മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

(V. SURESAN)

ബഹുമാനപ്പെട്ട കേരളാ ടൂറിസം മന്ത്രി അവർകൾ അറിയുന്നതിന്,

കേരളത്തിലെത്തിയ ഒരു വിദേശ പൗരൻ മദ്യക്കുപ്പികളുമായി ബൈക്കിൽ യാത്ര ചെയ്തപ്പോൾ പോലീസ് തടഞ്ഞുനിർത്തിയ സംഭവം വായിക്കാനിടയായി. അയാൾ ഒരു കുപ്പി മദ്യം റോഡിൽ ഒഴിക്കുകയും അയാളുടെ പൗരബോധം കൊണ്ട് ആ പ്ലാസ്റ്റിക് കുപ്പി വലിച്ചെറിയാതെ തൻറെ വാഹനത്തിൽ തന്നെ സൂക്ഷിക്കുകയും ചെയ്തതായി കണ്ടു.

ഒപ്പം ബാക്കി മദ്യത്തിൻറെ ബില്ല് അയാളുടെ പക്കൽ ഇല്ലാത്തതിനാൽ തിരികെ പോയി ബില്ല് എടുത്തു കൊണ്ടുവന്ന് പോലീസിനെ കാണിച്ച ശേഷം അയാൾ യാത്ര തുടർന്നതായും വായിക്കാനിടയായി. 

ഈ സംഭവം വാർത്തയായതിനെത്തുടർന്ന് പോലീസുകാർക്കെതിരെ വിമർശനങ്ങൾ ഉയരുകയും തുടർന്ന് അങ്ങ് നേരിട്ട് ആ വിദേശിയുടെ താമസസ്ഥലത്തെത്തി, അയാളോട് സംസാരിച്ച് സമാധാനിപ്പിക്കുകയും ചെയ്തതായി കണ്ടു. അത് വളരെ നല്ല കാര്യം ആയാണ് എനിക്ക് തോന്നിയത്. നമ്മുടെ ടൂറിസം മേഖല മെച്ചപ്പെടുന്നതിനും വിദേശികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനും അങ്ങയുടെ ആ സന്ദർശനം ഏറെ പ്രയോജനപ്പെടുക തന്നെ ചെയ്യും. അക്കാര്യത്തിൽ ഞാൻ അങ്ങയെ അഭിനന്ദിക്കുന്നു. ഒപ്പം ഒരു കാര്യം കൂടി അങ്ങയുടെ ശ്രദ്ധയിൽ കൊണ്ടു വരട്ടെ. 

ഒരു സ്വദേശിയായ ഞാൻ എല്ലാദിവസവും ബിവറേജസിൽ നിന്ന് ഒരു കുപ്പി വാങ്ങി  അവിടെ വച്ച് അല്പം കഴിച്ചശേഷം ബാക്കിയുമായി യാത്ര ചെയ്യുന്ന ആളാണ്. പല അവസരങ്ങളിലും എന്നെയും ഇതുപോലെ പോലീസ് തടഞ്ഞു നിർത്തിയിട്ടുണ്ട്. ബില്ല് കൊടുത്താലും അത് നോക്കാതെ കുപ്പിയാണ് അവർ വാങ്ങി വയ്ക്കുന്നത്. അതുകൊണ്ട് ഇപ്പോൾ ഞാൻ പോലീസിനെ കാണുമ്പോൾ തന്നെ മദ്യം ഒഴിച്ചു കളയുകയാണ് ചെയ്യുന്നത്. മദ്യം റോഡിൽ ഒഴിക്കുന്നത് തെറ്റാണ് എന്ന് അറിയാവുന്നതുകൊണ്ട് ഞാൻ കുപ്പി തുറന്ന് എൻറെ വായിലേക്ക് തന്നെയാണ് മദ്യമൊഴിച്ച് കളയാറുള്ളത്. എന്നിട്ട് ആ കുപ്പി വലിച്ചെറിയാതെ തിരികെ കൊണ്ടു പോവുകയും ചെയ്യും. 

