ചുമരിൽ നിന്നൊരു കലപില കേട്ടു തിരിഞ്ഞു നോക്കവേ ......
ഘടികാര സൂചികളുടെ വാഗ്വാദം കേട്ടു ഞാൻ
കിളിമൊഴിയോടെ ചിലക്കും മിനിറ്റും സെക്കൻ്റും .....,
ഇളം ചിരിയാലതു കേട്ട് നിൽക്കും മണിക്കൂറും
"നീയവനിലേക്കൊരുവട്ടമടുക്കും നേരത്തിനുള്ളിൽ
അറുപതുതവണ അവനിലേക്കടുക്കുന്നവൾ ഞാൻ
ഒരു മാത്രയാണെങ്കിലും
ഒരുപാടു തവണയവനിലേക്കണയുന്നവൾ ഞാൻ
മെലിഞ്ഞവളെന്നെയാണവനേറെയിഷ്ടമെന്നും"
കുറുമ്പോടോതിയവൾ സെക്കൻ്റ് .
"വിരഹത്തിലൊളിഞ്ഞിരിക്കും പ്രണയമെത്രയോ മഹത്തരം
നിൻ്റെയറുപതിനു സമമെന്നൊന്നെന്ന സത്യം
വിസ്മരിച്ചീടരുതൊരിക്കലും നീ
ഒരു മാത്രയവനോടടുത്തിടുമ്പോൾ
എൻ ഹൃദയമവനായ് സമർപ്പിച്ചവൾ ഞാൻ സ്ഥൂല ഗാത്രിയാമെങ്കിലും
അവന്റെ പ്രണയമെനിക്കു മാത്രമെന്നോർക്ക നീയെന്ന്"
വാശിയോടെതിർത്തവൾ മിനിറ്റ്.
തർക്കങ്ങൾക്കിടയിൽ ഞാനൊന്നെത്തി നോക്കി
മൗനമൊരു മറയാക്കിച്ചിരിക്കും മണിക്കൂറിനെ കണ്ടു ഞാൻ
മൗനം വെടിഞ്ഞു കണ്ണിറുക്കിയവൻ പുഞ്ചിരിയാലെന്നോട് ചൊല്ലിയെൻ കൂട്ടരെ
"ഒറ്റ ബിന്ദുവിനാൽ ബന്ധിപ്പിക്കപ്പെട്ടവർ ഞങ്ങൾ
ഒറ്റ ഘടികാരസഞ്ചാരികൾ
എൻ ജീവനും ജീവിതവുമാണിവർ
ഒരുമയിലല്ലാതെ നിലനിൽപില്ലാത്തവർ
എൻ ജീവിതത്തിന്നവകാശികളിവർ
മുന്നേ നടക്കും വഴി കാട്ടികൾ"
അടുക്കള മറന്നവരുടെ പ്രണയം കണ്ടു രസിച്ചിരുന്നോരെന്നെ
കരിഞ്ഞ മണം മെല്ലെ മാടി വിളിച്ചു.
നെയ്മീൻ കൂട്ടാൻ വരുന്നോരു കണവന്
കരിമീൻ കൂട്ടുവാനിന്നു യോഗം
കണ്ണില്ല, മൂക്കില്ല, പ്രണയത്തിനയ്യയ്യാ കലിപൂണ്ട കണവനും കണ്ണില്ലല്ലോ...