മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

ഭാര്യ നാരായണി കുടുംബശ്രീക്ക് പോയനേരമാണ് രായപ്പണ്ണന്റെ മൊബൈലിൽ ഒരു കോൾ വന്നത്. കൊറോണക്കാലം ആയതിനാൽ ഇപ്പോൾ മേശരിപ്പണി ഒന്നുമില്ലാതെ വീട്ടിൽ ചൊറിയും കുത്തി ഇരിക്കുമ്പോഴാണ് ഒരു കോൾ.

രായപ്പണ്ണൻ ഫോൺ എടുത്തു. സഹ പണിക്കാരൻ മുഴക്കോൽ ശശി. "രായപ്പണ്ണാ വീട്ടിൽ നാരായണി ചേച്ചി ഉണ്ടോ കുറച്ചു സാധനം കിട്ടിയിട്ടുണ്ട്. നല്ല പറപ്പൻ വാറ്റ്. മഠത്തിൽ പറമ്പിൽ സോമന്റെയാണ് ഐറ്റം. ഞങ്ങൾ അങ്ങോട്ട് വരട്ടെ " രായപ്പണ്ണന്റെ ഉള്ളിൽ പത്തു ലഡുവും കൂടെ നാലഞ്ച് ഗുലാബ് ജാമും ഒന്നിച്ചു പൊട്ടി.

"വരട്ടെന്നോ വന്നില്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും. വേഗം ഒന്ന് വാടാ.", ആകെയൊരു ഉന്മേഷം കിട്ടിയ രായപ്പണ്ണൻ വേഗം തന്നെ രണ്ടു കരിക്കും ഇട്ട് ടച്ചിങ്‌സ് ന് കടുമാങ്ങായും എടുത്തു, മുട്ടയിടാൻ മുട്ടി ഇരിക്കുന്ന ഗിരിരാജൻ കോഴിയെ പോലെ ഇരുന്നു. എത്ര ദിവസമായി ഇങ്ങനെ പച്ചക്ക് ഇരിക്കുകയാണ്.
----

വാറ്റ് കൊണ്ടുവന്ന ഗ്രൂപ്പിൽ മുഴക്കോൽ ശശിയും കൂടെ കരണ്ടി രഘുവും ഉണ്ടായിരുന്നു. "ശശീ നീ മുത്താടാ മുത്ത് " എന്ന് പറഞ്ഞു കൊണ്ട് രായപ്പണ്ണൻ ശശിയെ ഒന്ന് പൊക്കി. " സത്യം പറയാമല്ലോ രായപ്പണ്ണാ ഈ രഘുവാണ് സോമന്റെ മടയിൽ പോയി ഈ സാധനം കൊണ്ടുവന്നത്. ശശി തന്റെ ക്രെഡിറ്റിന്റെ പകുതി രഘുവിന് നൽകി. അല്ലങ്കിലും പണ്ടേ ശശി ദാനശീലനാണ്. രണ്ടു പെഗ് വീതം കഴിച്ചപ്പോഴേ മൂവരും ഫിറ്റായി.

"അല്ലെങ്കിലും പണ്ടേ കള്ളിൽ കൃത്രിമം കാണിക്കാത്ത ആളാണ് മഠത്തിൽ പറമ്പിൽ സോമൻ " അവൻറെ അച്ഛനും പണ്ട് ഇങ്ങനെ ആയിരുന്നു.", ഒറ്റ പെഗ്ഗിൽ തന്നെ രായപ്പണ്ണൻ സോമനും സോമന്റെ അച്ഛനും ISI സർട്ടിഫിക്കറ്റും കൊടുത്തുകളഞ്ഞു.

"രായപണ്ണാ നമുക്കൊരു ടിക് ടോക് ചെയ്താലോ?", കരണ്ടി രഘുവിന്റെ ചോദ്യം കേട്ട് രായപ്പനും ശശിയും സംഘം ചേർന്ന് രഘുവിനെ നോക്കി...

