മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Rajendran Thriveni)

മൺമറഞ്ഞോർമ്മയായ്-
ത്തീർന്നൊരെൻ
മണ്ണിന്റെ മക്കളെ,
നിങ്ങൾ
വിലയിച്ച മണ്ണിതിൽ
സ്മൃതിപുഷ്പമിട്ടെന്റെ
ഭവ്യപ്രണാമം! 

കതിരനും, പഞ്ചനും
വള്ളോൻ, തമർത്തനും
തൗതാരി, ചോഴൻ
നീലൻ, കറുമ്പനും
വെള്ളാനി, മണിയനും;

മണ്ണിനെ പൊന്നാക്കി,
തൊടികളെ വനമാക്കി,
കയ്യാല കെട്ടിയീ ഭൂമിയെ
ജലകുംഭമാക്കിയോർ!

നിഷ്ക്കാമകർമ്മ-
നൈര്യന്തര്യത്തിനെ,
വ്യക്തമാക്കി മാറ്റിയ
ഗ്രാമീണ ശില്പികൾ! 

എന്തിനുമേതിനും
എവിടെയുമെപ്പൊഴും
സേവന സന്നദ്ധരായിട്ടു
കൈകോർത്തു നിന്നവർ!

അണപൊട്ടി ഒഴുകും വിയർപ്പിനാൽ   
നാളെതൻ വിത്തിനെ
തേകി നനച്ചവർ! 

ഒന്നരക്കാശിന്റെ കൂലിയല്ല,
ഒരുവയർ ചോറിന്റെ നന്ദിയല്ല,
നാളേക്കു വേണ്ടിയാ 
നല്ല മരത്തിന്റെ
വിത്തിട്ടു മൂടിയ ഭാവനകൾ! 

അവർതൻ തഴമ്പിന്റെ
രചനയല്ലേ
കവിതയായ്, മണ്ണിൽ-
പ്പടർന്നു നിൽപ്പൂ! 

മലദേവതകളെ
കാട്ടുദൈവങ്ങളെ,
തുടികൊട്ടി, പാടി-
യൂട്ടിയുറക്കിയും; 

ആത്മീയ സത്യപ്പുളകാങ്കുരങ്ങളെ
യാഥാർത്ഥ്യമാക്കി വളർത്തിയോർ!
വേദവേദാന്തപ്പൊരുളിനെ
വളമിട്ടു മണ്ണിൽ വിളയിച്ചവർ!

മണ്ണിന്റെ ഗന്ധമായ്,
പ്രകൃതി സംഗീതമായ്,
നിത്യ വസന്തവർണങ്ങളായ്,
വാഴ്ത്തപ്പെടേണ്ടവർ! 

ഒരു സ്നേഹദീപം
കൊളുത്തി വെക്കട്ടെ ഞാൻ,
ഇരുകൈകൾകൂപ്പി
ഒരുപിടിപ്പൂക്കളെ,
നിങ്ങളലിഞ്ഞയീ മണ്ണിന്റെ
മാറിൽ വെക്കട്ടെ ഞാൻ!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