ഞങ്ങൾ മാനഭംഗത്തിനിരയായ ഭൂകന്യകമാർ,
സഹ്യന്റെ മലയോരങ്ങൾ!
ഞങ്ങൾ കരയുകയാണ് ...
അതിജീവിതമാരുടെ തേങ്ങലുകൾ
ഞങ്ങളുടെ കണ്ഠത്തിൽനിന്നും
ഉയരുകയാണ്.
മാനഭംഗം ചെയ്യപ്പെട്ട മലയോരങ്ങളുടെ നിലവിളികൾ.
മലകന്യകമാരുടെ ഉടുതുണിയിലേക്ക്
ലോഹ നഖമുനകളാഴ്ത്തി
മൺമാന്തികൾ, വസ്ത്രാക്ഷേപം നടത്തി!
മൃദുമേനികൾ തലങ്ങും വിലങ്ങും
കുത്തിക്കീറി ആർത്തട്ടഹസിച്ചു!
അവിവാഹിതകളായ ഭൂകന്യകമാർ
ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു!
യാന്ത്രിക പീഡനത്തിന് ഇരയായ
അതിജീവിതമാർ നിലവിളിക്കുകയാണ്!
ഇടനെഞ്ചുപൊട്ടിയ
ഉരുൾപൊട്ടലുകൾ
ഞങ്ങളേ, വിരുപകളാക്കി.
കറുത്ത മുറിപ്പാടുകളെ
കാലക്കണ്ണാടിയൽ നോക്കി
മനം പൊള്ളിയ
വരൾച്ചയുടെ മഹാദീനം
മലയോരങ്ങളെ കരിയിച്ചുണക്കി!
മണ്ണിന്റടിത്തട്ടുവരെ,
നീളൻ കുഴലുകളാഴ്ത്തി
അടിപ്പാറകളുടെ ഇട തിരഞ്ഞു.
ബാഹ്യാവരണമായ കരിമ്പാറകളേ
കുത്തിപ്പൊടിച്ച്
കളിവീടു കെട്ടിയ
മനുഷ്യക്കുഞ്ഞുങ്ങൾ
വികൃതിച്ചിരി ചിരിച്ചു!
ഞങ്ങൾക്കൊന്നുറങ്ങണം
ഈ പീഡന പരമ്പരകൾ അവസാനിക്കണം,
വ്രണപ്പാടുകൾ മായ്ച്ച്
തളിരിട്ടു പൂക്കാൻ,
കണ്ണീരുണക്കാൻ
ഞങ്ങൾക്കു സമയം തരൂ!