മാർജ്ജാര രാജൻ പ്രഭാത നടത്തത്തനിറങ്ങി. പിന്നിലായി രാജൻ്റെ സുരക്ഷാഭടന്മാരുമുണ്ട്. തൻ്റെ വെളുത്തു കൊഴുത്ത ശരീരവുമായി രാജൻ നാലു കാലിൽ നടന്നുനീങ്ങവെ അതാ ഒരാൾ വീഥി മുറിച്ചു കടക്കുന്നു. അതു കണ്ട് രാജൻ നിന്നു. ഭടന്മാർ മുന്നിൽ കയറി.
“അത് ഒരു കറുത്ത മനുഷ്യനാണ് രാജൻ.” - പ്രധാന ഭടൻ പറഞ്ഞു.
"ഹോ - നാശം! കറുത്ത മനുഷ്യൻ കുറുകെ ചാടിയാൽ അപശകുനം എന്നല്ലേ മാർജാര പ്രമാണം?” - രാജൻ തലയിൽ കൈവച്ചു.
“അതെ. ഇന്നിനി നടത്തം നിർത്തി തിരികെ പോകുന്നതാവും ഉത്തമം.”
''തിരികെ പോവുക തന്നെ. ആചാരങ്ങളും വിശ്വാസങ്ങളും വിട്ടുള്ള ഒരു കളിയും നമുക്കില്ല.” രാജനും ഒപ്പം ഭടന്മാരും പിന്തിരിഞ്ഞു.
“രാജൻ, നാളെയും ഇതാവർത്തിച്ചാലോ?”
“നാളെ നിങ്ങൾ മുമ്പിൽ നടക്കുക. അപ്പോൾ അപശകുനം വന്നാലും അതിൻ്റെ ദോഷം നിങ്ങൾക്കു മാത്രമേ വന്നു ഭവിക്കൂ.”
“ഈ ശകുനം മുടക്കികളായ മനുഷ്യരെ തുരത്താൻ മാർഗ്ഗമൊന്നുമില്ലേ രാജൻ?”
"അവരൊക്കെ പണ്ടേ കുടിയേറിയവരല്ലേ? അതിനാൽ അവരെ തുരത്താൻ കഴിയില്ല. ഇനിയുള്ള കുടിയേറ്റങ്ങൾ മാർജാരർക്ക് മാത്രമേ അനുവദിക്കൂ .”
"അതു നന്നായി. ജയ് ജയ് മാർജാര രാജൻ.”
അടുത്ത പ്രഭാതത്തിൽ രാജൻ പിന്നിലും കരിമ്പൂച്ചകൾ മുന്നിലുമായി പ്രഭാതസവാരിക്കിറങ്ങി. അപ്പോഴാണ് ഏതെങ്കിലും കറുത്ത മനുഷ്യൻ കുറുകെ ചാടുമോ എന്നു ഭയന്നുള്ള ഈ യാത്ര തൻ്റെ സ്ഥാനമാനങ്ങൾക്ക് ചേരുന്നതല്ല എന്ന് രാജനു തോന്നിയത്. അദ്ദേഹം ഭടന്മാരോടു പറഞ്ഞു:
“ഇനി ക്ഷമിക്കേണ്ടതില്ല... മാർജാരാചാരങ്ങൾക്കും വിശ്വാസങ്ങൾക്കും വില കൽപ്പിക്കാത്ത മനുഷ്യരെ വെറുതെ വിടരുത്. പൂച്ചകൾക്ക് കുറുകെ ചാടുന്ന കറുത്ത മനുഷ്യരെ പിടികൂടി തുറുങ്കിലടയ്ക്കൂ.”
“ഉത്തരവു പോലെ.” -ഭടന്മാർ ഒറ്റ സ്വരത്തിൽ പറഞ്ഞു.
അതാ ദൂരെ ഒരു കറുത്ത രൂപം. ഭടന്മാർക്ക് അതെന്താണെന്ന് മനസിലായില്ല. എന്തായാലും അത് മനുഷ്യനല്ല. രാജാവ് അതു കണ്ട് മുന്നിലേക്ക് കയറി രൂപത്തെ തിരിച്ചറിഞ്ഞു.
“നില്ല്. അതൊരു പട്ടിയാണ്. സൂക്ഷിക്കണം. പേയുണ്ടോന്നറിയില്ല.”
ആ പട്ടിക്കു കേൾക്കാനായി പ്രധാന ഭടൻ വിളിച്ചു പറഞ്ഞു:
“മാർജാര രാജൻ എഴുന്നള്ളുന്നു. ശകുനം മുടക്കിയാൽ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.”
ശബ്ദം കേട്ട് കരിമ്പട്ടി തലയുയർത്തി നോക്കി. രാജസംഘത്തെ കണ്ട് പട്ടി അവർക്കു നേരെ പാഞ്ഞു.
“ഓടിക്കോ, രാജൻ - “ പ്രധാന ഭടൻ വിളിച്ചു പറഞ്ഞു.