mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

Bajish Sidharthan

സി. ബി മണി അഥവാ ചുള്ളിപ്പറമ്പിൽ ബാലേട്ടൻ മകൻ മണിയേട്ടനെ മരോട്ടിച്ചാൽകാർക്കെല്ലാം നന്നായറിയാം. മണിയേട്ടനെ ചോദിച്ചു വരുന്നവരോട് മരോട്ടിച്ചാലിലെ പിള്ളേർ പറയും "ഇമ്മടെ പണിക്കുപോവാത്ത മണിയേട്ടന്റെ വീടല്ലേ.. ദാ.. വിടെന്നു.. ",...

പണിക്കു പോവാത്ത മണിയേട്ടൻ എന്ന ചീത്തപേരുണ്ടായിരുന്നെങ്കിലും മണിയേട്ടൻ മരോട്ടിച്ചാൽ ഗ്രാമത്തിനു ഹീറോ ആണ്. പ്രേതേകിച്ചും ഗൂഗിൾ പ്രചാരം നേടുന്നതിന് മുൻപ്. കുടിയന്മാരും, വാറ്റുകാരുമായിരുന്ന ഗ്രാമത്തിലെ 150 പേരെ ബുദ്ധിയുടെ കളിയായ ചെസ്സ്കളി പഠിപ്പിച്ചു അവരുടെ കുടുംബം കാത്തത് മണിയേട്ടനാണ്.

പൊതുപ്രവർത്തനങ്ങളിൽ ജാതിയും രാഷ്ട്രീയവും നോക്കാതെ മണിയേട്ടൻ ഇറങ്ങി ചെന്നു.
കല്യാണവീടുകളിൽ കറിയ്ക്കരിയാനും, കറി വെയ്ക്കാനുമൊക്കെ മണിയേട്ടൻ ഉണ്ടാവും. മണിയേട്ടനെ എല്ലാവരും വീട്ടിൽ കേറ്റുന്നതിന്റെ കാരണം അദേഹത്തിന്റെ അപാരമായ അറിവാണ്. പ്രത്യേകിച്ചു ജനറൽനോളജും ചരിത്രവും.

അക്കിക്കാവ് ആർട്സ് കോളേജ് എന്ന പ്രൈവറ്റ് കോളേജിൽ നിന്ന് പ്രീഡിഗ്രി കഴിഞ്ഞതാണ് മണിയേട്ടന്റെ വിദ്യാഭ്യാസം. തേർഡ് ഗ്രൂപ്പിൽ ഹിസ്റ്ററി... മണിയേട്ടൻ എട്ടാംക്ലാസ്സിൽ പഠിക്കുമ്പോൾ ബാലേട്ടൻ ചോദിച്ചു. "ഡാ മണി.. ഭാവീല് നിനക്കാരാവാനാണെടാ മോഹം?..

"എനിക്ക് നല്ല അറിവുള്ള എല്ലാരും ബഹുമാനിക്കണ ഒരാളാവണം", എന്നായിരുന്നു മണിയേട്ടന്റെ മറുപടി.

അപ്പൊ വീണ്ടും ബാലേട്ടന്റെ ചോദ്യം, "അറിവുള്ള ആള്ന്ന് പറയുമ്പോ. മാഷോ അങ്ങന്യാച്ചാ.. ടീടീസീം.. ബിഎഡും ഒക്കെ എടുക്കണ്ടുവരൂട്ടറാ.. മണി.."

അന്നേരം മണിയേട്ടൻ മൗനം. വീണ്ടും ബാലേട്ടൻ, "ഇനി ശാസ്ത്രഞ്ജനാവാനാച്ചാ സയൻസ്സില് മിടുക്കാനാവണം."

