ഉച്ചഭക്ഷണത്തിനു ശേഷം പതിവുള്ള മയക്കത്തിനായി മുറിയിലേക്കു കയറിയതേയുള്ളൂ, അപ്പോഴേക്കും വന്നു ഭാര്യയുടെ പിന്‍വിളി ''ദേണ്ടെ ഇങ്ങോട്ടൊന്നിറങ്ങിയേ, സ്ഥാനാര്‍ത്ഥി കാണാന്‍ വന്നു
നില്‍ക്കുന്നു.'' ഷര്‍ട്ടെടുത്തിട്ടിട്ട് പൂമുഖത്തേക്കു ചെന്നു. മുറ്റത്തു നിന്ന് കൊണ്ട് വനിതാ സ്ഥാനാര്‍ത്ഥി വെളുക്കെ ചിരിച്ചു കൊണ്ടു അഭിവാദനം ചെയ്തു. സ്ഥാനാര്‍ത്ഥിയെ മുന്‍പരിചയമുണ്ട്. കഴിഞ്ഞ ഇലക്ഷനില്‍ പുരോഗമനപ്പാര്‍ട്ടിയുടെ തുറുപ്പു ചീട്ടായായിരുന്നു. തൊട്ടടുത്ത വാര്‍ഡില്‍ നിന്ന് മത്സരിച്ച് കഷ്ടിച്ച് പത്തുവോട്ടിനു വിജയിക്കയും പിന്നീട് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ കസേര വിലപേശി കയ്യടക്കുകയും ചെയ്ത വീരാംഗനയാണ് മുന്നില്‍ നിറചിരിയുമായി നില്‍ക്കുന്നത്. കൂടെ നാലഞ്ചു പാര്‍ട്ടിക്കാരുമുണ്ട്. ''ഇത്തവണ ഈ വാര്‍ഡില്‍ ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയാണ് ലീലാമണി. എല്ലാവരും സഹായിക്കണം.'' കഴുത്തില്‍ കാവി നിറമുള്ള ഷാള്‍ പുതച്ചു നിന്ന മദ്ധ്യവയസ്സു പിന്നിട്ട നേതാവ് പറഞ്ഞു. അപ്പോ സ്ഥാനാര്‍ത്ഥി പഴയ പാര്‍ട്ടി വിട്ടോ? തിക്കി വന്ന ആകാംക്ഷ അറിയാതെ വാക്കുകളായി പുറത്തേക്കു ചിതറി. നേതാവിന്റെ മുഖത്തേക്ക് കാര്‍മേഘങ്ങള്‍ ഇരച്ചു കയറുന്നതു കണ്ടപ്പോള്‍ അങ്ങിനെ ചോദിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി. എന്റെ ചോദ്യം ഇഷ്ടപ്പെട്ടില്ലെങ്കിലും അതു ഗൗനിക്കാതെ നേതാവു തുടര്‍ന്നു. ഒരു മാറ്റമൊെക്ക വേണ്ടേ സുഹൃത്തെ, എത്രനാളിങ്ങിനെ ഒറ്റയും എരട്ടയും പിടിച്ചു കളിച്ചുകൊണ്ടിരിക്കും. ഇത്തവണ മൂന്നാമന് ഒരു ചാന്‍സു കൊടുത്തു കൂടെ. നമ്മളാണ് വരുന്നതെങ്കില്‍ കേന്ദ്രഫണ്ടൊക്കെ താനേ ഇങ്ങു പോരും. നേതാവങ്ങനെ കത്തിക്കയറുമ്പോഴും സ്ഥാനാര്‍ത്ഥി വെളുങ്ങനെ ചിരിച്ചു കൊണ്ടു തന്നെ നിന്നു. അവരുടെ കണ്ണുകളില്‍ നിര്‍ജ്ജീവമായൊരു ജാള്യത തളം കെട്ടി നില്‍ക്കുന്നില്ലേ എന്നു തോന്നി. ഒരുപക്ഷേ തോന്നലാവാം. നാഴികയ്ക്ക് നാലുവട്ടം വച്ച് പാര്‍ട്ടി മാറുന്ന ഇവര്‍ക്കൊക്കെ ജാള്യതയൊന്നും ഉണ്ടാകേണ്ട കാര്യമില്ല. അഞ്ചു വര്‍ഷത്തെ അധികാരത്തിളപ്പില്‍ ജാള്ള്യതയെന്നല്ല ഒട്ടുമിക്ക മാനുഷിക വികാരങ്ങളും ഇവരുടെ മനസ്സില്‍ നിന്ന് ഉരുകിയൊലിച്ചു പോയിട്ടുണ്ടാവും. ''അപ്പൊ ഞങ്ങളിറങ്ങുവാ ഇത്തവണ വോട്ട് നമുക്കു തന്നെയാണല്ലോ അല്ലേ'' നേതാവ് വരണ്ട ശബ്ദത്തില്‍ വീണ്ടും വോട്ടഭ്യര്‍ത്ഥന നടത്തി. മുഖത്തു നോക്കി മറുത്തു പറയാന്‍ വയ്യാത്തതിനാല്‍ ''ങാ നോക്കട്ടെ'' എന്നൊഴുക്കന്‍ മട്ടില്‍ പറഞ്ഞിട്ട് പിന്തിരിഞ്ഞു.