"പൊക്കോണം അവിടുന്ന്, രായപ്പൻ കള്ളുകുടിക്കും എങ്കിലും ഇമ്മാതിരി വൃത്തികെട്ട പണിയൊന്നും ഇതുവരെ ചെയ്തിട്ടില്ല" രായപ്പണ്ണൻ നീരസത്തോടെ പറഞ്ഞു.

രഘു തന്റെ ഫോൺ എടുത്തു രണ്ടാളെയും ടിക്‌ടോക് കാണിച്ചുകൊടുത്തു. കൂടാതെ ടിക്‌ടോക് നെ പറ്റി ഒരു സ്റ്റഡിക്ലാസ്സും എടുത്തു.

"കൊള്ളാമല്ലോ രായപ്പണ്ണാ പരിപാടി. നമ്മളൊന്ന് വൈറൽ ആയാൽ പുളിക്കുമോ. ഇപ്പോഴത്തെ പുതിയ പിള്ളേർക്ക് മാത്രമേ ഇതൊക്കെ പറ്റുവൊള്ളൂ എന്നുണ്ടോ" മുഴക്കോൽ ശശി രായപ്പണ്ണന്റെ മുന്നിൽ ഒരു മുഴക്കോൽ നീട്ടി എറിഞ്ഞു. അതിൽ രായപ്പണ്ണൻ വീണു.

ഓരോ ചെറുത് കൂടി വിട്ടിട്ട്, അങ്ങനെ കരണ്ടി രഘു വിന്റെ അതി ശക്തമായ സംവിധാനമേൽനോട്ടത്തിൽ മൊബൈൽ ഫോൺ തൊട്ടടുത്തുള്ള പേര മരത്തിൽ അഡ്ജസ്റ്റ് ചെയ്ത് വച്ച്, റാംജിറാവ് സ്‌പീക്കിങ് സിനിമയിലെ ഇന്നസെന്റും മുകേഷും സായികുമാറും കൂടിയുള്ള തേങ്ങാ ഏറും ബാക്കിയുള്ള കെട്ടി മറിയലും അഭിനയിക്കാൻ തുടങ്ങി.

അങ്ങനെ ഏഴാമത്തെ ടേക് ആണിത്. ഇതെങ്കിലും ഓക്കേ ആകണേ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അഭിനയത്തിന്റെ പുതിയ പുതിയ തലങ്ങളിലേക്ക് മൂവരും കത്തിക്കയറുമ്പോഴാണ് ആ അത്യാഹിതം സംഭവിച്ചത്.

കൊറോണ കഥകളും സീരിയൽ കഥകളും അത്യാവശ്യം പരദൂഷണവും കഴിഞ്ഞു കുടുംബശ്രീയിൽ നിന്ന് മൂളിപ്പാട്ടും പാടി വീട്ടിലേക്ക് വന്ന നാരായണി കാണുന്നത്, തന്റെ ജീവന്റെ ജീവനായ രായപ്പണ്ണനെ മണ്ണിൽ കമഴ്ത്തി കിടത്തി ശശിയും, രഘുവും കൊല്ലാൻ ശ്രെമിക്കുന്ന അതി ഭീകരമായ കാഴ്ചയാണ്.
റാംജിറാവ് സ്പീക്കിങ്ങ് ലെ മുകേഷാണ് ഇപ്പോൾ രായപ്പണ്ണൻ എന്ന് നാരായണിക്ക് അറിയില്ലല്ലോ!.
നാരായണിയിലെ ഭീമൻരഘു സടകുടഞ്ഞെഴുനേറ്റു. മറ്റൊന്നും ആലോചിക്കാതെ ഉണങ്ങാൻ ഇട്ടിരുന്ന വിറക് കഷ്ണം കയ്യിലെടുത്തു, മുകേഷിന്റെ പുറത്തിരുന്ന സായികുമാറിന്റെ ഉച്ചി നോക്കി ഒറ്റ അടി.
ഒറ്റ അടിയിൽ ബോധം പോയ മുഴക്കോൽ ശശി തന്റെ തലയിൽ ഉൽക്ക വീണേ എന്ന് അലറിക്കൊണ്ട് മുന്നോട്ട് വീണു. വീണ്ടും ഒരു ഉൽക്ക കൂടി ശശിയുടെ തലയിൽ വീണു. അങ്ങനെ ശശിയുടെ കാര്യത്തിൽ ഒരു തീരുമാനം ആയി.

