mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Satheesh Kumar)

അതിരാവിലെ നടയടിയായി OPR ന്റെ രണ്ടു പെഗ് കട്ടക്ക് അടിച്ചിട്ട് രായപ്പണ്ണന്റെ റബറും തോട്ടത്തിൽ ഗുലാം പരിശു കളിച്ചു കൊണ്ടിരുന്നപ്പോഴാണ് സുഗുണൻ മേശരിയെ ലാസർ മുതലാളി കാണാൻ ചെന്നത്.

"സുഗുണാ ഒരു ചെറിയ പണി ഉണ്ടല്ലോടെ പറ്റുമോ "

"മൊതലാളി പണി എന്തെന്ന് പറഞ്ഞാട്ടെ എന്നിട്ടല്ലേ നമുക്ക് പ്ലാൻ ചെയ്യാൻ പറ്റൂ " ഭയങ്കര എന്തോ പണി കിട്ടാനുള്ള മൂടോടെ സുഗുണൻ പറഞ്ഞു.

"വലിയ പണി ഒന്നുമല്ല, പക്ഷേ ആണ്. ഒരു ചക്ക ഇടണം സുഗുണാ"

"ചക്കയോ?" സുഗുണൻ മേശരി ഒരു OPR ചിരി മുഖത്തു ഫിറ്റു ചെയ്തു കൊണ്ട് ചോദിച്ചു.

"അതെ ചക്ക തന്നെ. വരിക്ക ചക്ക. ഈ നാട്ടിൽ എങ്ങും ഒരെണ്ണം എടുക്കാൻ ഇല്ല. ഉള്ളതെല്ലാം കൂഴയാ. വീട്ടിൽ ഒരെണ്ണം ഉണ്ട്. നമ്മുടെ കോഴിക്കൂടിന്റെ പുറകിൽ നിൽക്കുന്ന പ്ലാവിൽ. പക്ഷേ അങ്ങ് മുകളിലാ. മോള് UK യിൽ നിന്ന് വന്നിട്ടുണ്ട് സുഗുണാ. അവൾക്കൊരു ആഗ്രഹം വരിക്ക തിന്നണം എന്ന്. ഞാൻ നമ്മുടെ വെട്ട് ഗോപിയെ വിളിച്ചിരുന്നു. വെട്ടിന് കാലിന് ആണി രോഗം ആണുപോലും ഇപ്പോൾ മരം കയറ്റം ഇല്ലത്രെ. സുഗുണൻ ഒന്ന് നോക്കിക്കേ, ഇല്ലങ്കിൽ ആരെയെങ്കിലും ഏർപ്പാട് ആക്കിയാലും മതി"

"അതിപ്പോൾ പ്ലാവിൽ കേറുക എന്നൊക്കെ പറഞ്ഞാൽ. സുഗുണൻ ഒരു ഫുൾസ്റ്റോപ്പ് ഇട്ടിട്ട് "നമുക്ക് തോട്ടി കെട്ടി അറത്ത് ഇട്ടാലോ" എന്ന് ഒരു അറപ്പൻ പ്ലാൻ പറഞ്ഞു.

"സുഗുണാ ചക്ക താഴെ വീഴാതെ വേണം ഇടാൻ. താഴെ വീണാൽ അത് കേടായി പോയാലോ"

"അതൊക്കെ വല്യ പാടാ മൊതലാളീ. മാങ്ങായോ പേരക്കയോ വല്ലോം ആരുന്നേൽ ക്യാച്ച് എടുക്കാമായിരുന്നു. ഇതിപ്പോൾ ചക്ക ഒക്കെ ക്യാച്ച് എടുക്കണേൽ സാക്ഷാൽ ഭീമനെകൊണ്ടേ പറ്റൂ."

"ഭീമനോ, പുള്ളിയെ വിളിച്ചാലോ സുഗുണൻ ന്റെ പുതിയ മൈക്കാട് പണിക്കാരൻ വല്ലോം ആണോ" ലാസറിന് ഉന്മേഷം കേറി.

