മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
സുന്ദരഭൂവിനും സ്വര്‍ലോകത്തിമിടയില്‍ 
അതിരുകളില്ലാ അനന്തമാംനീലാകാശം
 
ഒരുമോഹനസ്വപ്നത്തില്‍, 
സപ്താശ്വങ്ങളുമായി 
സൂര്യദേവ സ്വര്‍ണ്ണരഥം അതിവേഗമുരുളുന്നു
 
ശതകോടി ദീപപ്രഭയില്‍ 
അവര്‍ണ്ണനീയ തേജസ്സായ്
അരുണോദയ മന്ദഹാസം വിടരുന്നു
 
പ്രദക്ഷിണവഴിയിലൂടെ കാലാതീതമായി കറങ്ങും
നവരത്നങ്ങളാം നവ ഗ്രഹങ്ങള്‍
ആദിയുമന്തവുമില്ലാതെയീ അത്ഭുതപ്രപഞ്ചം
 
അതിനിഗൂഢമാം സംഖ്യാഗണങ്ങളില്‍
അപരിമേയമാം സൂഷ്മസമസ്യകള്‍
 
ക്ഷീരപഥങ്ങളില്‍ ചേതോഹരമായ്
ആകാശഗംഗയിലൊഴുകും
അപാരമാം താരാഗണങ്ങള്‍
 
അജ്ഞാതമാം ആകര്‍ഷണവികര്‍ഷണം
നിഗൂഢവിസ്ഫോടനങ്ങള്‍
തീരാനക്ഷത്രയുദ്ധങ്ങള്‍
 
യുഗയുഗാന്തരങ്ങളായ് 
സ്യഷ്ടി സ്ഥിതി സംഹാരങ്ങളായ്
അവിരാമമായ് തുടരും സര്‍വ്വമീ
മായാമയക്കാഴ്ചകള്‍
 
രഥചക്രത്തിന്നഴികളായ് മാസങ്ങള്‍
അയനങ്ങള്‍,ഋതുഭേദങ്ങള്‍
കാലം കടിഞ്ഞാണില്ലാക്കുതിരയായ്
അതിദ്രുതം കുതിക്കുന്നു.
 
ത്യണതുല്യമീമാനവജന്‍മം
കഥയില്ലാതെയഹംഭാവത്തില്‍ 
ജനിമ്യതിപഥങ്ങളില്‍ വെറുമൊരു
ഈയാംപാറ്റയായ് എരിഞ്ഞ്
ചിതയില്‍ പൊലിഞ്ഞടങ്ങുന്നു.
 
ഒടുവില്‍ മഹാപ്രളയത്തിന്‍ നടുവില്‍
ആലിലയില്‍ പരംപൊരുള്‍
അഭൗമതേജസ്സായ് തൂമന്ദഹാസമായി
 
വീണ്ടുമൊരു ജൈവചക്രത്തിന്‍
നാന്ദിയായ് അവതരിക്കുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