ചിലർ അവനവനുവേണ്ടിമാത്രം ജീവിക്കുന്നു.
ചിലർ മറ്റുള്ളവർക്കായി എന്നു
ഭാവിച്ചുകൊണ്ട് അവനവനുവേണ്ടി
ജീവിക്കുന്നു.
ഇനി വേറൊരു കൂട്ടരുണ്ട്,
ഇതിൽരണ്ടും പെടാത്തവർ.
അവനവനുവേണ്ടി എന്നുഭാവിച്ചുകൊണ്ട്,
മറ്റുള്ളവർക്കായി ജീവിക്കുന്നവർ.
നമ്മൾ പലപ്പോഴും ഇവരെ
കണ്ടില്ലെന്നു നടിക്കും.
അതിലവർക്ക് അത്ഭുതമൊന്നും
തോന്നിയേക്കില്ല!
അവരുടെ സംസാരത്തിന്
ഒരു അധികാരഭാവമുണ്ടാവും.
അതുപക്ഷേ, തിരിച്ചറിവിന്റെ
മിന്നലേറ്റ് പൊള്ളിയതുകൊണ്ടാണ്.
അവർ നമ്മളെ ശ്രദ്ധിക്കുന്നതായി
തോന്നുകയില്ല.
എങ്കിലും കരുതലിന്റെ ഒരു മിന്നലാട്ടം
അവരുടെ കണ്ണുകളിൽ
സൂക്ഷിച്ചുനോക്കിയാൽ കാണാം.
അവർ തങ്ങളെപ്രതി സ്വയം പരിതപിച്ചേക്കാം.
അതുപക്ഷേ ചുറ്റുമുള്ള
നിശ്ശബ്ദരാക്കപ്പെട്ടവരുടെ സ്വരമാണെന്ന്
നമ്മൾക്ക് മനസ്സിലായെന്നുവരില്ല.
അവരുടെ പാതകൾ
പൊരുതിത്തെളിഞ്ഞവയാണ്.
അവർ സ്വയം കാടും പടലുമാകും,
സ്വയം വെട്ടിത്തെളിക്കുകയും ചെയ്യും.
അതിലൂടെ മറ്റുള്ളവർക്ക്
ചെറുതെങ്കിലും ഒരു നടപ്പാതയൊരുക്കും.
അങ്ങിനെയുള്ളവരോട് ചേർന്നുനടന്നാൽ
ജീവിതം
അത്ര മോശമല്ലാത്ത ഒരു കാര്യമാണെന്ന്
നമുക്ക് തോന്നിയേക്കും!