പുകപോലെ അകലെ
കടൽ തൊട്ടുനില്‌ക്കും
ആകാശം അകലെ
നിഴൽപോലെ ചാരെ
കടൽ തൊട്ടാപുകയിൽ
ഒരു കപ്പൽ പതിയെ
ചലിച്ചിതാ പതിയെ
പുറലോകം തേടി
നിഴൽപോലൊരു തോണി
അങ്ങകലെ നിശ്ചലം
മറുതോണി മറഞ്ഞു
എവിടേക്കെന്നറിയില്ല
കടൽകാറ്റിൽ വന്നു
കടലിന്റെ ഗന്ധം
കരയാകെ പകർന്നു
കര കോരിത്തരിച്ചു
പതിവായി വന്നു
കടലന്നും ചൊല്ലി
കരയോടുള്ള
ചിരകാല പ്രണയം
കര അന്നും കേട്ടു
കടലിന്റെ പ്രണയം
തിരികെ ചൊല്ലാത്ത
കര ഒരു കഠിനൻ
കടൽ പാടി നോക്കി
കഥകൾ പറഞ്ഞു
കടൽ ആർത്തിരമ്പി
കണ്ണീരൊഴുക്കി
കര ഒരുശിലയായ്
കേൾക്കാതെ നിന്നു
കരൾ അലിയാത്ത
കഠിന ഹ്ര്യദയൻ
കടലമ്മക്കിന്നും
തിരയായ് വന്നു
കരയെ പുണരാൻ
കൊതിയാണുപോലും
തിര തിരയായ് വന്നു
പതമാല ചാർത്തി
കടലിന്നും കരയിൽ
മണലിൽ അലിഞ്ഞു
ഉദയകിരണത്താൽ
തിളങ്ങിയ തിരകൾ
നിരനിരയായ് ഇന്നും
കര തേടി വരുന്നു
കരയെ തലോടാൻ
കടലെന്നും തീർത്തു
തിരമാലകൾ അകലെ
കടൽകാറ്റൊരു ദൂതൻ
അരികത്തണഞ്ഞ
അലകളിൽ കാറ്റ്
കുമിളകൾ വിതറി
മലർമാല ആക്കി
ആ തിരമാല മാല
വരമാല ആക്കി
കടലെന്നും കരയെ
അണിയിച്ചു ഇന്നും
കരളിന്നും അലിയാതെ
കര ഒരു കഠിനൻ
ചിരകാല പ്രണയം
തുടരുന്നു ഇന്നും
കടൽ അലിയിച്ച മനസ്സ്
മണലായി തിരികെ
കരയിൽ എത്തിച്ചു
ഇതിനൊരു സാക്ഷി
കടൽക്കാറ്റു മാത്രം
പുലർകാലെ ഇന്ന്
അരങ്ങേറി മുന്നിൽ
ആ പുരാതനപ്രണയം
അതിനൊരു സാക്ഷി
കരയുള്ള കാലം
തുടരും ഈ പ്രണയം
യുഗാന്തരങ്ങളിൽ നിറയും
പ്രണയത്തിൻ കഥകൾ
കടലിന്റെ സ്വപ്‌നങ്ങൾ
സാക്ഷാത്കരിക്കുവാൻ
കരയോട് ചൊല്ലി
വിടവാങ്ങി മെല്ലെ