(Krishnakumar Mapranam)
ദ്രവിച്ച കഴുക്കോലിനിടയിലൂടെ
ആകാശം കാണാവുന്ന
ഓട്ടപ്പുരയിൽ
കാലവർഷം
പെയ്തുനിറയുമ്പോൾ
അതൊന്നു തോർന്നുകിട്ടാനുള്ള
അസഹനീയമായൊരു
കാത്തിരിപ്പാണ്
വല്ലപ്പോഴും തീപുകയുന്ന അടുപ്പിൽ
കലത്തിലെ അരി വെന്തുകിട്ടാനുള്ള
വിശന്നുപൊരിച്ചിലിൽ
കുടലുകരിയുന്നൊരു
കാത്തിരിപ്പാണ്
എന്നോ പടിയിറങ്ങിപോയ
പ്രാണൻ്റെ പ്രാണനായ
ഒരാളെ പ്രതീക്ഷിച്ച്
എപ്പോഴും
നെഞ്ചുപിടയ്ക്കുന്നൊരു
കാത്തിരിപ്പാണ്
ജീവിതത്തിനും മരണത്തിനുമിടയിലെ
നൂൽപ്പാലത്തിലെവിടെയോ
ബോധം മറഞ്ഞ്
അങ്ങോട്ടോയിങ്ങോട്ടോ
എന്നുള്ള പിടച്ചിലോടെ
കിടക്കുമ്പോൾ
ജീവിതത്തിലേയ്ക്ക് കയറാനുള്ള
കരളുപിളർക്കുന്നൊരു
കാത്തിരിപ്പാണ്
ഏകാന്തതയുടേയും
വിഷാദത്തിൻ്റേയും
മൗനത്തിൻ്റേയും
മരണത്തിൻ്റേയും
മണമുള്ള
ഒരിരുണ്ടമുറിയിൽ നിന്ന്
എന്നെങ്കിലും
വെളിച്ചത്തിലേയ്ക്ക്
കടന്നുവരാനാവുമോയെന്നുള്ള
തീർച്ചയില്ലായ്മയെന്നും
വേദനനിറഞ്ഞൊരു
കാത്തിരിപ്പാണ്
എപ്പോഴും
കനലുപൂക്കുന്ന
ഉള്ളുപിടയ്ക്കുന്ന
നോവുപടർത്തുന്ന
ജീവിതവസാനം വരെ
വ്യർത്ഥമാകുന്നു
ഓരോ കാത്തിരിപ്പും