ഇണങ്ങാതെ അക്ഷരശലഭങ്ങൾ
മിഴിരേഖയിൽ ചിറകടിച്ച രാവിൽ,
ഒരു നുള്ളുറക്കം വരം ചോദിക്കേ
ഹൃദയമിടിപ്പിന്റെ സംഗീതതാളമായീ
നിദ്രതൻ സ്പർശനരഹസ്യമോതിയ
വിരൽതുമ്പിലമ്മതൻവാത്സല്യമണം
പാതിരാവാനത്തിൻ നിശാവദനം
രജതരശ്മികളാൽ നിറം മെഴുകേ
പുസ്തകത്താളിനെയുണർത്തും
ആവി ഗമിക്കുന്ന കപ്പിൽ
വാത്സ്ല്യച്ചൂടിൻ നിശ്വാസഗന്ധം
ഉദരമുണരും ഉച്ചമണി നേരത്ത്
കൂട്ടുകാരൊത്തുകൂടി കഴിക്കുന്ന
ഇലച്ചോറിനും അമ്മതൻമണം
പരീക്ഷച്ചൂടേറ്റ് വാടിതളർന്ന
അർദ്ധനിമിലീന നയനങ്ങളിൻ
ചുംബന തീർത്ഥം തൂവിതന്ന
അധരത്തിൻ ആശ്വാസഗന്ധം
അക്ഷരപ്പൂമൊട്ടുകൾ
ഉത്തരത്താളിൽ പാതിവിരിഞ്ഞു
ശോകം പുതച്ചിരുന്ന നാളിൽ
ആശ്വാസപുഷ്പങ്ങൾ വീഴ്ത്തിയ
ശീതളകാറ്റിനു അമ്മമൊഴിമണം
ഗ്രീഷ്മം പൂത്ത വേനലവധിയിൽ
മാമരമേകിയ പൂക്കാച്ചില്ലയിൽ
ഊഞ്ഞാലാടിയുടഞ്ഞ ഉടലിനും
കരുത്തുപകർന്ന കരുതലിനു
~അമ്മതൻ സ്നേഹസുഗന്ധം
വർഷം മേനിയെ വാരിപ്പുണർന്നു
പനിച്ചൂടേറ്റ് കുളിർന്ന നാളിൽ
ഹൃദയച്ചൂടിനാൽ കുളിരകറ്റിയ
ആലിംഗനത്തിനു അമ്മമണം
അമ്മതൻ ഹൃദയ സുഗന്ധമല്ലോ
പാരിലെ സ്നേഹ പരിമണം.