അനിർവചനീയമാം
നിനവിന്റെ വാടിയിൽ
മണ്ണിൽ രചിക്കുന്നു
നനവുള്ള നോവുകൾ!
ഒരേകതാളത്തി-
ലൊപ്പം ചലിക്കുന്ന,
കുശവക്കരങ്ങളിൽ
വിസ്മയങ്ങൾ!
അവർണ്യമാമതിലോല
ഭാവനാ മുകുളങ്ങ-
ളകതാരിലഞ്ജസാ
പൂത്തു വിരിയവേ...
ഇതളാർന്ന ദളങ്ങളായി
വിടർന്നു വിലസുന്ന,
മോഹന സൃഷ്ടിയായ്
കളിമണ്ണിൽ കവിതകൾ!
അനിവാര്യമാകുന്ന
താളപ്പിഴകളിൽ
മോഹക്കുമിളയാ-
യുടഞ്ഞു വീഴുന്നഹോ!
വീണ്ടും ചലിക്കുന്ന
ചക്രവ്യൂഹത്തിലെ,
വേലിയേറ്റങ്ങളായ്
നിറവാർന്ന ചിന്തുകൾ!
ഉൾക്കരുത്തേകിടും
വെളിച്ചത്തിന്നാഴിയിൽ,
ചാരുശിൽപ്പങ്ങളായ്
വേവിച്ചെടുത്തവർ!
കരളിന്റെ ചില്ലയിൽ
ചിറകടിച്ചീടുന്ന,
കനകക്കിനാക്കളായ്
മൺപാത്രക്കുന്നുകൾ!
ചോരുന്ന കൂരയി-
ലിന്നുയരുന്നു രോദനം;
അത്താഴക്കഞ്ഞിക്കു
വകയില്ലാതുറ്റവർ!