ദേശീയ നേതാവ് സംസ്ഥാനത്തിൽ എത്തിയപ്പോൾ തിരക്കുപിടിച്ച പരിപാടികളായിരുന്നു.പുതിയ പാർട്ടിയോഫീസിൻ്റെ കല്ലിടൽ കർമ്മം, യുവജന റാലി എന്നിവയായിരുന്നു അവയിൽ പ്രധാനം.
അടുത്തദിവസത്തെ പത്രങ്ങളിൽ ഈ പരിപാടികളുടെ വിവിധ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.എല്ലാം സാധാരണ ചിത്രങ്ങൾ. പക്ഷേ സോഷ്യൽ മീഡിയയിൽ വന്ന ചില ചിത്രങ്ങളിൽ ‘പൂഴി എറിഞ്ഞാൽ നിലത്തു
വീഴാത്തത്ര ‘ജനത്തിരക്ക്. അതുകണ്ടപ്പോഴാണ് നേതാവിന് തൃപ്തിയായത്.
പക്ഷേ അതിനു പുറകെ എതിർകക്ഷിക്കാരുടെ വിമർശനവും എത്തി.
“അവ ഇദ്ദേഹത്തിൻറെ പരിപാടികളുടെ ചിത്രമല്ല, അത് മുമ്പ് ഒരു ഹിന്ദി സിനിമാനടി ഇവിടെ എത്തിയപ്പോൾ തടിച്ചുകൂടിയ ജനമാണ്, ആ ഫോട്ടോ എടുത്ത് ഈ പ്രോഗ്രാമിൽ പേസ്റ്റ് ചെയ്ത് ജനത്തെ കബളിപ്പിക്കുകയാണ്.”
അതറിഞ്ഞയുടൻ ദേശീയനേതാവ് സംസ്ഥാന നേതാവിനെ വിളിച്ചു:
“ആരാ സോഷ്യൽ മീഡിയയിൽ ഇത്തരം ഫ്രാഡ് വേലകൾ കാണിക്കുന്നത്? എനിക്കല്ലേ അതിൻ്റെ പേരുദോഷം. നിങ്ങളിതൊന്നും കാണുന്നില്ലേ?
വ്യാജ നിർമ്മിതി നമ്മുടെ നയം അല്ല. പറയുന്നതും ചെയ്യുന്നതും
വസ്തുതകൾക്ക് നിരക്കുന്നതാകണം. നമ്മുടെ പരിപാടികൾക്ക് ആളുകളെ
കൃത്രിമമായി പെരുപ്പിച്ചു കാട്ടുകയല്ല വേണ്ടത്. അണികളെ ഉദ്ബോധിപ്പിക്കുക. ജനാവലിയെ
ആകർഷിക്കാനുള്ള ജനകീയപദ്ധതികൾ ആവിഷ്കരിക്കുക. അങ്ങനെയെങ്കിൽ ജനാവലി താനെ വന്നുകൊള്ളും. ഇനി ഇത്തരം വീഴ്ചകൾ ഉണ്ടാകരുത്."
ദേശീയ നേതാവിൻറെ വാക്കുകൾ സംസ്ഥാനനേതാവ് ശിരസാവഹിച്ചു. മൂന്നുമാസം കഴിഞ്ഞ് നടക്കുന്ന ‘ശക്തിപ്രകടനമാ’ണ് ദേശീയനേതാവ് പങ്കെടുക്കുന്ന സംസ്ഥാനത്തിലെ അടുത്ത പരിപാടി.ആ ചടങ്ങിലേക്ക് ഹിന്ദി സിനിമാ താരം ‘ശക്തി ലിയോണി’യെ നേരത്തെ തന്നെ ബുക്ക് ചെയ്തു. ഹൊ -പ്രധാന കാര്യം കഴിഞ്ഞു.ഇനി സമാധാനമായിരിക്കാം…