അവൻ എത്തുമ്പോഴേക്കും
നേരം പാതിരാ കഴിഞ്ഞിട്ടുണ്ടാവും.
തുരുത്തിലേക്കുള്ള
അവസാനത്തെ യാത്രക്കാരനെയുമെത്തിച്ച്
കടത്തുകാരൻ അന്ത്രുക്ക
തിരിച്ച് വന്ന് ഉറക്കം പിടിച്ചിട്ടുണ്ടാവും.
അനുവാദം ചോദിക്കാതെ വള്ളമെടുക്കാൻ
അന്ത്രുക്ക സ്വാതന്ത്ര്യം കൊടുത്തിട്ടുള്ള
ഒരേയൊരാൾ അവനായിരുന്നു.
രാത്രി എത്ര വൈകിയെത്തിയാലും
പിറ്റേന്ന് പുലരും മുൻപേ
കടവത്ത് അവൻ വള്ളമെത്തിച്ചിട്ടുണ്ടാവുമെന്ന് അയാൾക്കറിയാം.
തുരുത്തിൽ ഒടുവിലുറങ്ങുന്നതും
ആദ്യമുണരുന്നതും അവനായിരുന്നു.
കായൽക്കരയിലെ വീടുകളിലൊക്കെയും
വിളക്കണഞ്ഞാലും
ഓലമേഞ്ഞ ആ ഒറ്റമുറി വീട്ടിൽ
അവനെത്തുവോളം
ഒരു ചിമ്മിണി വിളക്ക്
തെളിഞ്ഞ് കത്തുന്നുണ്ടാവും.
അമ്മയാണ്
മാറാത്ത ദീനമാണ്.
അവർക്ക് മരുന്ന് വാങ്ങാനുള്ള തത്രപ്പാടിലാണ് അവൻ
രാപകലില്ലാതെ തുഴഞ്ഞ് പോയിരുന്നത്.
സങ്കടങ്ങളെയൊക്കെയും
തുഴപ്പാടുകൾക്ക് പിന്നിലാക്കി
ജീവിതത്തിന്റെ പുറം കായലിലേക്ക്
പിന്നെയും അവൻ തോണിയിറക്കി.
ഇടയിൽ രണ്ട് വട്ടം
തളർന്ന് ചോര ഛർദ്ദിച്ചത്
അവനാരോടും പറഞ്ഞില്ല.
പെരുമഴ പെയ്തിറങ്ങിയ
ഒരു വെളുപ്പാൻകാലത്ത്
നടുക്കായലിൽ ഒഴുകി നടന്ന കടത്ത് തോണി
അന്ത്രുക്കയാണ് ആദ്യം കണ്ടത്.
അന്ന് പുലർച്ചെ തന്നെയായിരുന്നു
ഒറ്റമുറി വീട്ടിലെ ആ ചിമ്മിണി വിളക്ക്
എന്നെന്നേക്കുമായ് കെട്ടുപോയതും...