എൻ്റെ പൗരബോധം ആ വിദേശിയുടെ പൗരബോധത്തെക്കാൾ മുകളിലാണ് എന്നു കാണിക്കാൻ ഒരു ഉദാഹരണം കൂടി പറയാം. ചില ദിവസങ്ങളിൽ എൻ്റെ കുപ്പി മാത്രമല്ല, റോഡ് സൈഡിൽ കിടക്കുന്ന കുപ്പികളത്രയും പെറുക്കി ആക്രിക്കടയിൽ കൊടുത്താണ് ഒരു ക്വാർട്ടറിനെങ്കിലുമുള്ള പൈസയുണ്ടാക്കുന്നത്. ഇതറിയാവുന്ന പലരും ‘കുപ്പി പെറുക്കി’ എന്നും വേണ്ടപ്പെട്ടവർ അത് ചുരുക്കി ‘പെറുക്കി’ എന്നുമാണ് എന്നെ വിളിക്കുന്നത്. ഇനിയെങ്കിലും ഞാൻ ‘പൗരബോധമുള്ള ഒരു പെറുക്കിയാണ്’ എന്ന് അവർ തിരിച്ചറിയട്ടെ.

 പോലീസിൻറെ ഭാഗത്തുനിന്നും ആ വിദേശി നേരിട്ടതിനെക്കാൾ കൂടുതൽ ചോദ്യം ചെയ്യലും അധിക്ഷേപവും അനുഭവിക്കുന്ന പൗരബോധമുള്ള ഒരു സ്വദേശി എന്ന നിലയിൽ  എനിക്ക് അങ്ങയോട് ഒരപേക്ഷയുണ്ട്. ആ വിദേശിയോട് കാണിച്ച സന്മനസ്സ് എന്നോടും അങ്ങ് കാണിക്കണം. സൗകര്യപ്രദമായ ഒരു ദിവസം അങ്ങ് എൻറെ വീടും സന്ദർശിക്കണം. നാട്ടിലും വീട്ടിലും ഒരു കുടിയനും പെറുക്കിയുമായി  അറിയപ്പെടുന്ന ഈയുളളവൻറെ അന്തസ്സും മതിപ്പും അങ്ങനെയെങ്കിലും ഒന്ന് ഉയരട്ടെ. മാത്രമല്ല അങ്ങയുടെ സന്ദർശനം കൊണ്ട് ഈ രംഗത്തേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുവാനും സാധിക്കും.  

വിദേശിയോട് സംസാരിക്കുമ്പോൾ ഉള്ള ഭാഷാ പ്രശ്നം ഇവിടെ സാധാരണഗതിയിൽ ഉണ്ടാവുകയുമില്ല. വൈകുന്നേരം മദ്യപിച്ചു കഴിഞ്ഞാൽ മാത്രമേ എനിക്ക് ചില ഭാഷാ പ്രശ്നങ്ങൾ ഉണ്ടാകാറുള്ളൂ. അങ്ങനെ വന്നാലും ഞാൻ പറയുന്നത് എന്താണെന്ന്  ട്രാൻസിലേറ്റ് ചെയ്ത് തരാൻ എൻ്റെ കെട്ടിയോൾക്ക് അറിയാവുന്നതുകൊണ്ട് അതും ഒരു പ്രശ്നമാകില്ല. 

മേൽപറഞ്ഞ കാര്യങ്ങളിൽ നിന്നും വിദേശികളെ ആകർഷിക്കുന്നതോടൊപ്പം സ്വദേശികളെയും ഈ രംഗത്ത് നിലനിർത്താനും ആകർഷിക്കാനും ഈ സന്ദർശനം ഏറെ പ്രയോജനപ്പെടും എന്ന് അങ്ങേക്കും ബോദ്ധ്യമായിരിക്കും എന്നു ഞാൻ കരുതുന്നു. ദീർഘിപ്പിക്കുന്നില്ല, അങ്ങയുടെ വരവിനായി ഞാൻ കാത്തിരിക്കുന്നു.

 

എന്ന് വിശ്വസ്തതയോടെ - ഒപ്പ്.

കെ. കെ. പുരുഷു, കുന്നുംപുറത്ത് വീട്,  പഴയ കള്ളുഷാപ്പിന് എതിർവശം,  പുതിയ കുറ്റി, വിതുര, തിരുവനന്തപുരം.

 

 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