(ഷൈലാ ബാബു)
കേരളത്തിൻ തെക്കുഭാഗ-
ത്തടൂരിന്റെ മക്കൾ ഞങ്ങൾ
കാശ്മീരിന്റെ ഭംഗി കാണാൻ
എത്തി കൂട്ടമായ്...
ഓ.... തിത്തിത്താരാ തിത്തി-
ത്തൈ തിത്തെ തക തിത്തത്തോ....
പൂത്തുലഞ്ഞ വസന്തത്തിൻ
അങ്കണത്തിലെത്തി ഞങ്ങൾ
പുളകമണിഞ്ഞു നീളേ
നിർന്നിമേഷരായ്!
ഓ... തിത്തിത്താരാ....
തരുത്തണൽ മറവിലായ്
സായുധരാം പട്ടാളക്കാർ
പകലന്തി മുഴുവനും
കാവലാളായി!
ഓ... തിത്തിത്താരാ...
ആലോലശ്രീ വിടർത്തിടും
നിറപൊലി ദളങ്ങളായ്
തുലിപ്പു സുമങ്ങളേവം
ചിരിച്ചു നിന്നൂ...
ഓ... തിത്തിത്താരാ...
മഞ്ഞണിഞ്ഞ നിരകളായ്
പർവതങ്ങൾ കാൺകയായി
മഞ്ഞുരുകി ചാലുകളായ്
അരുവിയായി...
ഓ... തിത്തിത്താരാ...
വളഞ്ഞ വഴിയിലൂടെ
ഉയരത്തിലെത്തി ഞങ്ങൾ
മഞ്ഞു വാരി കളിച്ചതു-
മനുഭൂതിയായ്..
ഓ... തിത്തിത്താരാ...
ശുഭ്രവർണ സുമങ്ങളാൽ
പുത്തുലഞ്ഞ വാടികളിൽ
വസന്തോത്സവങ്ങളായി
ആപ്പിൾ മരങ്ങൾ!
ഓ...തിത്തിത്താരാ...
കണ്ണാടി പോൽ തിളങ്ങിടും
പുഴ നീരിൽ തുഴഞ്ഞങ്ങു
കടത്തുവള്ളത്തിലൂടെ
കറങ്ങി ഞങ്ങൾ...
ഓ... തിത്തിത്താരാ...
കിലുകിലെ ചിരിച്ചങ്ങു
കുണുങ്ങിയൊഴുകിടുന്ന
ഹിമവാന്റെ പുത്രിമാർ
തന്നലയൊലികൾ!
ഓ... തിത്തിത്താരാ...
കുതിരപ്പുറത്തുള്ള
സഞ്ചാരത്തിൽ മദിക്കവേ,
തനു തളർന്നവശരായ്
ചിലരെങ്കിലും...
ഓ... തിത്തിത്താരാ...
മനസ്സിൽ കുളിർമയേകും
വിസ്മയങ്ങളനവധി
കാശ്മീരിന്റെ മടിത്തട്ടിൽ
അണിയണിയായ്!
ഓ... തിത്തിത്താരാ തിത്തിത്തൈ...
തിത്തൈ തകതിത്തിത്തോ...