(Satheesh Kumar)
അതിരാവിലെ തന്നെ നല്ല മഴ. കുറച്ചു ദിവസമായി എന്നും വൈകുന്നേരം നല്ല മഴയും ഉഗ്രൻ ഇടിയും. രാവിലെ എണീറ്റ് അടുപ്പിന്റെ പാതകത്തില്‍ കയറി കുത്തിയിരുന്ന് തീ കായാന്‍ നല്ല സുഖം. ഇടയ്ക്ക്
വിറക് അടുപ്പിച്ചു വെച്ച് അമ്മക്ക് സഹായം ഒക്കെ ചെയ്തുകൊടുത്തു എങ്കിലും "പോയി കുളിക്കെടാ" എന്നു പറഞ്ഞ് അമ്മ എണീപ്പിച്ചു വിട്ടു. ചായിപ്പിന്റെ വാതില്‍ തുറന്ന് ഓടില്‍ നിന്നും മണലിലേക്ക് നൂലുപോലെ വീഴുന്ന വെള്ളത്തുള്ളികല്‍ പതുക്കെ കൈകൊണ്ട് തെറിപ്പിച്ച് തണുപ്പുമായി താദാത്മ്യം പ്രാപിക്കാന്‍ ശ്രമിച്ചു.
ചായ്‌പിന്റെ മൂലയിൽ ചിരട്ടയും, ചാക്കിൽ ഉമിയും കൂട്ടി വച്ചിരിക്കുന്നത്തിന്റെകൂടെ വീട്ടിലെ പ്രധാന കട്ടയായ 'ഭൈരവൻ' ഉറങ്ങുന്നു. രാത്രി ഡ്യൂട്ടി ചെയ്തു ഊപ്പാട് വന്ന് കിടക്കുകയാണെന്ന് കിടപ്പു കണ്ടാൽ തോന്നും. രാധചേച്ചിയുടെ വീട്ടിൽ എവിടെനിന്നോ വന്നു കയറിയ ചാരക്കണ്ണിയുമായി ആയിരുന്നു ഡ്യൂട്ടി എന്നു മാത്രം.
"അമ്മേ.. കുറച്ചു വെള്ളം ചൂടാക്കി തരാമോ?”, ഞാൻ ചോദിച്ചു.
“എന്നാ പിന്നെ ഇത്തിരി കുഴമ്പും കൂടി തേച്ചോ, കിളവന്‍ വന്നേക്കുന്നു. പോയി തണുത്ത വെള്ളത്തില്‍ കുളിയെടാ , ആദ്യത്തെ മഗ്ഗിലെ വെള്ളത്തിനു ശേഷം തണുക്കത്തില്ല.” 'അമ്മ കയ്യൊഴിഞ്ഞു.
കാര്യം ഒക്കെ ശരിയാ, പക്ഷെ ആദ്യത്തെ വെള്ളം ഒഴിക്കാന്‍ കുറച്ചു നേരം അങ്ങനെ നില്‍ക്കും. പിന്നെ മസിലുപിടിച്ച് ഒരൊഴി, അതിനു ശേഷം ഉഷാറുകുളി തന്നെ. ആ കുളി കഴിഞ്ഞാല്‍ പിന്നെ തണുക്കത്തേ ഇല്ല. മഴയില്ലായിരുന്നെങ്കില്‍ കിണറ്റില്‍ നിന്നും വെള്ളം കോരി കുളിക്കാമായിരുന്നു, അതിനു ചെറിയ ചൂടുകാണും രാവിലെ.
കൂടുതൽ ആലോചിച്ചു നിൽക്കാതെ തോർത്തും ഉടുതുകൊണ്ട് മഴയത്തുചാടി. ചരുവത്തിൽ നിറഞ്ഞിരിക്കുന്ന മഴവെള്ളം മഗ്ഗിൽ കോരിയൊഴിച്ചു ഉഗ്രൻ ഒരു കുളി പാസ്സാക്കി. നേരെ അടുക്കളയിൽ ചെന്നപ്പോൾ ഗോതമ്പ് മാവിൽ തേങ്ങയും പഞ്ചസാരയും നടുക്കുവെച്ചു വട്ടയിലയിൽ പൊതിഞ്ഞു ചീനിചട്ടിയിൽ ഉണ്ടാക്കിയ ഓട്ടടയും ചായയും വച്ചിരിക്കുന്നു. അതും കഴിച്ച് പതുക്കെ മുറിയിലേക്ക് കയറി. ചേച്ചിയുടെ നിവിയാ ക്രീം കുറച്ചെടുത്തു മുഖത്തു പുള്ളികൾ ഇട്ടു. 'തൊട്ടുപോയേക്കരുത്' എന്നാണ് ചേച്ചിയുടെ ഓർഡർ എങ്കിലും, ഇതുപോലെ ചിലപ്പോഴൊക്കെ റിസ്ക് എടുക്കാറുണ്ട്. പിന്നീട് കുറച്ചു കുട്ടികൂറ പൌഡർ മുഖത്തു വാരി പൊതിഞ്ഞു.
