നിൻ്റെ മുഖമൊന്നു കാണുവാൻ ആൽത്തറയിലേക്ക് രാവിലെ കുളിച്ച് കുട്ടപ്പനായി വരാമെന്ന് വെച്ചാൽ നീ ഇപ്പോൾ അമ്പലത്തിൽ വരാറില്ല. നീയെന്നല്ല ആരും, കോളേജ് വിടുന്ന വൈകുന്നേരങ്ങളിൽ ബസ് സ്റ്റോപ്പിൽ
കാത്തിരിക്കാൻ കോളേജുകളുമില്ല.. കൂട്ടുകാർക്കൊപ്പം വിഷമം പറഞ്ഞു തീർക്കാമെന്നു വെച്ചാൽ കൂട്ടം കൂടരുതെന്നാണല്ലോ , നീ പോകാറുള്ള ട്യൂഷൻ സെൻ്ററിനു താഴെ പെട്ടിക്കടയിൽ നിന്നെക്കാത്ത് ഞാനിരിക്കാനുള്ള ബെഞ്ചു പോലും ഇപ്പോഴവിടെയില്ല.. ഒടുവിൽ നിന്നെക്കാണാനുള്ള വ്യഗ്രതയിൽ ഞാൻ വിഷാദ രോഗിയാകുമോ എന്നു പേടിച്ച് ആരോഗ്യവകുപ്പിലുള്ള അമ്മാവൻ ആണ് പറഞ്ഞത് കുഞ്ഞിരാമേട്ടൻ്റെ ആളൊഴിഞ്ഞ പഴയ തറവാട് വീട്ടിൽ ഗൾഫിൽ നിന്നും വന്ന നിൻ്റെ അച്ഛൻ ക്വാറൻ്റയിനിൽ നിൽക്കുന്നുണ്ടെന്നും അയാൾക്ക് ഭക്ഷണം മതിലിൻമേൽ വയ്ക്കാൻ നിൻ്റെ അമ്മയ്ക്കൊപ്പം നീ വരാറുണ്ടെന്നും.കേട്ടപ്പാതി അങ്ങോട്ട് ഓടി തൊട്ട് മുന്നിലുള്ള പുഴക്കരയിൽ വികാര പരവശനായ കാമുകനായി ഊറ്റം കൊണ്ടിരിക്കെ നീ ഒരു ഒട്ടോറിക്ഷയിൽ നിന്നും ഇറങ്ങി.. അയ്യോ പാതിമുഖം.. നിൻ്റെ പൂപോലുള്ള അധരങ്ങളും മൂക്കുത്തിയും ഒന്നും കാണാനില്ല. എന്നോടുള്ള പുച്ഛത്തിൻ്റെ ആഴം അളക്കുവാനും കഴിയുന്നില്ല.ഒരു കറുത്ത മാസ്കിട്ട് മറച്ചിരിക്കുന്നു. ഭയം നിഴലിച്ച കണ്ണുകളുടെ തൊട്ട് താഴെ വരെ മറച്ചിരിക്കുന്നു. പാതിമുഖം കാണാനാണൊ? ഇനിയെപ്പൊഴാണാവോ നിൻ്റെ മുഖം മുഴുവനായി ഒന്ന് കാണുക! ഇങ്ങനെയെത്ര പ്രണയങ്ങളാണ് പാതി മുഖം കണ്ട് തൃപ്തനാകാതെ പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ടേക്കാവുന്നത്.