"എന്റെ പൊന്നു മൊതലാളി അത് ഞങ്ങളുടെ മഹാഭാരതത്തിൽ ഉള്ള ഒരാളാണ്. മൈക്കാടും മേശരിയും ഒന്നുമല്ല.", സുഗുണൻ മേശരി തലയിൽ കൈ വെച്ചു.

"സുഗുണാ ആരെയെങ്കിലും വിളി. ഇന്ന് തന്നെ ചക്ക ഇടണം. ദേ ഒരു ലിറ്റർ JDF ഉം ഉണ്ട്" ലാസർ ഒരു വരാൽ ചൂണ്ട കേറ്റി ഇട്ടു.

"JDF ഉണ്ടെങ്കിൽ പിന്നെ ചക്കയല്ല വേണമെങ്കിൽ ആകാശത്തു നിന്ന് വാൽ നക്ഷത്രത്തെ വരെ ഞാൻ അടത്തിപ്പറിച്ചു ഇട്ടുതരും. നമുക്കാ ആഹ്ലാദം ആനന്ദനെ കൂടി വിളിക്കാം. മൊതലാളി വണ്ടി എടുക്ക്.
ആഹ്ലാദം ആനന്ദൻ നാട്ടിൽ അറിയപ്പെടുന്ന തേങ്ങാ വെട്ടുകാരൻ ആണ്. തെങ്ങുകയറ്റത്തിൽ ഡിപ്ലോമ എടുത്ത് നാട്ടിലെ പോരാഞ്ഞിട്ട് അടുത്ത പഞ്ചായത്തിലെ തെങ്ങുകളെ പോലും വെറുതെ വിടാത്ത ആളാണ്. ദിവസം ഒരു തെങ്ങിൽ എങ്കിലും കയറിയില്ലെങ്കിൽ രാത്രി ഉറക്ക ഗുളിക കഴിച്ചാലേ കുഞ്ഞുതായി എങ്കിലും ഉറക്കം വരൂ എന്ന ദു സ്വഭാവം ഉള്ള ആളാണ് ആഹ്ലാദം.

രാവിലെ ആരും തെങ്ങിൽ കയറാൻ വിളിക്കാഞ്ഞതിൽ വിഷമിച്ചു കുണ്ഠിതപ്പെട്ട് സ്വന്തം വീട്ടു മുറ്റത്തെ നാടൻ തെങ്ങിൽ കൊതിയോടെ നോക്കി നിന്നപ്പോഴാണ് ലാസർ മുതലാളിയും സുഗുണനും ചെല്ലുന്നത്. കാര്യങ്ങൾ അറിഞ്ഞ ആഹ്ലാദം ആനന്ദൻ മനസ്സിൽ ആഹ്ലാദം കൊണ്ടു. "പ്ലാവെങ്കിൽ പ്ലാവ് അല്ലപിന്നെ"
പോകാനായി ലാസർ മുതലാളിയുടെ സ്വിഫ്റ്റ് ഡിസയറിൽ കയറി ഇരുന്ന ആഹ്ലാദം പെട്ടന്ന് ചാടിയിറങ്ങി തിരിച്ചു വീട്ടിലേക്ക് ഒരോട്ടം.

ലാസറും സുഗുണനും 'ങ്‌ഹേ ' എന്ന മ്യൂസിക് ഇട്ടുകൊണ്ട് കണ്ണിൽ കണ്ണിൽ നോക്കി. പോയ വേഗത്തിൽ ആഹ്ലാദം മുഖത്തു പാൽപുഞ്ചിരിയുമായി തിരിച്ചെത്തി.

"എന്തോ എടുക്കാൻ മറന്നുവെന്നു തോന്നുന്നു എന്താ ആനന്ദാ വല്ല മൊബൈലോ മറ്റോ ആണോ " ലാസർ മൊതലാളി ചോദിച്ചു.

"ഓ അതൊന്നുമല്ല മൊതലാളി ഞങ്ങൾ മരം കയറ്റക്കാർക്ക് വളരെ അത്യാവശ്യം വേണ്ട ഒരു സാധനം ഇടാൻ പോയതാ. 'അൻഡ്രയാർ ' ആഹ്ലാദം പാൽപ്പുഞ്ചിരിയോടെ പറഞ്ഞു.