യൂണിഫോമിൽ ഇന്നലെ വൈകിട്ടു നടന്നപ്പോള്‍ ചെരുപ്പില്‍ നിന്നും പറ്റിയ ചെളി വട്ടത്തില്‍ നല്ല പൊട്ടുപോലെ കാണാം. കഴുകിയാലും അതു പോകില്ല. ചെരുപ്പിട്ട് എത്ര സൂക്ഷിച്ചു നടന്നാലും ഇത്തിരി ചെളിയെങ്കിലും തെറിക്കും. ഒരു ഷൂ ഉണ്ടായിരുന്നെങ്കില്‍ ആ കുഴപ്പം ഇല്ലായിരുന്നു.
ഞെക്കുമ്പോള്‍ നിവരുന്ന കുട വാങ്ങിത്തന്നത് ബസിൽ വച്ചു മറന്നു കളഞ്ഞതു കാരണം ഇപ്പോള്‍ അമ്മയുടെ പഴയ ഒറ്റ മടക്കുള്ള സെന്റ് ജോർജ് കുടയാണ് ശരണം. ഒന്നു രണ്ടു തുളയുണ്ട്, ഒരു കമ്പി ഇത്തിരി വളഞ്ഞിട്ടും ഉണ്ട്, എന്നാലും പ്രശ്നമില്ല. പുസ്തകങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി കുടയും നിവർത്തിക്കൊണ്ട് വീട്ടിൽ നിന്നും ഇറങ്ങി. പൂന്താനത്തെ റോഡിനു കുറുകെയുള്ള കാനയില്‍ മഴവെള്ളം നിറഞ്ഞ് കണ്ടത്തിലേക്ക് ഒഴുകുന്നു. പച്ചത്തവളയും നീർക്കോലിയും ഒക്കെ തലപൊക്കി നോക്കുന്നുണ്ട്. എബി പോളും ചേട്ടൻ ഷാജി പോളും എത്ര പച്ച തവളയെയാണ് കുടക്കമ്പി കൊണ്ട് അമ്പ് എയ്ത് പിടിച്ചേക്കുന്നത്. സ്കൂളിൽ പോയില്ലെങ്കിൽ തല്ലുകൊള്ളും. അല്ലായിരുന്നു എങ്കിൽ എബി പോളിനെ കൂട്ടി മീൻ പിടിക്കാൻ പോകാമായിരുന്നു. വഴിയരികിലെ പുൽനാമ്പുകളിൽ വെള്ളത്തുള്ളികൾ ഇപ്പൊ താഴെ വീഴും വീഴില്ല എന്ന മട്ടിൽ തൂങ്ങി നിൽക്കുന്നത് കാണാൻ എന്ത് രസം. ചേമ്പിലകളിൽ, മഴ പെയ്തപ്പോൾ വീണ വെള്ളം താഴെ കളയാതെ അങ്ങോട്ടും ഇങ്ങോട്ടും തട്ടി കളിക്കുന്നതാണ് വേറൊരു വലിയ കാര്യം. ഒരു വലിയ വെള്ള ഉരുള പൊട്ടി ചിതറി കുഞ്ഞു വെള്ള ഉരുളകളാകും. പിന്നെ അതെല്ലാം ഒന്ന് ചേർന്ന് വീണ്ടും ഒരു വലിയ, തുള്ളിത്തുള്ളിക്കളിക്കുന്ന വെള്ള ഉരുളയാകും.
ചെറിയൊരു കല്ലെടുത്ത് ചേമ്പിലയിൽ ഇട്ടപ്പോൾ വെള്ളം ചിതറിപോകുന്നത് കാണാൻ നല്ല ചന്തം.