ഉച്ചയുറക്കം കഴിഞ്ഞ് സിറ്റൗട്ടില്‍ വന്നിരിക്കുമ്പോഴേക്കും മറ്റൊരു സ്ഥാനാര്‍ത്ഥിപ്പട ഗേറ്റ് തുറന്ന് അകത്തേക്കു വന്നു. ഒരു ജാഥയ്ക്കുള്ള ആളുണ്ട്. പുരോഗമനപ്പാര്‍ട്ടിയുടെ ആളുകളാണെന്ന് കയ്യിലിരിക്കുന്ന നോട്ടീസില്‍ നിന്നും മനസ്സിലായി. മരണമനേ്വഷിച്ചു വന്നവരെപ്പോലെ മുറ്റത്തിന്റെ പല കോണുകളില്‍ നിശബ്ദരായി അവര്‍ നിലയുറപ്പിച്ചു. സ്ഥാനാര്‍ത്ഥിയായ മഹിള പട്ടുസാരിയുടെ കോന്തല മാറിലേക്കൊതുക്കിയിട്ടുകൊണ്ട് മുന്നോട്ടു കയറി നിന്നു. ഈ സ്ഥാനാര്‍ത്ഥിയും പരിചയക്കാരി തന്നെ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പുരോഗമനപ്പാര്‍ട്ടിക്കെതിരെ വീറുറ്റ പോരാട്ടം നടത്തി തുഛമായ വോട്ടുകള്‍ക്ക് തോറ്റുപോയ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്നു. ഇത്തവണ പുരോഗമനപ്പാര്‍ട്ടി തന്നെ ഇവെര ചാക്കിലാക്കി സ്ഥാനാര്‍ത്ഥിയാക്കി അവതരിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണത്തെ എതിരാളിയെത്തന്നെ ഇത്തവണ പോരാളിയാക്കിയോ? ഞാന്‍ ചോദ്യം പൂര്‍ത്തീകരിക്കും മുമ്പുതന്നെ നേതാവായ കണാരേട്ടന്‍ ഇടപെട്ടു കൊണ്ടു പറഞ്ഞു. ''സഖാവിന് ഇത്തവണ അവര്‍ സീറ്റു കൊടുത്തില്ല. അതോണ്ട് നമ്മടെ പാര്‍ട്ടിലോട്ട് ചേര്‍ന്നു. ഇവരുടെ കുടുംബത്തുതന്നെ നൂറോളം വോട്ടുള്ളതാ. കഴിഞ്ഞ പ്രാവശ്യമേ നമ്മടെ സ്ഥാനാര്‍ത്ഥിയാക്കേണ്ടിയിരുന്നതാ. ഇത്തവണ ആ തെറ്റങ്ങു തിരുത്തി. ഇപ്രാവശ്യം നമ്മള്‍ പുഷ്പം പോലെ ജയിക്കും. ഇത്തവണയും സഹായിച്ചേക്കണേ രണ്ടാളും. അപ്പൊ കഴിഞ്ഞ തവണ നിങ്ങടെ പാര്‍ട്ടിലു നിന്ന് ജയിച്ച നമ്മുടെ മെംബറോ? ഞാന്‍ സംശയം പ്രകടിപ്പിച്ചു. അവരിപ്പോള്‍ എതിര്‍ഭാഗത്താ. 13-ാം വാര്‍ഡിലെ അവരുടെ സ്ഥാനാര്‍ത്ഥിയാ ഇത്തവണ കരകാണത്തില്ല. ഒറപ്പാ. മുഷ്ടി ചുരുട്ടി വായുവിലേക്കെറിഞ്ഞു കൊണ്ട് കാണാരേട്ടനതു പറയുമ്പോള്‍ സ്ഥാനാര്‍ത്ഥിക്കൊച്ചമ്മ തലയാട്ടി അനുഭാവം പ്രകടിപ്പിച്ചു. ഈ നാട്ടിലെ ഏറ്റവും സാധുപ്രകൃതിയാണവരെന്നു തോന്നും, മുഖത്തെ ആ വിനയവും വണക്കവും കണ്ടാല്‍. മുഷ്ടികള്‍ ആകാശത്തേക്കെറിഞ്ഞ് അഭിവാദനങ്ങള്‍ അര്‍പ്പിച്ചിട്ട് പാര്‍ട്ടിക്കാര്‍ നിഷ്‌ക്രമിച്ചു.
''യാതൊരു രാഷ്ട്രീയാവബോധമോ നൈതികതയോ ഇല്ലാത്ത ഇത്തരം സ്ഥാനമോഹികള്‍ക്ക് ഇത്തവണ വോട്ടിട്ടു കൊടുക്കരുത്'', പാര്‍ട്ടിക്കാരെ യാത്രയാക്കിയിട്ട് വീട്ടിലേക്ക് കയറുമ്പോള്‍ ഞാന്‍ ഭാര്യയോടായിപ്പറഞ്ഞു. ''നിങ്ങള്‍ക്ക് പ്രാന്തുണ്ടോ മനുഷ്യാ........ അങ്ങിനെയാണെങ്കി നിങ്ങളാര്‍ക്ക് വോട്ടു കുത്തും.'' ഭാര്യയുടെ പരിഹാസത്തില്‍ പൊതിഞ്ഞ വാക്കുകള്‍ ഒരു തിരിച്ചറിവുപോലെ മസ്തിഷ്‌കത്തില്‍ വന്നു വീഴുമ്പോള്‍ ഞാന്‍ മനസ്സിലുറപ്പിച്ചത് അറിയാതെ ശബ്ദമായി വെളിയിലേക്കു വന്നു. ''ഇത്തവണ വോട്ട് നോട്ടയ്ക്ക്!'' ''അതു കറക്ട്' എന്നു പിന്താങ്ങിയിട്ട് ഭാര്യ അടുക്കളയിലേക്കു പോയി.