മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(K.R.RAJESH)

സമയം രാവിലേ പത്തരമണി, കുളക്കോഴിക്കുന്നിന്റെ നെറുകയിൽ കത്തുന്ന ചൂടിനെ വെല്ലുവിളിച്ചുകൊണ്ട് പുല്ലുവെട്ടി വൃത്തിയാക്കുന്ന തിരക്കിലാണ് തൊഴിലുറപ്പ് പെണ്ണുങ്ങൾ.

കൊറോണയും വരാനിരിക്കുന്ന പഞ്ചായത്ത്‌ തെരഞ്ഞെടുപ്പു മുതൽ ഭാഗ്യലക്ഷ്മി ആൻഡ് ടീംസിന്റെ നേതൃത്വത്തിൽ യൂട്യൂബ്നായർക്ക് എതിരെ നടന്ന കളരിയും പടപ്പാട്ടും വരെയുള്ള ആനുകാലിക സംഭവ വികാസങ്ങളും, പൂക്കാരൻ പവിത്രന്റെ മകൾ ഒളിച്ചോടിയതും ബ്ലോക്ക്മെമ്പർ ലതയുടെ കെട്ടിയോൻ കുഞ്ഞുമോനെ പട്ടികടിച്ചതും മുതൽ വൈദ്യൻ വേണുവിന്റെ ചാരായകച്ചവടം വരെ ചർച്ചയാക്കി പെണ്ണുങ്ങളുടെ പുല്ലുവെട്ടൽ പുരോഗമിക്കുകയാണ്, എല്ലാത്തിനും മേൽനോട്ടം വഹിച്ചു മേറ്റ് തെങ്കാശിതങ്കമ്മയുടെ സാന്നിധ്യവും കുന്നിൻ മുകളിലുണ്ട്.

രാവിലെ പെയ്‌ത ചാറ്റൽമഴ മൈക്കാട്പണിക്ക് പോകുവാനുള്ള തന്റെ മൂഡ് കളഞ്ഞതിനാൽ, അവധിയെടുത്ത് വീട്ടിലിരുന്ന ജപ്പാൻബാലൻ തന്റെ നഷ്ടപെട്ട മൂഡിനെ മടക്കികൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സൈക്കിളുമെടുത്തു വൈദ്യൻ വേണുവിന്റെ വീട് ലക്ഷ്യമാക്കി നീങ്ങി. എന്നും കുറുക്കുവഴികളെ പ്രണയിക്കുന്ന ബാലൻ, ഒന്നരകിലോമീറ്റർ കനാൽ ചുറ്റി സൈക്കിൾ ചവുട്ടിപോകേണ്ട വൈദ്യരുടെ വീട്ടിലേക്കുള്ള ഒർജിനൽ വഴി ഒഴിവാക്കി, തന്റെ സൈക്കിളിനെ കുളക്കോഴിക്കുന്നിന് സമീപം ഇലക്ട്രിക്ക് പോസ്റ്റിൽ ചാരിവെച്ച്, കുളക്കോഴിക്കുന്നിന്റെ ചാരത്തൂടെയൊഴുകുന്ന വാച്ചാൽ നീന്തിക്കടന്ന് അക്കരയെത്തിയാൽ പത്തു മിനിറ്റ് കൊണ്ട് വൈദ്യൻവേണുവിന്റെ വീട്ടിലെത്താവുന്ന കുറുക്കുവഴി തന്നെ തെരഞ്ഞെടുത്തു.

ഉടുത്തിരുന്ന മുണ്ട് മുട്ടിന് മുകളിൽ പൊക്കിപിടിച്ചു വാച്ചാൽ നീന്തികടക്കുന്ന ജപ്പാൻ, തെങ്കാശിതങ്കമ്മയുടെ കണ്ണുകളിൽ പതിഞ്ഞു, കൂടെയുള്ള സകലപെണ്ണുങ്ങളുടെയും ശ്രദ്ധയെ തങ്കമ്മ വാച്ചാൽ നീന്തുന്ന ജപ്പാനിലേക്ക് ക്ഷണിച്ചു.

