(Satheesh Kumar)
രാവിലെ തന്നെ എന്താണെന്നറിയില്ല നേരം അങ്ങ് വെളുത്തു. എല്ലായിടത്തും ഇങ്ങനെ ഒക്കെ ആയിരിക്കും ല്ലേ. അലാറം അടിച്ച മൊബൈലിനെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് കയ്യിലെടുത്തു. "പണ്ടാരം കൃത്യസമയത്തുതന്നെ അടിച്ചോളും " എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഒരു കുത്തു കുത്തി.
പാവം, പണ്ടൊക്കെ കീ കൊടുക്കുന്ന അലാറങ്ങൾ ആയിരുന്നു തലയ്ക്കും ചെകിട്ടത്തും തല്ലു വാങ്ങി കൂട്ടിയിരുന്നത്. ഇപ്പോൾ ഹോൾസെയിലായി മൊത്തം കുത്തിന്റെ രൂപത്തിൽ മൊബൈലുകളാണ് വാങ്ങിച്ചു കൂട്ടുന്നത്. അഞ്ചര ആയിരിക്കുന്നു. പതുക്കെ മൊബൈൽ കയ്യിലെടുത്തുകൊണ്ട് കിച്ചണിൽ പോയി ഒരു കട്ടനും ഉണ്ടാക്കി റൂമിലെത്തി TV ഓണാക്കി ന്യൂസ് ചാനൽ വെച്ചു.
ഇയർ ഫോണും ചാർജറും കൂടി ഒട്ടും തന്നെ ലജ്ജയില്ലാതെ അനുരാഗ ബദ്ധരായി ടേബിളിൽ കെട്ടിപ്പിടിച്ചു കിടക്കുന്നു. രണ്ടിനെയും അടർത്തി മാറ്റി. മാഗി ന്യൂഡിൽസ് പോലെ കുരുങ്ങി കിടക്കുന്ന ഇയർ ഫോൺ. ഉപയോഗിക്കാൻ എടുക്കുമ്പോൾ തന്നെ കാലേൽ വാരി നിലത്തടിക്കാൻ തോന്നുന്ന ഒരേയൊരു സാധനം മിക്കവാറും ഇയർ ഫോൺ മാത്രം ആയിരിക്കും.
മൊബൈൽ ചാർജറിലേക്ക് കുത്തിക്കൊണ്ട് ചെയറിൽ ചാരിയിരുന്ന് ആദ്യം വാട്സപ്പ് എടുത്തു. പതിനാറായിരത്തി എട്ട് ഗ്രൂപ്പുകളിലും കേറി എല്ലാമൊന്ന് ഓടിച്ചിട്ട് നോക്കിയപ്പോൾ തന്നെ അരമണിക്കൂർ പോയിക്കിട്ടി. പേഴ്സണൽ മെസ്സേജ് എല്ലാം കൂടി വീണ്ടും കിടക്കുന്നു കുറെയേറെ. അഡ്മിൻ ആയിട്ട് വിലസുന്ന ഗ്രൂപ്പിൽ പോയി എല്ലാവർക്കും മറുപടി ഇട്ടു. അടുത്തതായി മോന്തപുസ്തകം തുറന്നു. കഴിഞ്ഞ ദിവസം ഇട്ട പോസ്റ്റിന് കിട്ടിയ ലൈക്കും കമന്റും ഓടിച്ചൊന്നു നോക്കി. എല്ലാത്തിനും മറുപടി ഒക്കെ കൊടുത്തു. പുതിയതായി വന്ന റിക്വസ്റ്റ് കൾ പെൻഡിങ്ങിൽ വച്ചിട്ട്, കുറെ കട്ട ചങ്കുകളുടെ പോസ്റ്റിന് പോയി തലയും വെച്ച് ലൈക്ക് കമന്റ് ഒക്കെ നൽകി അവരെ ഖുശി ആക്കിയപ്പോൾ വീണ്ടും അരമണിക്കൂർ കൂടി ദാ പോയി. സ്മൂളിൽ കേറി ഇന്നലെ യേശുദാസ് ആകാൻ പഠിച്ചു വള്ളി കീറി പാടിയ നാലഞ്ച് പാട്ടുകൾ എടുത്തു നോക്കി. ഇല്ല പൊടി മണിക്ക് പോലും ആരും കൂടെ പാടിയിട്ടില്ല. ഭാഗ്യം. അവിടെയും ലൈക്കും കമന്റും കുറെ വാരി വിതറിയിട്ട് നേരെ ലൈൻ ലേക്ക് ചാടി. പാട്ടുകാരുടെ അംഗീകൃത ഗ്രൂപ്പാണ് ലൈൻ. ലൈൻ അടിക്കാൻ രാവിലെ തന്നെ ആരുമില്ലാഞ്ഞത് കാരണം KSRTC ഡിപ്പോയിൽ കൂടി കേറി ഇറങ്ങി പോകുന്ന സൂപ്പർ ഫാസ്റ്റ് പോലെ അതിലും ഒന്ന് കേറിയിറങ്ങി.
