തെയ്യോം തെയ്യോം തെയ്യോം
ചെഞ്ചോരചോപ്പുള്ളരയുടുപ്പും
പച്ചക്കുരുത്തോല വാർമുടിയും
മിന്നും മുനയുള്ള വാളുമേന്തി
തെയ്യം വരവായ് തെയ്യം
തോറ്റംതുടങ്ങി വരവിളിയും
ചെണ്ട തിമില ചിരിച്ചുണർന്നു
കാവിലുറഞ്ഞാടി തെയ്യം
തെയ്യോം തെയ്യോം തെയ്യോം
മേളത്തിലാടും തെയ്യത്തിൽ കാതിലിരുമ്പി
കീറോല ചീന്തിൽ
വിശപ്പുണ്ടുറങ്ങുമെന്നുണ്ണിതൻ കത്തിപുകയും വയറിന്റെ രോദനം
ഒരു നുള്ള് വറ്റിനാൽ പുഞ്ചരിയേകാൻ
ദൈവമുറയണം തെയ്യക്കോളായ്
നൊമ്പരശരങ്ങൾ നെഞ്ചിൽപേറി
ശയ്യ പൂകുന്ന അച്ഛനെയോർത്തതും
ചിലമ്പൊലിക്കാലുകളാൽ ആഞ്ഞു തുള്ളി തെയ്യം
വാനവും വായുവും കീറിയലറി
കാവിൽ നിറഞ്ഞാടി തെയ്യം
കത്തുന്ന പന്തവിളക്കിന്റെ ചൂടറിഞ്ഞില്ല
കനവോരം ചേർന്നവൾ ജീവിതകനലിൽ
മോഹസ്വപ്നങ്ങളെരിയിച്ചതോർത്തതും
നൊമ്പരനാളത്തിലുരുകി തെയ്യം
നെറ്റിത്തടത്തിൽ
ചോരപൂക്കളാൽ അർച്ചന ചെയ്തു
പെരുകുന്ന ചെണ്ടയിൽ ഉറയുന്ന
തെയ്യത്തിൽ ദിവ്യത കണ്ടവർ
ആത്മസായൂജ്യമടഞ്ഞു
സ്നേഹ പ്രതിരൂപമായി തെയ്യം
മഞ്ഞള്‍പ്പൊടിയിൽ ഈശ്വരഗന്ധം പകർന്നു.
സങ്കടപ്പെരുമഴ
മഞ്ഞക്കുറിയിലലിയിച്ചു തെയ്യം
മഞ്ഞക്കുറിയേകി ഉരിയാടിയ വാക്കിൽ
മുങ്ങിപ്പോയി തേങ്ങലുകൾ
അകലങ്ങളകറ്റി തെയ്യം
മാലോകരിൽ പെയ്തിറങ്ങി
വിശ്വാസ പൊൻ വെളിച്ചം തൂകി
മനയോലച്ചോപ്പും അരിച്ചാന്തു മറച്ച മാനുഷഭാവം
കദനക്കടലൊലി മുഴക്കി തെയ്യത്തിനു
ള്ളത്തിൽ
ചെണ്ടയും തിമിലയും മൗനമായി
ചെത്തിപ്പൂവും നാണയത്തുട്ടും
തെയ്യത്തിൽ കൈകളിൽ പൊട്ടിച്ചിരിച്ചു