(കണ്ണന്‍ ഏലശ്ശേരി)
നല്ല കുടവയറും വീതി കൂടിയ തോളും കഷണ്ടിത്തലയും വെളുത്തു തടിച്ച ശരീരവും, എല്ലാം കൂടെ ഒരു സുമുഖനാണ് മദ്ദളആശാൻ. പഞ്ചവാദ്യം നടക്കുമ്പോൾ ആശാന്റെ മേൽ കണ്ണുടക്കാത്തവർ
ആരുമുണ്ടാവില്ല. ഒത്ത തടിയിൽ ഉറച്ചു തള്ളി നിൽക്കുന്ന ആ മദ്ദളവും മാംസളമായ ശരീരവും, കൈയും എല്ലാം കൂടെ കാണാൻ ഒരു ആന ചന്തമാണ്.
അങ്ങനെയിരിക്കെ ഒരു രാത്രി അമ്പലമതിലനകത്തെ പഞ്ചവാദ്യത്തിനിടയിലേക്ക് കുസൃതികാരനായ ഒരു ആന ഇടഞ്ഞു ഓടിക്കേറി. പുറത്തേക്കുള്ള വഴി അറിയാവുന്ന നാട്ടുകാർ ആദ്യം ആ വഴി ഓടി കര പറ്റി. വാദ്യക്കാരുടെ ഓട്ടം ശരിക്കും കുഞ്ചൻ നമ്പ്യാരുടെ ഘോഷയാത്രയെ അനുസ്മരിപ്പിക്കും വിധമാർന്നു (ഭാഗം - പടയുടെ ധൈര്യം). അവരിൽ പലരും പുറംനാട്ടുകാരായതു കൊണ്ട് തന്നെ അമ്പല മതിലിനു പുറത്തേക്കുള്ള വഴികൾ മുഴുവനും കൃത്യമായി അറിയില്ലായിരുന്നു. ജീവനും കൊണ്ട് പലവഴി ഓടുന്നതിനിടയിൽ പലരും ശ്രീകോവിലിനുള്ളിലും തടപ്പിള്ളിയിലും കയറി വാതിലടച്ചു. വേറെ ചിലരെ ആന തന്നെ തൂക്കിയെടുത്തു മതിലിനപ്പുറത്തേക്കു എറിഞ്ഞു.
ആശാന്റെ ആ തടിയും അരയിലെ മദ്ദളവും കൂടെ ഓടൽ വല്ല്യേ ബുദ്ധിമുട്ടായൊണ്ട് അമ്പലമതിലിനോട് പുറം ചേർന്ന് അങ്ങനെ നിന്നു. അവിടെ നിന്ന് കിതപ്പ് മാറ്റുന്ന നേരത്താണ് ജീവനും കൊണ്ട് പിന്നാലെ ഓടി വരുന്നവർ ആദ്യം ആശാന്റെ മദ്ദളത്തിലും പിന്നെ തലയിലും ചവിട്ടി അമ്പലമതിൽ ചാടി കടന്നത്. മൂന്നു നാലു പേര് ചാടി കടന്നപ്പോഴേക്കും ആശാന് ആനയുടെ കാലിനടിയിൽപ്പെടുന്നതാണ് ഇതിലും ഭേദംന്ന് തോന്നിയത്രേ. പിന്നീട് ഏത് അമ്പലത്തിൽ പോയാലും ആദ്യം തന്നെ ആശാൻ പുറത്തേക്കുള്ള വഴികൾ നോക്കി വെക്കാൻ തുടങ്ങി.