"എല്ലാരും അങ്ങോട്ട് നോക്കു, ജപ്പാൻ ചാരായം കുടിക്കാൻ തോട് നീന്തി പോകുന്നത് കണ്ടോ?".

കൂടെയുള്ള തൊഴിലുറപ്പ്പെണ്ണുങ്ങളിൽ ചിലർ വിലക്കിയത് കാര്യമാക്കാതെ, ജപ്പാന്റെ സാഹസികയാത്രയുടെ ഒരു രംഗം പോലും നഷ്ടമാകാതെ,തെങ്കാശിതങ്കമ്മ തന്റെ മൊബൈൽ ക്യാമറയിൽപകർത്തുന്നത് കണ്ടിട്ടും, വൈദ്യൻവേണുവിന്റെ വീട് എന്ന ഒരേഒരു ലക്ഷ്യം മാത്രം മനസിലുറപ്പിച്ചു ജപ്പാൻ മുന്നോട്ട് നീന്തി.

അയൽവാസികളായ ജപ്പാനും, തെങ്കാശിതങ്കമ്മയും തമ്മിലുള്ള സൗന്ദര്യപ്പിണക്കം തുടങ്ങിയിട്ട് കാലംകുറേയായി, അതിനാകട്ടെ കാരണങ്ങൾ പലതുമുണ്ട്. വർഷങ്ങളോളം തെങ്കാശിയിൽ ചായകച്ചവടം നടത്തിയിരുന്ന തങ്കമ്മയും കെട്ടിയോൻ ഉദയനും നാട്ടിൽമടങ്ങിയെത്തി സ്ഥലംവാങ്ങി വീട് വെച്ചത് ജപ്പാന്റെ അയല്പക്കത്താണ്. അതോടെ ഇരുകൂട്ടരും തമ്മിലുള്ള അതിർത്തിതർക്കത്തിനും തുടക്കമായി,

ജപ്പാനും,കെട്ടിയോൾവാസന്തിയും നിയന്ത്രണരേഖ മുറിച്ചുകടന്ന് തങ്ങളുടെ വസ്തുവിൽ കയ്യേറ്റം നടത്തുന്നതായി തങ്കമ്മയും, ലൈൻ ഓഫ് കൺട്രോൾ ലംഘിക്കുന്നത് തങ്കമ്മയും കെട്ടിയോനുമാണെന്ന് ജപ്പാനും, പരസ്പരം ആരോപണം ഉന്നയിച്ചുകൊണ്ടേയിരുന്നു. പലപ്പോഴും പരസ്പരമുള്ള ആരോപണങ്ങൾ പരിധികൾ ലംഘിച്ചുകൊണ്ട്, അതിർത്തിക്ക് അപ്പുറവുമിപ്പുറവും നിന്ന് വാക്കുകൾകൊണ്ടുള്ള സ്കഡ്മിസൈൽ പ്രയോഗത്തിൽവരെ എത്തിചേരാറുണ്ട്.

തർക്കം മൂർച്ഛിക്കുമ്പോൾ ഇരുകൂട്ടരെയും കൊണ്ട് വെടിനിർത്തിക്കുവാനായി ഇടനിലക്കാരായി എത്തുന്നത് മെമ്പർ പങ്കജനും, പക്കിതൻമാഷും, കൃഷ്ണൻ മൂപ്പനുമടക്കമുള്ള സ്ഥലത്തെ പ്രമുഖരാണ്. ഓരോ വെടിനിർത്തലിനും ശേഷവും കൃത്യമായ ഇടവേളകളിൽ വീണ്ടും ജപ്പാൻ-തെങ്കാശി അതിർത്തിയിൽ സംഘർഷാവസ്ഥ ഉടലെടുക്കാറുമുണ്ട്,