ലാസറും സുഗുണനും സംഘം ചേർന്ന് ചിരിച്ചു. പോകുന്ന വഴിയിൽ ലാസർ ചക്ക ഇടീലിനെ പറ്റി ഒരു സ്റ്റഡി ക്ലാസ്സ്‌ എടുത്തു.

ലാസർ മൊതലാളിയുടെ വീട്ടിൽ എത്തി ആദ്യമായി ആഹ്ലാദം ഒരു ദിനേശ് ബീഡി കത്തിച്ചു ചുണ്ടിൽ കടിച്ചു പിടിച്ചുകൊണ്ട് പ്ലാവിനെ ആകെയൊന്ന് വീക്ഷിച്ചു. കെട്ടുതോണി പോലൊരു ചക്ക ഏറ്റവും മുകളിൽ പൂന്തു വിളയാടി കിടക്കുന്നുണ്ട്. കൂടെ സുഗുണൻ മേശരി 'പ്ലാവ് കണ്ടുപിടിച്ചതെ ഞാനാണ് എന്ന മുഖഭാവം മുഖത്തു ഫിറ്റ്‌ ചെയ്തുകൊണ്ട് പുറകിൽ കയ്യും കെട്ടി നിന്നു.

പ്ലാവെന്നു പറഞ്ഞാൽ ഒരു ഒന്നൊന്നര പ്ലാവ്. ടവർ പോലെ മുകളിലേക്ക് പോയേക്കുന്നു. താഴെ ശിഖരങ്ങൾ കുറവ്.

"ഇതെന്തോന്ന് പ്ലാവാ മൊതലാളി റോക്കറ്റ് പോലെ അങ്ങ് പോയേക്കുവാണല്ലോ " ആഹ്ലാദം തീരെ ആഹ്ലാദം ഇല്ലാതെ പറഞ്ഞു.

"ഇത് ഞങ്ങളുടെ മുതു മുത്തച്ഛൻ ഔതകുട്ടി വെച്ച പ്ലാവാ. അന്ന് വീട്ടിൽ നിറയെ ആട് ഉണ്ടായിരുന്നു. ആടിന് പ്ലാവില കൊടുക്കാനായി ഉണ്ടാകുന്ന കമ്പുകൾ എല്ലാം വെട്ടി. അതാണ് ഇവൻ ഈ പരുവത്തിൽ ആയത്. ലാസർ പ്ലാവിന്റെ ഹിസ്റ്ററിയും പറഞ്ഞു.

"നമുക്ക് കയർ കെട്ടി മുകളിലേക്ക് വലിഞ്ഞു കയറിയാലോ " സുഗുണൻ ഒരു പ്ലാൻ ഇട്ടു.

"കയർ എങ്ങനെ കെട്ടും മുകളിൽ?" ആഹ്ലാദം ചോദിച്ചു

സുഗുണൻ ഉത്തരം ഇല്ലാതെ വിഷമിച്ചു നിന്നു. അപ്പോഴേക്കും ലാസർ മൊതലാളി JDF ഉം ബാക്കി ടച്ചിങ്‌സും ഒക്കെയായി വന്നു. "പ്ലാവിന്റെ ചുവട്ടിലേക്ക് എല്ലാവരും വട്ടം കൂടി ഇരുന്നു. "ഒരെണ്ണം അങ്ങോട്ട്‌ കീറിയാൽ പ്ലാൻ ഒക്കെ തന്നെ വരും "ലാസർ മൊതലാളി ഒരു ഡയലോഗ് ഇട്ടു.

പെട്ടന്ന് ലാസർ മൊതലാളിയുടെ ഭാര്യ കൊച്ചുത്രേസ്യ സ്പോട്ടിൽ എത്തിയിട്ട് ലസാറിനെ കണ്ണു കാട്ടി ഉള്ളിലേക്ക് വിളിച്ചു.

