സമന്വയ സാഹിത്യവേദിയുടെ പുസ്തക ചർച്ചയാണ്. ഇന്ന് ചർച്ച ചെയ്യുന്ന പുസ്തകം നളിനാക്ഷൻ നല്ലരിവിള രചിച്ച "കരീഷ കീലാലം" എന്ന കവിതാ സമാഹാരമാണ്. പുസ്തകം അവതരിപ്പിക്കുന്നത് പ്രശസ്ത നിരൂപകനായ ഡോ. സുഗുണൻ സ്വർഗ്ഗവാതിൽ.
ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നത് പ്രശസ്ത എഴുത്തുകാരി ശ്രീമതി പ്രീത പ്രേമി. അധ്യാപകനായ ശ്രീ എഡിസൻ ഇടത്താവളം എന്നിവരാണ്. സദസ്യർക്കും ഈ ചർച്ചയിൽ പങ്കെടുക്കാം. അനാരോഗ്യം നിമിത്തം ഗ്രന്ഥകർത്താവ് ശ്രീ നളിനാക്ഷന് പ്രതിസ്പന്ദത്തിനായി എത്തിച്ചേരാൻ കഴിയാത്തതിനാൽ പകരം അദ്ദേഹത്തിൻറെ സഹധർമ്മിണി ശ്രീമതി ആനന്ദവല്ലി ഇവിടെ എത്തിയിട്ടുണ്ട് അദ്ധ്യക്ഷൻ, പുസ്തകവതരണത്തിനായി ഡോ. സുഗുണൻ സ്വർഗ്ഗവാതിലിനെ ക്ഷണിച്ചു.
ശ്രീ സുഗുണൻ്റെ അവതരണത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ ചുരുക്കാം.
“ശ്രീ നല്ലരിവിളയുടെ ആദ്യ കവിത സമാഹാരമായ " കരീഷ കീലാലം “ ഞാൻ വളരെ കൗതുകത്തോടെയും ആകാംക്ഷയോടെയുമാണ് വായിച്ചത്. വായനക്കാർക്ക് അത്ര പരിചിതമല്ലാത്ത പേരാണ് ശ്രീ നല്ലരിവിള പുസ്തകത്തിന് നൽകിയിരിക്കുന്നത്.എൻ്റെ ഇത്രയും കാലത്തെ സാഹിത്യ ജീവിതത്തിനിടയിൽ ഇങ്ങനെ ഒരു പേര് ഞാൻ ഒരു സാഹിത്യകൃതിയിലും കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ആ പേരിനെക്കുറിച്ച് അന്വേഷിക്കുകയാണ് ഞാൻ ആദ്യം ചെയ്തത്. അപ്പോൾ എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത് കരീഷം എന്നാൽ ചാണകം ആണെന്നും കീലാലം എന്നാൽ മൃഗം ആണെന്നുമാണ്. അതായത് ചാണകം നൽകുന്ന മൃഗം അഥവാ പശുവിനെ ആണ് കവി ഈ നാമത്തിലൂടെ ഉദ്ദേശിക്കുന്നത്.
ഈ പുസ്തക നാമം കടന്നുവരുന്ന കവിതകൾ ഈ പുസ്തകത്തിൽ ഉണ്ടോ എന്നു നോക്കിയപ്പോൾ നേരിട്ട് അങ്ങനെ ഒരു കവിതയും കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷേ ആശയപരമായി ഈ നാമവുമായി യോജിക്കുന്ന കവിതകൾ ഈ പുസ്തകത്തിൽ ഉണ്ടുതാനും. കുഞ്ഞിനെ താലോലം പാടി താലോലിക്കുന്ന മാതാവിനെ ഒരു കവിതയിൽ കാണാം. അപ്പോഴാണ് പുസ്തകനാമം വിവക്ഷിക്കുന്നത് മാതാവിനെ ആണല്ലോ എന്ന് നാം ഓർക്കുന്നത്. കൂടാതെ താലോലം പാടുന്ന അമ്മമാർ ഇന്ന് കുറഞ്ഞുവരികയും പകരം കീലാലം പാടിക്കൊണ്ട് മക്കളെ ഡേ കെയറിലേക്ക് തള്ളിവിടുന്ന അമ്മമാർ കൂടിവരികയും ചെയ്യുന്നു എന്നതും മറ്റൊരു കവിതയിൽ കവി പ്രമേയമാക്കുന്നുണ്ട്.