മരണവെപ്രാളപ്പെട്ട് ഭയന്നുപോയ കരണ്ടി രഘു ഓടാൻ നോക്കിയെങ്കിലും പരാജയപ്പെട്ടു പോയി. ഒറ്റ കുതിക്കലിന് തന്റെ ലാവ മോഡൽ ഫോൺ കയ്യിലെടുത്തു നാരായണിയെ കാര്യം പറഞ്ഞു മനസിലാക്കാൻ തുടങ്ങുമ്പോഴേക്കും വാരിയെല്ലിനു വിറകിനിട്ട് ഒന്ന് കിട്ടി. രഘുവിന്റെ ചെവിയിലൂടെ കാറ്റ് 'മുകേഷ് ' എന്നു പറഞ്ഞു കടന്നുപോയി. ആ വെപ്രാളത്തിനിടയിൽ കരണ്ടി രഘുവിന്റെ അക്കൗണ്ടിൽ വീഡിയോ അപ്‌ലോഡ് ആയി. രഘു പോലും അറിയാതെ.
പരിസരബോധം വീണ രായപ്പണ്ണൻ വിഷമപ്പെട്ടു എഴുനേറ്റു വന്നപ്പോഴേക്കും രഘുവിനും കണക്കിന് കിട്ടിയിരുന്നു.

"നിങ്ങൾക്ക് വല്ലതും പറ്റിയോ മനുഷ്യാ ഞാൻ പണ്ടേ പറഞ്ഞതാ ഈ ലോക്കലുകളുമായി ഇനി ഇടപാട് ഒന്നും വേണ്ടാന്ന്. ഞാൻ വന്നത് കൊണ്ട് നിങ്ങൾ രക്ഷപെട്ടു അല്ലങ്കിൽ ഇപ്പോൾ കാണാമായിരുന്നു" നാരായണി രായപ്പണ്ണനോട് ചോദിച്ചു.

'ഇതിൽ കൂടുതൽ ഇനി എന്തു പറ്റാനാണ് നാരായണീ' എന്ന് ചോദിക്കുന്നതുപോലെ രായപ്പണ്ണൻ നാരായണിയെ ദയനീയമായി നോക്കി. ബഹളം കേട്ട് അയല്പക്കക്കാർ ഓടിയെത്തി. തൊട്ടപ്പുറത്തെ പറമ്പിൽ ടിക്ടോക് എടുത്തുകൊണ്ടിരുന്ന യുവജനങ്ങളുടെ അവസരോചിതമായ ഇടപെടലിൽ മുഴക്കോൽ ശശിയും കരണ്ടി രഘുവും അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിക്കപ്പെട്ടു. ശശിയുടെ തലക്ക് എട്ട് സ്റ്റിച്ചുകൾ. രഘുവിന്റെ വാരിയെല്ലിന് ചെറിയ പൊട്ടൽ. അങ്ങനെ പത്തു ദിവസത്തേക്ക് രഘുവിനും ശശിക്കും ഹോസ്പിറ്റലിൽ ശെരിക്കും ക്വാറൻടൈൻ ആയി.

രഘുവിന്റെ വീഡിയോ ശെരിക്കും വൈറൽ ആയി. വെറും മുന്നൂറ് ലൈക് മാത്രം ഉണ്ടായിരുന്ന രഘു ഇപ്പോൾ മില്യനെയർ ആയി. ലൈക്കിലും ഫോളോ വേഴ്‌സിലും ഇപ്പോൾ രഘുവിനോട് കട്ടക്ക് നിൽക്കാൻ ആ പഞ്ചായത്തിൽ പോലും ആരുമില്ല. കരണ്ടി രഘു അങ്ങനെ പ്രമുഖൻ ആയി. നാച്ചുറൽ അഭിനയം എന്ന് ലോകം മുഴുവൻ പറഞ്ഞ രയപ്പണ്ണനും ശശിയും നാരായണിയും ശെരിക്കും താരങ്ങളായി...

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