ഋതുഭേദ ചാരുതകളെ-
ന്നിൽ നിറയ്ക്കുന്നു,
വിവിധങ്ങളായുള്ള-
നേക ഭാവങ്ങളെ.
മാറുന്ന ഋതുപോലെ-
യെന്നിലും മാറുന്നു,
ഭാവങ്ങൾ കാലത്തി-
നൊത്ത പോലെപ്പോഴും.
വാസന്തപഞ്ചമീ
പൂജക്കൊരുങ്ങുമ്പോൾ,
വാസന്തിപ്പൂപോൽ
വിടരുമെൻ മാനസം.
പുഷ്പഗന്ധം പേറി-
യെത്തുന്ന മാരുതൻ,
പുഷ്പഗന്ധത്തെ
നിറയ്ക്കുന്നുവെന്നിലും.
ഗ്രീഷ്മക്കൊടും ചൂടിൽ
വാടിക്കരിയുന്ന-
പ്രകൃതി നിറയ്ക്കുന്നു
താപങ്ങളെന്നിലും.
പൊൻകണിക്കൊന്നകൾ
പൂക്കുന്ന ഗ്രീഷ്മത്തി-
ലെന്നിൽ നിറയുന്നു
കണ്ണന്റെ പൊൻകണി.
ഊഷരഭൂമിയെ
ഉർവ്വരമാക്കുവാൻ,
തണ്ണീർക്കുടവുമാ-
യെത്തുന്നു വർഷവും.
ആshaമേഘങ്ങ-
ളെന്നിൽ നിറയ്ക്കുന്നു,
ആകുലമായ
വിചാരങ്ങളെപ്പോഴും.
ശരത്ക്കാലമെത്തവേ,
കാർഷിക വിളകളാൽ,
സമ്പന്നമാകുമ്പോ-
ഴെത്തുന്നുവോണവും.
ശ്രാവണ ചന്ദ്രിക
പൂ ചൂടിയെത്തുമ്പോൾ,
ആനന്ദതുന്തില-
മാകുന്നു മാനസം.
ഹേമന്ത യാമിനി
കുളിരുമായെത്തുമ്പോൾ,
കുളിർചൂടി നിൽക്കും
പ്രകൃതിയെപ്പോലെ ഞാൻ.
പിന്നെക്കുളിരുമായ്
നഗ്നയാം ഭൂമിക്കു,
മഞ്ഞിൻ പുതപ്പു-
മായെത്തും ശിശിരവും.
ഇല കൊഴിഞ്ഞാർത്തരായ്
നിൽക്കും തരുക്കൾക്ക്
ഹിമഹാരമണിയിച്ചു
ശിശിരമെത്തീടവേ;
ശിശിരക്കുളിരല-
യെന്നെയും പൊതിയുന്നു,
മാറും ഋതുക്കളിൽ
നിറയുന്നുവെൻ മനം.