മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

പാരയില്‍ പരമപുച്ഛം പ്രകടിപ്പിച്ചിരുന്ന പത്തനാപുരത്തെ പ്രഗല്‍ഭനായ പ്രമാണിയായിരുന്നു പത്തായപ്പുരയ്ക്കല്‍ പാച്ചുപിള്ള. പാവങ്ങളുടെ പുരയിടങ്ങളുടെ പ്രമാണങ്ങളെല്ലാം പാച്ചുവിന്‍റെ പത്തായത്തിലാണ് പെറുക്കിവച്ചിരുന്നത്. പണം പലിശയ്ക്കു കൊടുക്കുന്ന പരിപാടി പാച്ചുവിനുണ്ടായിരുന്നു.

പഞ്ചാരപ്പയ്യനായ പപ്പന്‍ പണക്കാരനായ പാച്ചുവിന്‍റെ പുന്നാരമോനായിരുന്നു. പഞ്ചായത്തിലെ പെമ്പിള്ളേര്‍ പഞ്ചാരപപ്പന്‍റെ പിറകേയായിരുന്നു. പത്തായത്തില്‍ പൂട്ടിവെച്ചിരിക്കുന്ന പൂത്തപണം പാത്തും പതുങ്ങിയുമെടുത്ത് പള്ളിക്കുടത്തില്‍ പഠിപ്പുമുടക്കി പടത്തിന് പോകുന്ന പരിപാടി പപ്പനു പണ്ടേയുണ്ട്. പാച്ചു പൊന്നുമോനെ പഠിപ്പിച്ചു പഠിപ്പിച്ച് പത്രത്തില്‍ പണിപിടിച്ചുകൊടുത്തു. പണംമുടക്കി പഠിപ്പിച്ച പഞ്ചാര പുത്രനെ പതിരായിക്കാണാന്‍ പാച്ചുവിന് പറ്റില്ലായിരുന്നു.

പാച്ചുവിന്‍റെ പെണ്ണുമ്പിള്ള പൊന്നമ്മ പപ്പനെ പെണ്ണുകെട്ടിക്കാന്‍ പറഞ്ഞു പറഞ്ഞുമടുത്തു. പത്രത്തില്‍ പണിയുള്ള പത്തനംതിട്ടക്കാരി പെണ്ണ് പപ്പന്‍റെ പൊതിച്ചോറ് പങ്കിട്ട് പങ്കിട്ട് പവിത്ര ഹൃദയത്തില്‍ പാറപോലുറച്ചു. പ്രേമം പപ്പനെ പരിണയത്തിന്‍റെ പൊന്നാടയണിയിച്ചു. പരമദരിദ്രയായ പെണ്ണിനെ പപ്പന്‍റച്ഛന്‍ പാച്ചുവിന് പരമ പുച്ഛമായിരുന്നു. പക്ഷെ, പെണ്ണിന്‍റച്ഛന്‍ പിച്ചാത്തിപ്പരമുവിനെ പാച്ചുവിന് പേടിയായിരുന്നു. പേടി കൂടി പാച്ചു പട്ടാളത്തിലായിരുന്ന പൂച്ചക്കണ്ണന്‍ പുലിപ്പുഷ്കരന് പാറാവുപണിയേല്‍പ്പിച്ചു. പിച്ചാത്തിപ്പരമുവിനെ പൊരുതിത്തോല്‍പ്പിക്കാന്‍ പത്തു പതിനഞ്ചുകിലോയുള്ള പുതുപുത്തന്‍ പാരപണിയിച്ച് പുലിപ്പുഷ്കരനേകി. പതുങ്ങിപ്പതുങ്ങിയവസാനം പുലി പണി പറ്റിച്ചു. പാരയെടുത്തു പത്തായം പൊളിച്ച് പാച്ചുവിന്‍റെ പണമെല്ലാം പൊക്കിക്കൊണ്ടു പോയി. പാവം പാച്ചുപ്പിള്ള പാരയുമെടുത്ത് പുലിപ്പുഷ്കരനെത്തേടിപ്പാഞ്ഞു. പാച്ചുപ്പിള്ളയെക്കൊണ്ട് പത്തനാപുരംകാര്‍ക്ക് പിന്നെ പ്രശ്നമുണ്ടായില്ല. പഞ്ചാരപ്പയ്യനും പത്തനംതിട്ടക്കാരി പെണ്ണും പിന്നീടുള്ളകാലം പാവപ്പെട്ടവരായി പൊറുത്തു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