പുതുമയുള്ള ഈ സമാഹാരം ഇനിയുമിനിയും വായിക്കപ്പെടും എന്ന കാര്യം ഉറപ്പിച്ചു പറയുവാൻ എനിക്കു കഴിയും..”
ചർച്ചയിൽ പങ്കെടുത്ത് ആദ്യമായി സംസാരിച്ചത് ശ്രീമതി പ്രീത പ്രേമിയായിരുന്നു.
“ കരീഷത്തിന് ഞാൻ ഉണങ്ങിയ ചാണകം അഥവാ ചാണക പറളി എന്ന അർത്ഥമാണ് കൽപ്പിക്കുന്നത്. അത് അഗ്നിയുമായി ചേരുമ്പോൾ ഭസ്മം ആയി മാറുന്നു. അതിനെ ജലത്തിൽ കുഴച്ചെടുക്കുന്നതാണ് കരീഷ കീലാലം.ഈ സമാഹാരത്തിലെ കവിതകളിൽ ഏറിയപങ്കും ഈ സമൂഹത്തിലെ അവഗണന അനുഭവിക്കുന്നവരെ കുറിച്ചാണ്.അത്തരക്കാരെ ഗ്രന്ഥകർത്താവ് താൻ ചാലിച്ചെടുത്ത സമത്വത്തിൻ്റെ ഭസ്മക്കുറി അണയിക്കുകയാണ് ചെയ്യുന്നത്.അങ്ങനെ അത് സാമൂഹ്യനീതിയുടെ അടയാളം കൂടി ആവുകയാണ്.”
അതിനു ശേഷം ശ്രീമാൻ എഡിസൺ ഇടത്താവളം സംസാരിച്ചു.
“എനിക്കു മുമ്പ് സംസാരിച്ചവരിൽ നിന്ന് വ്യത്യസ്തമായി കരീഷത്തിന് ഞാൻ കുപ്പ എന്ന അർത്ഥമാണ് നൽകാൻ ആഗ്രഹിക്കുന്നത്. അതുപോലെ കീലാലം എന്നാൽ കാടി എന്നാണ് ഒരു അർത്ഥം. കുപ്പയും കാടിയും ഒക്കെ മനുഷ്യരല്ലാത്തവരെ സൂചിപ്പിക്കുന്ന വാക്കുകളാണ്. മൃഗതുല്യരായി കഴിയുന്ന മനുഷ്യർ ഇന്നുമുണ്ട് എന്ന് കവി രണ്ടുമൂന്നു രചനകളിൽ സൂചിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കരീഷ കീലാലത്തെ വിപ്ലവത്തിൻറെ നിദർശനമായാണ് ഞാൻ കാണുന്നത്.''
സദസ്സിൽ നിന്ന് ഒരാൾ ആണ് പിന്നീട് സംസാരിച്ചത്.
“കീലാലം" എന്നാൽ കീലും ആലവും ചേരുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കീല് എന്നാൽ റോഡുകൾ, വീഥികൾ വൃത്തിയാക്കുന്നത് എന്നു പറയാം. ആലം എന്നത് ജലം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന ഒരു പദാർത്ഥവും.. അങ്ങനെ നോക്കുമ്പോൾ വീഥികൾ വൃത്തിയും ശുദ്ധിയും ഉള്ളതാക്കി മാറ്റുക എന്നൊരു ഉദ്ബോധനം ആണ് ഗ്രന്ഥകർത്താവ് നൽകുന്നത്. അതിലൂടെ ഒരു സാമൂഹ്യ മാറ്റം ആണ് ലക്ഷ്യമിടുന്നത് എന്നും കാണാം.”