അപ്പോൾ മണിയേട്ടൻ മൗനം. വീണ്ടും ബാലേട്ടൻ, "ഇനി പത്രപ്രവർത്തകനാവാനാണെങ്കിൽ ജേർണലിസം പഠിക്കണം.ട്ടാ.. "

അപ്പോഴും മണിയേട്ടൻ മൗനം. മകന്റെ ഈ മൂന്ന് മൗനങ്ങളിൽ നിന്നും അവൻ ജീവിതത്തിലൊരിക്കലും പണിയ്ക്കു പോവില്ലെന്നു ബാലേട്ടൻ മനസ്സിലാക്കി. അറിവ് തേടി തെണ്ടുന്ന കാര്യത്തിൽ മാത്രം മണിയേട്ടൻ ഒരു മടിയും കാണിച്ചില്ല. മരോട്ടിച്ചാൽ ഗ്രാമീണവായനശാലയിലെ പുസ്തകമെല്ലാം നല്ല പ്രായത്തിൽ തന്നെ മണിയേട്ടൻ വായിച്ചു തീർത്തു. പത്രം ഒന്നേ വായിക്കാറുള്ളു അത്‌ ദേശാഭിമാനിയാണ്.

മണിയേട്ടൻ പ്രീഡിഗ്രി നല്ല മാർക്കോടെ ജയിച്ചു നിൽക്കുന്ന സമയത്താണ് ബാലേട്ടൻ മരിക്കുന്നത്. പിന്നെ അമ്മ പാറുകുട്ടിയോടൊപ്പം അച്ഛൻ വെച്ച 1300 സ്‌ക്കോയർഫീറ്റുള്ള ഓടും വാർപ്പുമിട്ട 23 സെന്റ് തെങ്ങും പറമ്പുള്ള വീട്ടിൽ മണിയേട്ടൻ പണിക്ക് പോവാതെ ജീവിച്ചു.

പാറുകുട്ടിയമ്മയുടെ ഒരേ ഒരാങ്ങള 47 വയസ്സായിട്ടും കല്യാണം കഴിക്കാതെ അബുദാബിയിൽ അടിച്ചുപൊളിച്ചു ജീവിക്കുന്നുണ്ടായിരുന്നു. അപ്പോൾസ്റ്ററി പണികൊണ്ടു ജീവിച്ച അളിയൻ മരിച്ചതിന്റെ ഭാഗമായി അയാൾ പെങ്ങൾക്ക് തന്റെ ഹോട്ടൽ മാനേജർ ജോലിയുടെ ശമ്പളത്തിൽ നിന്ന് ഇന്ത്യൻ മണി 3000 രൂപ പെങ്ങൾക്കയച്ചു കൊടുത്തുകൊണ്ടിരുന്നു. അങ്ങനെ അറിവ് തേടി നടക്കാനും പണിക്കു പോവാതെ ഇരിക്കാനും മണിയേട്ടന് വീണ്ടും താപ്പായി.

അങ്ങനെ രൂപയുടെ മൂല്യത്തിൽ ഇടിവ് സംഭവിച്ചു. കാലങ്ങൾ കടന്നു പോയി. മണിയേട്ടൻ ജോജുജോർജിനെ പോലെ ഒത്ത ഉയരവും കട്ടമീശയും മുഴക്കമുള്ള ശബ്ദവും അതുപോലെ തന്നെ കുട്ടികളുടെ മനസ്സുള്ള ഒരാണായി വളർന്നു.

അങ്ങനെ കള്ളുകുടിയും,ബീഡിവലിയും, മുറുക്കലും ഒന്നുമില്ലാത്ത അറിവ് പങ്കുവെച്ചു നടക്കുന്ന മണിയേട്ടൻ എന്ന ചുള്ളനെ ഉപ്പുങ്ങൽ രാജേട്ടന്റെ ഒറ്റ മകളും കെ. എസ്. എഫ്. ഇ. യിൽ ഗവണ്മെന്റ് ജോലിയുമുള്ള ഉഷേച്ചി വരനായി വരിക്കുന്നു. ഇപ്പോൾ ഇവർക്ക് രണ്ട്‌ പെണ്മക്കൾ, ഹിതയും, സ്മിതയും. ഒരാൾ കേരളവർമ്മയിൽ ഡിഗ്രി ഫൈനലിനു പഠിക്കുന്നു. മറ്റേയാൾ ഡിഗ്രി ഫസ്റ്റ് ഇയർ.