അടുത്തത് റോപോസ യുടെ ഊഴമാണ് . Tiktok നിർത്തിയപ്പോൾ ബെല്യ ഏതാണ്ട് സംഭവം ആണെന്നും പറഞ്ഞു വന്ന ആളാണിത്. പക്ഷെ ക്ലെച്ച് പിടിക്കുന്നില്ല. സ്വന്തമായി vdo ഇതുവരെ ചെയ്തില്ലെങ്കിലും ചങ്കുകളെ പിണക്കാൻ പാടില്ലല്ലോ. കൊടുത്തു അവിടെയും ഇടുക്കി ഡാം തുറന്നു വിട്ടപോലെ ലൈക്കും കമന്റും.
ദൈവമേ എന്റെ ഇൻസ്റ്റ. വേഗം ഇൻസ്റ്റാഗ്രാം തുറന്നു. ഫോളോ ചെയ്തവരെ, മുന്നും പിന്നും നോക്കാതെ തിരിച്ചും ഫോളോ ചെയ്തു. അവിടെയും ലൈക്കും കമന്റുമാണ് പ്രധാനികൾ. വാരിയങ്ങോട്ട് വിതറിയിട്ട് പുറത്തു ചാടി. അപ്പോഴേക്കും messenger ൽ ഗുഡ് മോർണിംഗ് പറയാൻ ആൾക്കാർ വരിവരിയായി എത്തി. ചിലരുണ്ട് ഒരൊറ്റ പോസ്റ്റ് പോലും നോക്കില്ലെങ്കിലും കൃത്യമായി ഗുഡ് മോർണിംഗ് ഗുഡ് നൈറ്റ് കൊണ്ടുവന്ന് തരാറുണ്ട്. എന്തിനാണോ ആവോ ഇത്..
പെട്ടന്നതാ ഒരു കട്ട ചങ്കിന്റെ മെസ്സേജ്. "എടാ നിന്നെ ഞാനൊരു ഗ്രൂപ്പിൽ ചേർക്കട്ടെ. 'കിളിക്കൂട് ' എന്ന ഗ്രൂപ്പിൽ. നീയാണെങ്കിൽ മുടിഞ്ഞ എഴുത്തുകാരൻ അല്ലേ "
"പ്രാകാതെടീ രാവിലെ തന്നെ. എന്റെ പൊന്നോ വേണ്ട. റിയാലിറ്റി ഷോ ഇട്ട് ക്ഷമ പരീക്ഷിക്കുന്ന ഗ്രൂപ്പ് ആയിരിക്കും. ഇവിടെ ഉള്ള ആപ്പുകളും ഗ്രൂപ്പുകളും കൊണ്ട് മനുഷ്യന് സമയം തികയാതെ ഇരിക്കുമ്പോൾ ആണ് ഒരു കിളിക്കൂട്"
"ഓ നീ വല്യ ജാഡക്കാരൻ " എന്നുപറഞ്ഞു ചങ്ക് പോയി.
ദൈവമേ ഏഴുമണി, ഇനി അരമണിക്കൂർ കൂടി മാത്രം ഡ്യൂട്ടിക്ക് പോകാൻ. മെയിൽ ചെക്ക് ചെയ്യാൻ കിടക്കുന്നു. അക്കൗണ്ട് ചെക്ക് ചെയ്തില്ല, ന്യൂസ് വായിച്ചില്ല ഇനിയും കിടക്കുന്നു ആപ്പുകൾ നെടുനീളത്തിൽ. ചാടിയെഴുന്നേറ്റു, ആർക്കോവേണ്ടി ഇത്രയും നേരം വാർത്ത കേൾപ്പിച്ച TV ഓഫ് ചെയ്തു ബാത്റൂമിലേക്ക് പായാൻ തുടങ്ങുമ്പോൾ വൈഫ് പള്ളിയുറക്കം കഴിഞ്ഞു എഴുനേറ്റ് വന്ന് സംശയത്തോടെ എന്നെ നോക്കി നിൽക്കുന്നു.
"രാവിലെ തന്നെ ആരോടാ മനുഷ്യാ ഈ ചാറ്റിങ് " വൈഫ് കട്ട കലിപ്പിലാണ്.. "ദൈവമേ ഇന്നത്തെ ദിവസം പോയി കിട്ടി " എന്നോർത്തുകൊണ്ട് വളിച്ച ഒരു ചിരിയും ഫിറ്റ് ചെയ്തു മൊബൈൽ ടേബിളിൽ വച്ച് ബാത്റൂമിലേക്ക് നടക്കുമ്പോൾ "നീ തീർന്നെടാ തീർന്നു " എന്ന് മൊബൈൽ എന്നോട് പറയുന്നതായി തോന്നി.