നാട്ടിലെ അറിയപ്പെടുന്ന ഒരു ക്ഷീരകർഷകകൂടിയായ തങ്കമ്മയുടെ പാലിൽ വെള്ളത്തിന്റെ അളവ് കൂടുതലാണെന്നു പറഞ്ഞുകൊണ്ട്, "മായം തങ്കമ്മ" എന്ന തലക്കെട്ടിൽ ജപ്പാൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടതും, ജപ്പാനും വാസന്തിയും സ്വന്തം മക്കളെക്കാൾ കാര്യമായി വളർത്തിയ മൂന്ന് പൂവൻകോഴികളെ അതിർത്തിയിൽ കടന്നുകയറിയെന്ന പേരിൽ തങ്കമ്മയുംകെട്ടിയോനും കൂടി വിഷംവെച്ച് കൊന്നതുമൊക്കെ സംഘർഷാവസ്ഥക്ക് കാരണമാക്കിയിട്ടുണ്ട്. അങ്ങനെ കാര്യങ്ങൾ മുന്നോട്ട് നീങ്ങവേയാണ്, പഞ്ചായത്ത്‌ മെമ്പർ പങ്കജനെ സ്വാധീനിച്ചു തങ്കമ്മ, തൊഴിലുറപ്പ് പെണ്ണുങ്ങളുടെ "മേറ്റ്" എന്ന സ്ഥാനം നേടിയെടുക്കുന്നത്, മേറ്റായി തങ്കമ്മ എത്തിയതോടെ, തൊഴിലുറപ്പ് സ്ഥലത്തെ സ്ഥിരം സാന്നിധ്യമായിരുന്ന വാസന്തി തൊഴിലുറപ്പിന് പോകാതെയുമായി.

തെങ്കാശിതങ്കമ്മയെ വരുന്ന പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ വനിതാവാർഡായ കുളക്കോഴിക്കുന്നിലെ സ്ഥാനർഥിയാക്കുവാൻ മെമ്പർ പങ്കജന്റെ നേതൃത്വത്തിൽ അണിയറയിൽ ആലോചനകൾ നടക്കുന്ന വിവരമറിഞ്ഞതൊടെ, തെങ്കാശി മത്സരിച്ചാൽ,എതിരായി തന്റെ ഭാര്യ വാസന്തിയെ സ്ഥാനാർഥിയാക്കുമെന്നും, എന്ത്‌ വിലകൊടുത്തും, തെങ്കാശിതങ്കമ്മയെ തോൽപ്പിക്കുമെന്നും,ഇംഗ്ലീഷ്സുരന്റെ "ഇംഗ്ലീഷ് ടീഷോപ്പിൽ" കൂടിയ ആളുകളെ സാക്ഷിനിർത്തി ജപ്പാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

തനിക്ക് നേരേ ക്യാമറതിരിയുന്നത് കണ്ട് മൗനം പാലിച്ചുകൊണ്ട് അക്കരക്ക് പോയ ജപ്പാൻ മടങ്ങിവരവിൽ വാച്ചാൽ നീന്തിയത്‌,വൈദ്യൻവേണുവിന്റെ മരുന്നിന്റെ ബലത്തിൽ കൂടുതൽ കരുത്താർജ്ജിച്ചായിരുന്നു,

"എടീ തെങ്കാശി,വഴിയേ പോകുന്ന ആണുങ്ങളുടെയൊക്കെ വീഡിയോ പിടിക്കുന്ന ജോലിയാണോ നിനക്ക്? എങ്കിൽ ഇന്നാ കൂടുതൽ ക്ലിയറായി പിടിച്ചോളൂ "

 വെള്ളം നനയാതിരിക്കുവാൻ മുട്ടോളംപൊക്കി പിടിച്ച തന്റെ ഉടുമുണ്ട് അൽപ്പം കൂടെ മുകളിലോട്ട് പൊക്കി തങ്കമ്മക്ക് നേരേ തന്റെ പ്രതിഷേധത്തിന്റെ പുത്തൻ വേർഷൻ ജപ്പാൻ പ്രകടമാക്കി.

