പച്ചത്തളിരിലത്തുമ്പത്തിരിക്കും
പാവന സുതാര്യ നീഹാരബിന്ദു
പ്രകാശരേണുക്കളെ ഹൃത്തിലേറ്റി
പൂവാടിയിൽ മാരിവില്ലൊളി വീശി
മുല്ലപ്പൂ പരിമളത്തിലാറാടിവന്ന
മാരുതൻ സൗഗന്ധമാക്കിയാരാമം
മലർവാടിതൻ മണിയങ്കണത്തിൽ
മംഗല്യപ്പൂപ്പന്തലൊരുക്കി പിച്ചകം
ചേലെഴും മലർ മണിമന്ദിരത്തിലെ
ചാരുത ചെമ്പനീർപ്പൂവിനെ വേൾ ക്കാൻ
ചാരിമ ചിത്രവർണ്ണ ചിറകുവീശി
ചിത്രപതംഗം മാംഗല്യ തേരിറങ്ങി
മോഹമന്ദാരം വിടരുമാ വേളയിൽ
മോഹ മധുവൂറും മനവുമായി
മുമ്പേ പറക്കും ശലഭ കുമാരനും
മിത്രങ്ങളും ഞെട്ടിത്തരിച്ചുപോയ്
പരിണയ പൂത്താലി ചാർത്തേണ്ട
പൂച്ചന്തം പുടവയുടത്ത ചെമ്പനീർ
പൂഞെട്ടറ്റു കിടന്നു കേഴുന്നു
പൂവിന്നതളിൽ ചോര ചിന്നിച്ചിതറി
ഇലയനക്കങ്ങൾ നിശബ്ദമായി
ഈറനണഞ്ഞു വീശി തെന്നൽ
ഈണം മറന്നുപാടി ഋതുപക്ഷി
ഇരവിലമർന്നുപോയി പൂവനം
പ്രാണനടരുന്ന വേദനയുമായ്
പ്രണയത്തിൻ മൃത ഗന്ധവുമായി
പാവമാ ശലഭത്തിൻ മംഗല്യ മോഹം
പരിണയ പടിവാതിലിൽ വീണുടഞ്ഞു
മാംഗല്യപ്പെണ്ണിന്റെകാർകൂന്തലിൽ
മണിശോഭയേകാനോ നിൻശവം
മംഗല്യ മാല്യത്തിനുഭംഗിയേകാനോ
മംഗല്യ പ്രണയ പ്രതീകമോ നീ
നട്ടുവളർത്തീ തൊട്ടു തലോടി
നാളിതായി താങ്ങും തണലു മേകിയത്
നൊടിയെഞെട്ടിറുത്തെടുക്കാനെങ്കിൽ
നിനവിൽ മോഹമെന്തിനേകി പാവമാപൂവിന്
മർത്യാഭിലാഷങ്ങൾ നിറവേറ്റാൻ
മണ്ണിൽ ജന്മമെടുത്തവരോ നമ്മൾ
മണ്ണിൽ സ്വപ്നവും സന്തോഷവും
മാനവൻ തന്നുടെ അവകാശമോ ?