അവതരണവും ചർച്ചയും കഴിഞ്ഞിരിക്കുന്നു ഇനി പ്രതിസ്പന്ദം ആണ്. അതിനായി ഗ്രന്ഥ കർത്താവിന് എത്താൻ കഴിയാത്ത സാഹചര്യത്തിൽ അദ്ദേഹത്തിൻറെ സഹധർമ്മിണി ശ്രീമതി ആനന്ദവല്ലിയെ അദ്ധ്യക്ഷൻ ആദരപൂർവ്വം ക്ഷണിച്ചു.
പ്രസംഗത്തിൻ്റെ ഔപചാരികതയൊന്നും വശമില്ലാത്ത ആനന്ദവല്ലി മൈക്കിനു മുമ്പിൽ വന്ന് താൻ സാധാരണ സംസാരിക്കുന്നതുപോലെ കാര്യങ്ങൾ പറഞ്ഞു തുടങ്ങി.
“ഞാനിങ്ങനെ സ്റ്റേജിൽ നിന്ന് സംസാരിക്കുന്നത് ആദ്യമായാണ്. ഇവിടെ പറഞ്ഞ പ്രതിസ്പന്ദം എന്താണെന്നും എനിക്കറിഞ്ഞൂടാ. പ്രതിയെ മാത്രമാണ് എനിക്ക് അറിയാവുന്നത്. അതിയാന് സുഖമില്ലാത്തതിനാൽ എന്നോട് അവിടെ പോയി പൊസ്തോത്തെപ്പറ്റി മറ്റുള്ളവർ പറയുന്നതെല്ലാം മൊബൈലിൽ പിടിച്ചോണ്ടു ചെല്ലാൻ പറഞ്ഞതുകൊണ്ടാണ് ഞാൻ ഇവിടെ വന്നത്. അപ്പോഴാണ് അദ്ധ്യക്ഷ സാർ എന്നോട് എന്തെങ്കിലും സംസാരിക്കണം എന്ന് പറഞ്ഞത്.
പിന്നെ ഇവിടെ വന്നതുകൊണ്ട് അതിയാൻ എഴുതിയ ആ പൊസ്തോത്തെ കുറിച്ചും ആ പേരിനെ കുറിച്ചും കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. പൊസ്തോത്തിൻറെ പേര് എന്താണെന്ന് ചോദിച്ചാൽ എനിക്കിപ്പോഴും ഓർമ്മയിൽ വരൂല എന്നതാണ് സത്യം. അതുകൊണ്ട് ആരെങ്കിലും ഏതു പൊസ്തോം എന്നു ചോദിച്ചാൽ ഏതാണ്ടൊരു കിണ്ടാണ്ടം എന്നാണ് ഞാൻ പറയുന്നത്.