"പെണ്ണുങ്ങളെ മുണ്ട് പൊക്കി കാണിക്കുന്നോടാ നാറി"

കുന്നിൻ മുകളിൽ നിന്ന തങ്കമ്മ തന്റെ പതിവ് ഫോമിലേക്കുയർന്നുകൊണ്ട്, കയ്യിൽ കിട്ടിയ ഉരുളൻ കല്ല്, വായിൽ നിന്നുയരുന്ന തെറിവാക്കുകൾക്കൊപ്പം ജപ്പാന് നേരേ ഉതിർത്തു, ജോണ്ടി റോഡ്‌സിനെ വെല്ലുന്ന കൃത്യതയോടെ തങ്കമ്മ ഉതിർത്ത ഉരുളൻകല്ല് കൃത്യമായി ജപ്പാന്റെ തലയിൽ തന്നെ പതിച്ചു, വാച്ചാലിൽ ക്കൂടി ഒഴുകുന്ന വെള്ളത്തിനേക്കാൾ ശക്തിയിൽ ജപ്പാന്റെ തലയിൽ നിന്ന് ചോര പുറത്തേക്കൊഴുകിയതോടെ, കൂടെയുള്ള തൊഴിലുറപ്പ് പെണ്ണുങ്ങൾ പകച്ചുവെങ്കിലും, തങ്കമ്മ യാതൊരു കുലുക്കവുമില്ലാതെ,സ്ത്രീകൾക്ക് നേരേ നടക്കുന്ന കയ്യേറ്റത്തെ ക്കുറിച്ച് ഒരു പ്രസംഗം തന്നെ കുന്നിൻ മുകളിൽ നടത്തി

 


ഏതാനും സമയത്തിനുള്ളിൽ തന്നെ കുളക്കോഴിക്കുന്നിൽ നടന്ന സംഭവം നാട്ടിലാകെ വൈറലായി അതിന് കാരണം ജപ്പാന്റെ തുണിപൊക്കും,തെങ്കാശിവക കല്ലേറും, തെറിവിളിയുമൊക്കെ തന്നെ തൊഴിലുറപ്പ്പെണ്ണുങ്ങളുടെ കൂട്ടത്തിലെ ന്യൂജനറേഷനായ ഉണ്ണിമോൾ തന്റെ ഫേസ്ബുക്ക് അക്കൌണ്ട് വഴി ലൈവായി നാട്ടാരെ കാണിക്കുന്നുണ്ടായിരുന്നു.

വൈകുന്നേരം ഇംഗ്ലിഷ്സുരന്‍റെ ചായക്കടയില്‍ ചൂടുചായക്കൊപ്പം, കുളക്കോഴിക്കുന്നിലെ "തുണിപൊക്കും,കല്ലേറും, തെറിവിളിയും" ചര്‍ച്ചാവിഷയമായി അലയടിച്ചു.

 "കാര്യം ജപ്പാൻ വെള്ളമടിച്ചിരുന്നുവെങ്കിലും,ഈ വിഷയത്തിൽ ഞാൻ ജപ്പാനൊപ്പമാണ്, മര്യാദക്ക് വാച്ചാൽ നീന്തിപ്പോയ അവനെ പ്രകോപിപ്പിച്ചത് തെങ്കാശിയാണല്ലോ,"

കടുത്ത പഞ്ചാരയുടെ അസുഖമുള്ള പക്കിതൻ മാഷ് വിത്ത്‌ഔട്ട് ചായക്കൊപ്പം, ഈ വിഷയത്തിലുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തിയതോടെ,കൃഷ്ണൻമൂപ്പൻ ആ അഭിപ്രായത്തെ ഖന്ധിച്ചു,

 " ഏത് സാഹചര്യത്തിലായാലും,സ്ത്രീകൾക്ക് നേരേ ഇങ്ങനെ കാട്ടുന്നത് തെറ്റാണ് "

"എന്നും പറഞ്ഞു, കല്ലെടുത്തു തലയെറിഞ്ഞു പൊട്ടിക്കാൻ തെങ്കാശി ആരാണ് ഇവിടുത്തെ ഡിജീപിയാണോ?" ഉന്തുവണ്ടിയിൽ പച്ചക്കറികൾ വിൽക്കുന്ന ഉത്തമന്റെ രോഷം ഉത്തുംഗതയിലെത്തി.

