പ്രതികാരത്തിന്റെ വാൾമുന കൊണ്ട്
മുറിവേറ്റ പക്ഷിയുടെ ചിറകിലാണ്
ഞാൻ അഭയം തിരഞ്ഞത്.
വ്രണിതമായ സംവത്സരങ്ങൾക്കപ്പുറം
തീക്ഷണമായ ത്യാഗത്തിന്റെ കനലുകളെരിച്ച്
കാലം മുറിവുണക്കിയേക്കാം.
തിരയൊടുങ്ങാത്ത കടലിന്റെ
നിശബ്ദമായ ഗദ്ഗദങ്ങളിൽ
ഞാനെന്റെ മൗനം തിരഞ്ഞിരുന്നു.
ഇടിമുഴക്കങ്ങളുടെ
ദുരിതപർവ്വങ്ങൾക്കു ശേഷം
തിരയൊഴിഞ്ഞു ശാന്തമായ കരയിൽ
ഒരു നാളെന്റെ മൗനം അടിഞ്ഞേക്കാം.
ഉന്മാദത്തിന്റെ രാവുകളിലെന്നോ
ആത്മാവിന്റെ ശിഖരങ്ങളിൽ
ഞാനെന്റെ സ്വത്വം തിരഞ്ഞിരുന്നു.
ജനിമൃതികളുടെ പകലിരവുകൾക്കൊടുവിൽ
അനാദിയായ മഴ പെയ്യുന്ന സന്ധ്യയിൽ
ആത്മാവിന്റെ
ഈറനണിഞ്ഞ ചില്ലകളിലൊന്നിൽ
ഞാനെന്നെ കണ്ടെത്തിയേക്കാം!