പൂക്കളം
സന്തോഷാരവങ്ങളുടെ ചിത്രം
മഹാദേവന്‍ തിരുജടയലങ്കരിക്കും
തുമ്പപ്പൂവിന്‍ മാഹാത്മ്യം