ഗൂഗിൾ പ്രചാരത്തിൽ വന്നതോടെ മണിയേട്ടൻ മൗനത്തിലാണ്. ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടത്തിലേയ്ക്ക് നോക്കി ഇരിക്കലാണ് പതിവ്. ഗൂഗിൾ വരുന്നതിനു മുൻപ്, വിദ്യാർത്ഥികളും, അധ്യാപകരും, എഴുത്തുകാരും, സിനിമാക്കാരും എല്ലാം അറിവ് തേടി ഗൂഗിളിനെ പോലെ മണിയേട്ടനെ സെർച്ച്‌ ചെയ്തിരുന്നു. പി എസ്സി എഴുതുന്നവർ വരെ ജനറൽനോളജിനു അദ്ദേഹത്തെ സമീപിച്ചിരുന്നു. പക്ഷെ ഗൂഗിൾ മണിയേട്ടനെ മൗനിയാക്കി കളഞ്ഞു.

"ഈ പണ്ടാരടങ്ങാൻ വന്ന ഗൂഗിൾ എന്റെ അസ്തിത്വം തുലച്ചു " എന്നാണ് മണിയേട്ടൻ ഗൂഗിളിനെ പ്രാകുന്നത്.
അങ്ങനെ ഗൂഗിളിനെ സദാ പ്രാപിച്ചുകൊണ്ടു നാട്ടുകാരും, ഗൂഗിളിനെ സദാ പ്രാകികൊണ്ട് മണിയേട്ടനും കടന്നു പോയി.

ഒരു ദിവസം ആഗോളനെറ്റ് സാങ്കേതികതകരാർ കൊണ്ട് ഒരാഴ്ച ഗൂഗിളടക്കമുള്ള സെർച്ച്‌ എൻജിനുകൾ നിലയ്ക്കുന്നു. നാട്ടുകാർ പകച്ചു നിന്നു. മുൻപ് വന്നവർ ചുള്ളിപ്പറമ്പിൽ മണിയേട്ടന്റെ വീടിനു മുന്നിൽ ക്യൂ നിന്നു. അറിവിനായി.

അടുത്ത ദിവസം ചുള്ളിപ്പറമ്പിൽ ബാലന്റെ മകൻ വീടിനു മുന്നിൽ ഒരു പന്തൽ കെട്ടി, വാടക കസേരകൾ നിരത്തി.

മണ്ണുത്തി രാമൻനായരെ വിളിച്ചു ഒരു സദ്യയൊരുക്കി, മരോട്ടിച്ചാൽ കവലയിൽ നിന്നു പടക്കം പൊട്ടിച്ചു.
ഉറക്കെ ചിരിച്ചു. എല്ലാവരോടും പഴയപോലെ സംസാരിച്ചു. ഗ്രാമം മുഴുവൻ അന്ന് ചുള്ളിപ്പറമ്പിൽ വീട്ടിലേക്കൊഴുകി. പാട്ടും, നൃത്തവും, അന്താക്ഷരിയും. അതിലിടയ്ക്കു മണിയേട്ടനുമായി ആളുകൾ അറിവ് തേടി.

പാറുക്കുട്ടിയമ്മ മുറുക്കാൻ ചവച്ചു മകനെ ദൈവത്തെ പോലെ ആളുകൾ നോക്കുന്നത് നോക്കിയിരുന്നു.
ഹിതയും സ്മിതയും ഉഷേച്ചിയും മണിയേട്ടനെ ആരാധനയോടെ നോക്കി നിന്നു. ആ പകൽ അവസാനിക്കാറായപ്പോൾ ഗ്രാമത്തിലെ സുരു എന്ന ഒരു പയ്യൻ പറഞ്ഞു

"ഇമ്മക്ക് ഈ മണിയേട്ടൻ മതീട്ടാ... ഡിജിറ്റൽ സ്‌ട്രെയിൻ ഇല്ല. കാണാനും കേൾക്കാനും എന്ത് രസാ." അപ്പോൾ ആകാശം പോലെ ഉയർന്നു നിന്ന് മണിയേട്ടൻ ഉറക്കെ ചിരിച്ചു. ആ ചിരിമഴയിൽ മരോട്ടിച്ചാൽ മുഴുവൻ നനഞ്ഞു കുളിർന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