 "പെണ്ണുങ്ങൾക്ക് നേരേ തുണിപൊക്കി കാട്ടിയവന്റെ തലയല്ല, മിഡിൽ സ്റ്റമ്പ് തന്നെ എറിഞ്ഞിടണം" മെമ്പർ പങ്കജൻ തന്റെ പൂർണ്ണപിന്തുണ തെങ്കാശിക്ക് പ്രഖ്യാപിച്ചു.

"തങ്കമ്മയുടെ താറുതാങ്ങി നടക്കുന്ന നിനക്ക് മെമ്പറാണെന്ന് പറയുവാൻ യോഗ്യതയില്ല" ഡ്രൈവർ ഡെന്നിസ് പങ്കജന്റെ മെമ്പർസ്ഥാനത്തേയും ചോദ്യം ചെയ്തു.

ഇംഗ്ലീഷ് ടീഷോപ്പിൽ മാത്രമല്ല, കുളക്കോഴിക്കുന്നിന്റെ ഓരോ മുക്കിലും മൂലയിലും ഈ വിഷയം ചർച്ചയായി മാറിയിരുന്നു,

അതേസമയം,തലയിലെ മുറിവിൽ എട്ടോളം കുത്തികെട്ടുകളുമായി സർക്കാർആശുപത്രിയിൽ നിന്ന് വീട്ടിൽ മടങ്ങിയെത്തിയ ജപ്പാൻ ബാലൻ, "പോരാട്ടഭൂമിയിൽ ചോരപൊടിഞ്ഞു, ഇനി വിജയം കണ്ടേ പിന്മാറു " എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലൂടെ ആസന്നമായ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലെ വാസന്തിയുടെ സ്ഥാനാർഥിത്വം പരസ്യമായി പ്രഖ്യാപിച്ചു,

 "ഫെമിനിസ്റ്റ് തങ്കമ്മ" എന്ന തലകെട്ടോടെ പുഞ്ചിരിതൂകുന്ന തെങ്കാശിതങ്കമ്മയുടെ ചിത്രത്തിനൊപ്പം, തങ്കമ്മയുടെ ഇന്നത്തെ വീരകൃത്യങ്ങളെ പുകഴ്ത്തികൊണ്ടുള്ള,മെമ്പർ പങ്കജൻ വക ഫേസ്ബുക്ക് പോസ്റ്റും ഉടൻ പ്രത്യക്ഷമായി,

 നാട്ടിലാകെയും, ഫേസ്ബുക്കിലും ചർച്ചകൾ കൊഴുക്കുമ്പോൾ,കുളക്കോഴിക്കുന്നിലെ മറ്റൊരു വീട്ടിൽ,തന്റെ ഫേസ്ബുക്ക് ലൈവിന്റെ ലൈക്ക്, കമന്റ്, ആൻഡ് ഷെയർ ഒരുപാട് ആയിരങ്ങൾ കടന്നത് കണ്ട് കണ്ണ് മഞ്ഞളിച്ച ഉണ്ണിമോൾ ഇന്നേ ദിവസം തനിക്ക് വന്ന ഫ്രണ്ട് റിക്വസ്റ്റുകളുടെ നീണ്ട നിരകണ്ട് ആരോടെന്നില്ലാതെ ഉറക്കെ വിളിച്ചുകൂവി,

"സ്വന്തം പ്രൊഫൈൽഫോട്ടോ ഇട്ടാൽപോലും ലൈക്കും, കമന്റും രണ്ടക്കം കടക്കാത്ത പഴയ ഉണ്ണിമോളല്ല ഇന്ന് ഞാൻ".

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