"ദേ മനുഷ്യനെ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ഒള്ള പൂളാച്ചി കള്ള് എല്ലാം കൂടെ ആദ്യമേ കോരി കൊടുത്തിട്ട് ബോധമില്ലാതെ ഇവന്മാർ തലേം കുത്തി എങ്ങാനും പ്ലാവിൽ നിന്ന് വീണാൽ പണി പാളുമെ. ഒരു മൊതലാളി വന്നേക്കുന്നു. നിങ്ങൾക്ക് വിവരമില്ലേ മനുഷ്യാ. പണി കഴിഞ്ഞിട്ട് എത്ര വേണേലും കള്ള് കൊടുത്തോ കുഴപ്പമില്ല." കൊച്ചുത്രേസ്യ ഡയലോഗ് അടിയിൽ വല്യത്രേസ്യ ആയി.

ചീത്ത വിളി കേട്ട് കലങ്ങിയ മുഖവുമായി ലാസർ മൊതലാളി തിരിച്ചു വന്ന് വെള്ളം പോലും ഒഴിക്കാതെ ഒരു കട്ടപെഗ് അടിച്ചിട്ട് സങ്കടത്തോടെ കുത്തിയിരുന്നു.

"മൊതലാളീ ഇവനല്ല ഇവന്റെ അമ്മാച്ചനെ വരെ നമ്മൾ താഴെ ഇടും. നമ്മളോടാ കളി. ദേ ഞാൻ ഒരെണ്ണം അടിച്ചു. അതുമതി. ബാക്കി ചക്ക താഴെ വന്നിട്ട് ആകാം" ആഹ്ലാദം ആനന്ദൻ മുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

"ഇതിൽ അള്ളിപ്പിടിച്ചു കയറുന്നത് അത്ര ശെരിയല്ല. തൊട്ടപ്പുറത്തു നിൽക്കുന്ന തെങ്ങിലേക്ക് ആഹ്ലാദം കൊതിയോടെ നോക്കി. മൊതലാളീ വേഗം നല്ലയൊരു കയർ കൊണ്ടുവാ. കൂടെ കുറച്ചു ചെറിയ കയറുകളും " ആഹ്ലാദം ഓർഡർ ഇട്ടു.

പെട്ടന്ന് തന്നെ കയറുകൾ എത്തി. "ഈ തെങ്ങിൽ കൂടി കേറിയാൽ മുകളിൽ എത്തി പ്ലാവിലേക്ക് കയറാം " എന്ന ഡയലോഗ് അടിച്ചു കൊണ്ട് ചക്ക കയറ്റി ഇടാനായി ഒരു ചെറിയ കൂട് പോലെ കയറുകൾ കെട്ടി ഉണ്ടാക്കിയിട്ട് അതുമായി ആഹ്ലാദം തെങ്ങിലേക്ക് കയറി.

"ങ്ഹാ അങ്ങനെ, ഇങ്ങനെ, അതിൽ കൂടി, ഇതിൽ കൂടി. എന്നൊക്കെ ഡയലോഗ് ഇട്ടുകൊണ്ട് മരം കയറ്റത്തിൽ മുടിഞ്ഞ നോളെജ് ആണെന്ന് കാണിക്കാൻ വേണ്ടി സുഗുണൻ മേശരി മുകളിലേക്ക് നോക്കി. ആഹ്ലാദം ആനന്ദൻ രണ്ടാമതും ഇറങ്ങി ഓടി അണ്ടർവിയർ ഇട്ടതിന്റെ ഗുട്ടൻസ് ആ നോട്ടത്തിലാണ് സുഗുണന് മനസിലായത്.

