വല നെയ്തു ചേലിൽ ഇരയെ വീഴ്ത്തുവാൻ,
പശിയൊന്നകറ്റുവാൻ, ജീവനേപ്പോറ്റുവാൻ.
കണ്ണ് മടിക്കും കോണിലും കീഴിലും
കെണിവച്ച് സൂക്ഷ്മം ഞാനിരിക്കും.
ചേലുള്ളോർ ചേലെഴും വലയൊന്നു കാൺകെ,
തൂക്കും തുറപ്പയാലശുഭമെന്നോതി.
നേരമെടുത്തു മെനഞ്ഞവയൊക്കെയും
നേരിയ വേളയിൽ ശൂന്യമാകുന്നു.
ഇര തേടും കണ്ണിൽ തെളിയുന്നു വീണ്ടും
കാത്തിരിപ്പിൻ ദൈർഘ്യമാം തിരികൾ.
ദുര മൂത്ത് കെണിയിൽ വീഴുവോർക്കു,
ശകുനം മുടക്കിയോ മർക്കടകവേലികൾ?
മഥനം നടക്കും മനതാരിലും
അമംഗളം വിതറിയോ ലൂതാവലയങ്ങൾ?