ആ പേരിന് വലിയ വലിയ അർഥങ്ങൾ ഉണ്ടെന്ന് ഇവിടെ പ്രസംഗിച്ചവർ പറഞ്ഞപ്പോഴാണ് എനിക്കു മനസ്സിലായത്. പക്ഷേ അതിയാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചല്ല അങ്ങനെ ഒരു പേരിട്ടത്. വയനാട്ടെ ഒടിയൻ സിദ്ധനെ നിങ്ങൾക്കറിയാമല്ലോ. അതിയാൻ ആ സിദ്ധൻ്റെ വലിയൊരു ഭക്തനാണ്. ഏതുകാര്യവും സിദ്ധനോട് ചോദിച്ചിട്ടേ ചെയ്യൂ. ഒരു ദിവസം എന്നെയും വിളിച്ചോണ്ട് സിദ്ധനെ കാണാൻ പോയി. ഇപ്പോൾ സിദ്ധന് കേൾവി ഒട്ടുമില്ലാത്തതിനാൽ കാണാൻ വരുന്നവർ ആവശ്യം എഴുതി കൊടുക്കുകയാണ് ചെയ്യുന്നത്. അതിയാനും ഒരു കുറിപ്പ് എഴുതിക്കൊടുത്തു. ഏതാണ്ട് സാഹിത്യം ഒക്കെ ചേർത്താണ് എഴുതിയത്. ഞാൻ ആദ്യമായി നട്ട കാവ്യ വല്ലരിയെ ജനങ്ങളെ കാണിക്കാൻ പോവുകയാണ്. അത് തഴച്ചുവളരാനും പൂക്കളും കായ്കളും നിറയാനും പറ്റിയ ഒരു പേര് എഴുതിത്തരണം എന്നാണ് സിദ്ധനെ അറിയിച്ചത്. സിദ്ധൻ അതിനുതാഴെ ഈ പേരാണ് എഴുതിക്കൊടുത്തത്.അതു കണ്ട് ഞാൻ പറഞ്ഞു, അതിൻറെ അർത്ഥം കൂടി ചോദിച്ചു മനസ്സിലാക്കാൻ. അങ്ങനെ വീണ്ടും എഴുതി ചോദിച്ചപ്പോൾ സിദ്ധൻ അർത്ഥവും എഴുതിക്കൊടുത്തു. ഇതിൻറെ അർത്ഥം ചാണാവെള്ളം എന്നാണ്. വളരാനും പൂക്കാനും കായ്ക്കാനും ഉത്തമമായി മറ്റൊന്നില്ല എന്നും കൂടി എഴുതിയിരുന്നു. സിദ്ധൻ പറയുന്നത് അപ്പടി അനുസരിക്കുന്ന ആള് ആ പേര് തന്നെ ഇട്ടു.
പാവം ഇന്ന് ഇവിടെ വരണമെന്നും പൊസ്തോത്തെപ്പറ്റി നിങ്ങളെ പോലുള്ള വലിയ വലിയ ആളുകൾ പറയുന്നത് കേൾക്കണമെന്നും അതിയാന് വലിയ ആഗ്രഹമായിരുന്നു. ഇന്നു രാവിലെ ചായ ചോദിച്ചപ്പോൾ കഷ്ടകാലത്തിന് ഞാൻ പറഞ്ഞു: എനിക്ക് പശൂനെ കറക്കാൻ നേരം കിട്ടിയില്ല. പശൂനെ ആ തെങ്ങിൽ കെട്ടിയിട്ടുണ്ട് ,പോയി പാലു കറന്നു കൊണ്ടുവന്നാൽ ഞാൻ ചായ ഇട്ടു തരാമെന്ന്.അതും കേട്ട് കൊണ്ട് പാലു കറക്കാൻ പോയതാണ്. പശുവിന് എന്തോ ഏനക്കേടു തോന്നി ഒറ്റ തൊഴിയായിരുന്നു. പാവം അടുത്തുണ്ടായിരുന്ന ചാണകക്കുഴിയിലേക്ക് മറിഞ്ഞുവീണു. വിളി കേട്ട് ഞാൻ പോയി വളരെ പാടുപെട്ടാണ് പിടിച്ചു കരകയറ്റിയത്. ദാസൻവൈദ്യര് വന്നു നോക്കിയിട്ട് പറഞ്ഞത് ചവിട്ടു കൊണ്ടത് മർമ്മ സ്ഥാനത്താണ്, ഒരാഴ്ച വളരെ സൂക്ഷിക്കണം എന്നാണ്.