"എടാ കൊച്ചേ തോട്ടിലൊന്നും വീഴരുത് നല്ല ഒഴുക്കുണ്ട് " ഞാൻ തിരിഞ്ഞു നോക്കി. പാറപ്പുറത്തെ പ്രദീപ് ചേട്ടൻ. കയ്യിൽ ഒരു കവറും ഒറ്റാലും ഉണ്ട്. കവറിൽ നിറയെ മീനാണെന്ന് തോന്നുന്നു. മഴവെള്ളത്തിൽ കയറി വന്ന മീനുകളെ വളഞ്ഞിട്ട് ആക്രമിച്ചു പിടിച്ചതാണെന്ന് തോന്നുന്നു. നാട്ടിലെ ഒന്നാം ക്ലാസ്സ് മീൻപിടുത്തക്കാരനാണ് പ്രദീപ് ചേട്ടൻ. ഞങ്ങളുടെ നാട്ടിലെ (കൊഴുവല്ലൂർ ) പാടങ്ങളിലെയും തോടുകളിലെയും മിക്ക മീനുകളും പ്രദീപ് ചേട്ടന്റെ ആക്രമണത്തിന് ഇരയായി ഇഹലോകവാസം വെടിഞ്ഞവരാണ്. ആഹാരം കഴിക്കാതെ കുരുത്തക്കേടുകൾ കാണിച്ചു നടക്കുന്ന പൊടിമീനുകളെ " ദേ പ്രദീപിന് പിടിച്ചു കൊടുത്തുകളയും" എന്നുപറഞ്ഞു പേടിപ്പിച്ചു വയറിളക്കി ആയിരിക്കും അമ്മ മീനുകൾ മര്യാദരാമന്മാർ ആക്കുന്നത്.
എട്ടരയുടെ CPN ബസ് വരുന്ന ഒച്ച കേള്‍ക്കുന്നു. ദൈവമേ..നിറച്ചും ആളുമായാണ് വരവ്. റോഡിൽ കുത്തിഒലിക്കുന്ന മഴവെള്ളം തെറുപ്പിച്ചുകൊണ്ട് CPN പാഞ്ഞു. ഞാൻ വെപ്രാളപെട്ട് ഒന്നു കുനിഞ്ഞുനിന്ന് തെറിച്ചു വന്ന വെള്ളത്തിനു നേരെ കുട വച്ചു. വെള്ളത്തിൽ കുളിച്ചതു മാത്രം അല്ല എന്റെ സെന്റ് ജോർജ് അച്ചായൻ കാറ്റടിച്ചു തലകീഴായ് ബോധം പോയി ഒരു നിൽപ്. പിന്നീട്, രാമായണത്തിലും മഹാഭാരതത്തിലും യുദ്ധവീരന്മാർ യുദ്ധത്തിനുമുന്പ് വാളുയർത്തി ആകാശത്തിലേക്ക് കാണിക്കുന്നതുപോലെ കുട രണ്ടു തവണ മുകളിലേക്ക് ആക്കിയപ്പോഴാണ് പഴയ രൂപത്തിൽ എത്തിയത്.
ആകെ നനഞ്ഞു നിൽക്കുമ്പോഴാണ് റ്റീനാ വർഗീസ് എത്തിയത് കൂടെ എബി പോളും ഉണ്ട് . എന്റെ കൂടെ മൂന്നാം ക്ലാസു മുതൽ പഠിച്ചു തുടങ്ങിയതാണ് റ്റീന. എബിയെ പിന്നെ ജനിച്ചു വീണപ്പോൾ മുതൽ കാണാൻ തുടങ്ങിയതാണ്. പൊയ്കമുക്കും കഴിഞ്ഞു ഞങ്ങൾ കുടയും ചൂടി പൂമ്പാറ്റയിലെ മിക്കിയുടെയും പപ്പൂസിന്റെയും കഥകൾ പറഞ്ഞുകൊണ്ട് സ്കൂളിലേക്ക് നടന്നു. സ്കൂളിലേക്കുള്ള വഴിക്ക് ഓരോ ദിവസവും
ഓരോ ഗന്ധമായിരുന്നു.. പൊരികടലയുടെയും, പൈസ മുട്ടായിയുടെയും, ചാമ്പക്കയുടെയും, കമ്പിളി നാരങ്ങായുടെയും, പറങ്കി പഴത്തിന്റെയും, മാങ്ങയുടെയും ഒക്കെ ഗന്ധം. നേരത്തേ പോയെന്ന് അറിയിക്കാൻ കൂട്ടുകാർ ഒടിച്ചിട്ട കമ്മ്യൂണിസ്റ്റ് പച്ചയുടെ മണം. അടികിട്ടാതിരിക്കാൻ കെട്ടിവച്ച പുല്ലിന്റെ മണം. വയലേലകളിലെ നെല്ലിന്റെയും ചേറിന്റെയും മണം..
ഒരിക്കലും ഇനി തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും മനം കൊതിക്കുന്നു എന്റെ കൂട്ടുകാരോടൊത്തു ഒരിക്കൽക്കൂടിയാ വഴിയേ നടക്കാനും ഓർമകളെ വാസനിക്കാനും.