ജിക്കിയും കുടുംബവും ട്രെയിനിലെ ഫസ്റ്റ് ക്ലാസ് കമ്പാർട്ട്മെൻ്റിലാണ്.കുടുംബം എന്നുപറഞ്ഞാൽ ജിക്കിയുടെ അമ്മയും അച്ഛനും കുഞ്ഞനിയൻ മോട്ടുവും, പിന്നെ മുത്തച്ഛനും. അവർ കമ്പാർട്ട്മെൻ്റിൽ ഇരുന്ന്ചായയും സ്നാക്സും കഴിച്ചു കൊണ്ടിരുന്നപ്പോൾ അച്ഛൻ പറഞ്ഞു:
“ഈ കമ്പാർട്ട്മെൻ്റിൽ ഒരുമിനിസ്റ്റർ കൂടി യാത്ര ചെയ്യുന്നുണ്ട്. അദ്ദേഹം നേരത്തെ കമാൻഡോസുമായി ഇതുവഴി പോകുന്നത് കണ്ടു. “
“ഏതു മിനിസ്റ്റർ? " - അമ്മ ചോദിച്ചു.
“ഹെൽത്ത് മിനിസ്റ്റർ റാം മോഹൻ ആണെന്നു തോന്നുന്നു.” അതുകേട്ടപ്പോൾ ജിക്കിക്ക് സംശയം:
“ഹെൽത്ത് മിനിസ്റ്റർക്ക് എന്താണ് ജോലി ?”
“ജനങ്ങളുടെ ആരോഗ്യം പരിപാലിക്കണം, അതു തന്നെയാണ് ആരോഗ്യ മന്ത്രിയുടെ ജോലി. “
'’അതിന് ഒരു മന്ത്രിയെ കൊണ്ട് എല്ലാ ജനങ്ങളുടെയും ആരോഗ്യം നോക്കാൻ പറ്റ്വോ?”
“ഒരു മന്ത്രി മാത്രമല്ലല്ലോ. മന്ത്രിക്ക് കീഴിൽ മറ്റു പല ഉദ്യോഗസ്ഥരും കാണും. മന്ത്രി അവർക്ക് നേതൃത്വം കൊടുത്താൽ മാത്രം മതി .”
ജിക്കുവിന് കാര്യം പൂർണമായി മനസ്സിലായില്ലെങ്കിലും പിന്നീട് ഒന്നും ചോദിച്ചില്ല.
ചായ കുടിച്ചു കഴിഞ്ഞപ്പോൾ മോട്ടുവിന് മൂത്രമൊഴിക്കണം. അമ്മ അവനെയും കൊണ്ട് ടോയ്‌ലറ്റിലേക്ക് പോകാനായി അച്ഛനെ കൂടെ വിളിച്ചു.
“ഞാനെന്തിനാ?”
“ഒരാൾ അവൻറെ നിക്കറൂരി പിടിക്കണം. അല്ലെങ്കിൽ അവൻ തുണിയും ദേഹവും എല്ലാം നനയ്ക്കും.”
അങ്ങനെ മോട്ടുവിനെ മൂത്രമൊഴിപ്പിക്കാനായി അച്ഛനും അമ്മയും ഒപ്പം പോയി. അഞ്ചുമിനിറ്റുകൊണ്ട് ആ കൃത്യം വിജയകരമായി പൂർത്തിയാക്കി അവർ തിരിച്ചുവരികയും ചെയ്തു.
അമ്മ അനിയനെ ഉറക്കാനുള്ള ശ്രമമാരംഭിച്ചു. അപ്പോൾ കോറിഡോറിൽ ബൂട്ടിട്ടു നടക്കുന്ന ശബ്ദം. അതെന്തെന്നറിയാൻ ജിക്കി വാതിൽ തുറന്നു. മൂന്നുപേർ നടന്നുനീങ്ങുന്നത് ആണ് കണ്ടത്.
അച്ഛൻ പറഞ്ഞു: '’ അതാണ് മന്ത്രിയും കമാൻഡോസും”
അതുകേട്ട് മുത്തച്ഛനും പുറത്തിറങ്ങി നോക്കി.
“അവരെവിടേയ്ക്കാ പോകുന്നത്?” ജിക്കിയുടെ ചോദ്യത്തിന് മുത്തച്ഛൻ മറുപടി നൽകി:
“കണ്ടില്ലേ മന്ത്രിയെ ടോയ്‌ലറ്റിലേക്ക് കൊണ്ടുപോകുന്നതാണ്.”
അതു കേട്ടപ്പോൾ മോട്ടുവിനെ അച്ഛനും അമ്മയും കൂടി ടോയ്‌ലറ്റിലേക്ക് കൊണ്ടുപോയതാണ് അവന്ഓർമ്മ വന്നത്. മന്ത്രിയെ കൊണ്ടുപോകാനും കൂടെ രണ്ടുപേർ വേണോ?എന്ന അവൻ്റെ സംശയം ഒരു ചിരിയായാണ് പുറത്തേക്ക് വന്നത്. അതു കണ്ട് മുത്തച്ഛൻ ചോദിച്ചു.
“നീയെന്തിനാ ചിരിക്കുന്നത്?”
“അല്ല - സ്വന്തം കാര്യം നോക്കാൻ പറ്റാത്ത ഈ മന്ത്രിയെങ്ങനെയാണ് ജനങ്ങളുടെയെല്ലാം ആരോഗ്യം നോക്കണത് എന്ന് ആലോചിച്ചു പോയതാണ്.”
ചെറിയ വായിലെ ആ വലിയ വർത്തമാനം കേട്ട് മുത്തച്ഛനും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.