എന്തായാലും പൊസ്തോത്തിന് ആ കിണ്ടാണ്ടം പേരിട്ടാൽ വളർച്ചയുണ്ടാവുമെന്ന് സിദ്ധൻ പറഞ്ഞതുപോലെ തന്നെ നിങ്ങളും ഒക്കെ പറഞ്ഞത് കേട്ടപ്പോ വലിയ സന്തോഷം തോന്നി. പിന്നെ അതിയാൻറെ കാര്യം. അതെന്താകുമെന്ന് കണ്ടു തന്നെ അറിയണം. പശുവിൻറെ ആശീർവാദവും ചാണാ വെള്ളവും ആവശ്യത്തിൽ കൂടുതൽ കിട്ടിയിട്ടുണ്ട്.ഇനി സിദ്ധൻ പറഞ്ഞതുപോലെ പൂക്കുമോ കായ്ക്കുമോ എന്നൊക്കെ അറിയണമെങ്കി ഒരാഴ്ച കഴിയണമെന്നാണ് വൈദ്യരു പറഞ്ഞത്. വരാൻ ഉള്ളതും വളരാൻ ഉള്ളതും വഴിയിൽ തങ്ങില്ലെന്ന് വിചാരിക്കാം. പിന്നെ,ഇവിടെ പറഞ്ഞ നല്ല വാക്കുകളൊക്കെ മൊബൈലിൽ പിടിക്കാൻ ആ മുമ്പിലിരിക്കുന്ന പയ്യനോട് പറഞ്ഞിട്ടുണ്ട്. ഞാനതു കൊണ്ടുപോയി അതിയാനെ കാണിക്കാം. അതു കാണുമ്പം കുറെയേറെ സമാധാനമാകും.”
സംസാരം നിർത്തി കസേരയിൽ വന്നിരുന്ന ആനന്ദവല്ലി യോട് സുഗുണൻ ചോദിച്ചു:
“പശു സാധാരണ ഉപദ്രവിക്കാറുണ്ടോ?”
“ഇല്ല. ഇതുവരെ ഞാൻ കറക്കുമ്പോൾ അങ്ങനെ ഉണ്ടായിട്ടില്ല.”
“പിന്നെ ഇപ്പോൾ മാത്രം എന്താ- ആളുമാറിയതുകൊണ്ടാണോ?”
“അതുമാത്രമല്ല,അതിയാൻ പാലു കറക്കുമ്പോഴും കവിത ഉറക്കെ ചൊല്ലും. അല്ലെങ്കി തൻറെ പേര് പൊസ്തോത്തിനിട്ട കാര്യം പശു അറിഞ്ഞുകാണും.”
അത് കേട്ട് ചിരിയോടെ സുഗുണൻ പറഞ്ഞു:
'’അദ്ദേഹത്തിന് ഞങ്ങളുടെ എല്ലാവരുടെയുംക്ഷേമാശംസകൾ അറിയിക്കുന്നു. വേഗത്തിൽ സുഖം പ്രാപിക്കട്ടെ.”
തുടർന്ന് കൃതജ്ഞത അറിയിച്ച കൺവീനർ പുസ്തകത്തെപ്പറ്റി ഇത്രയും കൂട്ടിച്ചേർത്തു:
“ഈ പുസ്തകം പ്രചാരത്തിലാവുകയും കരീഷ കീലാലം എന്ന വാക്ക് വായനക്കാരുടെ ചുണ്ടുകളിൽ തത്തിക്കളിക്കുകയും ചെയ്യാൻ പോവുകയാണ്. അതിനാൽ ഇനിയാരും ഏതാണ്ടൊരു കിണ്ടാണ്ടം എന്നു പറയേണ്ടി വരില്ല. പരിശുദ്ധമായ ഈ കീലാലം - വെള്ളം ഈ സമൂഹത്തെത്തന്നെ പവിത്രീകരിക്കും എന്ന കാര്യത്തിൽ സംശയമില്ല.”
അതുകേട്ടപ്പോഴാണ് വീട്ടിലെ രണ്ടു കിണ്ടാണ്ടങ്ങൾക്ക് വെള്ളം കൊടുത്തില്ലല്ലോ എന്ന് ആനന്ദവല്ലി ഓർത്തത്. പിന്നെ മൊബൈലിലെ വീഡിയോയുമായി അവർ തിരക്കിട്ട് വീട്ടിലേക്ക് തിരിച്ചു.