മുറ തെറ്റാതെയെത്തുന്ന
രക്തച്ചാലുകളെ നോക്കി
ഞാനെന്റെ
പിറക്കാതെ പോയ കുഞ്ഞിന്റെ
മുഖം മെനഞ്ഞെടുക്കും
എവിടെയും തളംകെട്ടാതെ
നിറയെ
കൈത്തോടുമായൊഴുകുന്ന
പ്രണയനദിയിലെ
എന്റെ കാമുകരിലൊരാളുടെ
മുഖത്തോട്
ഓരോതവണയും ഞാനവനെ,
അവളെയോ,
ചേർത്തുവായിക്കും.
ഞാൻ നിന്നെ
കബീറെന്നും
നിളയെന്നും
ജെനിഫറെന്നും വിളിയ്ക്കും.
എന്റെ കുഞ്ഞേ
കൊച്ചേ
ഇളം പൈതലേയെന്ന്
അരുമയോടെ
മാറോടടക്കിപ്പിടിക്കും.
എന്റെ
ചുരത്താത്ത മുലകളിൽനിന്നും
നിങ്ങൾ
സമൃദ്ധമായി പാൽ നുകരും.
നക്ഷത്രക്കണ്ണുകൾ തുറിച്ച്
'അമ്മേ എന്റെ
രൂപമെന്തായിരുന്നെ'ന്ന്
നുറുങ്ങുകളായി ചാലിലൂടൊഴുകുന്ന
നിന്റെ ചുവന്ന അവശേഷിപ്പുകളെ
കുഞ്ഞേ,
ഞാൻ ചേർത്തുവെയ്ക്കും.
എന്റെ പരുപരുത്ത
വെളുത്ത കാൻവാസിലേയ്ക്ക്
അറ്റമുരുണ്ട ബ്രഷുകൾകൊണ്ട്
ഒട്ടുമേ നോവിയ്ക്കാതെ
നിന്നെ പകർത്തിവരയ്ക്കാൻ..
ചുവന്ന പനിനീർപ്പൂവ്
ചുവന്ന ആകാശം
ചുവന്ന മീനുകൾ
ചുവന്ന കടൽ
ചുവന്ന മനുഷ്യർ
ചുവന്ന കാട്
ചുവന്ന...
നോക്കൂ,
നിനക്കിപ്പോളെത്രയെത്ര
രൂപങ്ങളാണെന്ന്!
കൂടുമാറാനാവാത്ത
എന്റെ മാംസത്തിന്റെ
തുരുമ്പിച്ച ഇരുമ്പഴികൾക്കപ്പുറം നിന്ന്
അമ്മ കണ്ടോ
ഇതൊക്കെയും ഞാനല്ലോയെന്ന്
നിശ്ശബ്ദതയോളം പോന്ന
ശബ്ദത്തിൽ
കുഞ്ഞിക്കൈകൾ കൊട്ടി
നീ ചിരിക്കുന്നത്
കുസൃതിക്കുരുന്നേ
എനിയ്ക്കു കേൾക്കാം.
അടുത്ത തവണ
എന്റെ ഇരട്ടക്കുട്ടികൾക്ക്
നൽകാനായി
ഞാൻ
നിറമില്ലാത്ത പരുത്തിനൂലുകൾ
ശേഖരിയ്ക്കുന്നു
കുളിമുറിയിലെ
മിനുസമുള്ള ചതുരത്തറയിൽ
കൈകോർത്തവരൊഴുകുന്ന
വളക്കൂറുള്ള ചുവന്ന മണ്ണിൽ
ഒന്നൊന്നായി
ഞാനവ വിതയ്ക്കും
ചർക്കയിൽ നൂൽനൂറ്റ്
വിളവെടുക്കും
എന്റെ ചുവന്ന തൂവാലയെ
സൂര്യനു കീഴേ
കാറ്റിനഭിമുഖമായിപ്പിടിച്ച്
'ഞാൻ പെറ്റ കുഞ്ഞല്ലോ'യെന്ന്
ഉറക്കെ പ്രഖ്യാപിയ്ക്കും
പിന്നെ പിടിവിടും..
കാറ്റിൽ
ഉയർന്നും താണും
നിലം തൊടാതെ
ദൂരേയ്ക്ക് പറക്കുന്ന
നിന്നെ നോക്കി
'എന്റെ
ഒറ്റച്ചിറകുള്ള പക്ഷീ'യെന്ന്
കാഴ്ച വറ്റുവോളവും
ഞാനൊരു വലിയ
വിസ്മയചിഹ്നമാകും!
ഇരുകാലുകൾക്കും നടുവിലൂടെ
അമ്മേ എന്റെ
രൂപമെന്തായിരുന്നെന്ന്
ഇനിയുമെത്രയോ
ചുവന്ന അരുവികൾ
ഒഴുകിയെത്തും
അപ്പോഴൊക്കെ
ഞാൻ പറയും,
നിങ്ങളോ..,
നിങ്ങളെന്റെ കുട്ടികൾ..
ചുവന്ന ആകാശത്തെ
ചുവന്ന കടലിനെ
ചുവന്ന പൂക്കളെ
ചുവന്ന മനുഷ്യരെ
ചുവന്ന കാടിനെ
ഒറ്റച്ചിറകുള്ള
ചുവന്ന പക്ഷിയെ പെറ്റ
പെണ്ണിന്റെ മക്കൾ!
ഒന്നോ രണ്ടോ അല്ല
അറിയുമോ,
കാക്കത്തൊള്ളായിരം
അരുമക്കുഞ്ഞുങ്ങളുടെ
പെറ്റമ്മയാണു ഞാൻ..