തെങ്ങിന്റെ മുകളിൽ എത്തി കൊതിയോടെ തേങ്ങകളിലേക്ക് ഒന്ന് നോക്കിയിട്ട് ആഹ്ലാദം തെങ്ങിനോട് കെട്ടിപിടിച്ചു കിടക്കുന്ന ചില്ലയിലേക്ക് വലതു കാൽ വെച്ചു. ലാസർ മൊതലാളിയുടെ കെട്ടിയോൾ കൊച്ചുത്രേസ്യ, മോൾ ജൂലിയറ്റ്, മോൻ, ജിയോൻ, വീട്ടിലെ സ്ഥിരം പണിക്കാരൻ കുട്ടിമാപ്പിള ഇവരെയൊക്കെ കൂടാതെ അയല്പക്കത്തെ പോസ്റ്റർ പൊന്നച്ചനും കുടുംബവും, പിന്നെ ലാസർ മൊതലാളിയുടെ അൽസേഷ്യൻ നായ ടോമിയും, ലില്ലി പൂച്ചയും വരെ കണ്ണിന്റെ ഇമ പോലും വെട്ടിക്കാതെ ആഹ്ലാദം ആനന്ദന്റെ ചക്ക ഇടീൽ ലൈവ് ആയി കാണാൻ താഴെ പ്രേക്ഷകരായി നിലകൊണ്ടു.

ആഹ്ലാദം പ്ലാവിലേക്ക് കാൽ വെച്ചതും പ്രേതിഷേധ പ്രകടനവുമായി ഒരു കൂട്ടം യൂണിയൻ പ്രവർത്തകർ രംഗത്തെത്തി. വർഷങ്ങളായി പ്ലാവിലെ കുടികിടപ്പ് അവകാശമുള്ള നീർ ഉറുമ്പുകൾ. മുന്നും പിന്നും നോക്കാതെ ഉറുമ്പുകൾ ആഹ്ലാദത്തിന്റെ കാലിൽ കടി തുടങ്ങി.കൈകൾ കൊണ്ട് അടിച്ചും മാന്തിയും ഉരച്ചും കുറെയെണ്ണത്തിനെ ആഹ്ലാദം താഴെ ഇട്ടിട്ട് ധൈര്യമായി മുന്നോട്ട് നീങ്ങി. യൂണിയൻ പ്രവർത്തകർ എന്തോ മെസ്സേജ് അയച്ചതാണോ എന്നറിയില്ല തൊട്ടപ്പുറത്തെ നിൽക്കുന്ന മാവ്, തേക്ക് തുടങ്ങിയ ആവാസവ്യവസ്ഥകളിൽ ഉള്ളവർ വരെ ഇളകി വരുന്നു. ആഹ്ലാദം ആനന്ദന്റെ ആനന്ദം ഇച്ചിരി കുറഞ്ഞു. ഇനിയും താമസിച്ചാൽ പണി പാളും. കൊമ്പിൽ അള്ളിപ്പിടിച്ചു കൊണ്ട് ചക്കയുടെ അടുത്തെത്തി. കയറിന്റെ അറ്റം മുകളിലെ കൊമ്പിൽ കുരുക്കി കെട്ടി താഴേക്ക് ഇട്ടു. മറ്റേ അറ്റത്തു കെട്ടിയ കൂട്ടിലേക്ക് ചക്കയെ തിരുകി കയറ്റി.

"സുഗുണാ സൂക്ഷിച്ചു നിന്നോ, മുടിഞ്ഞ ഉറുമ്പാണ് ചക്ക അറക്കാൻ പോവാ ആഹ്ലാദം അലറി."

സുഗുണൻ മേശരി ബൗണ്ടറിയിൽ ക്യാച്ച് എടുക്കാൻ പോകുന്ന കപിൽ ദേവിനെ പ്പോലെ കയ്യും പിടിച്ചു നിന്നു.
"ദൈവമേ ഈ പണ്ടാരം എന്നെയും കൊണ്ട് താഴോട്ടു പോകരുതേ എന്ന് അറിയാവുന്ന എല്ലാ ദൈവങ്ങളെയും വിളിച്ച് താണു കേണ് അപേക്ഷിച്ചുകൊണ്ട് ആഹ്ലാദം ചക്കയുടെ ഞെട്ട് മുറിച്ചു.

താഴേക്കു പാഞ്ഞ ചക്ക കയറിൽ തൂങ്ങി നിന്ന് ആടി. ചക്ക പോയ ആഘാതത്തിൽ ഒന്ന് കുലുങ്ങി ആടിയ ആഹ്ലാദം കയറിലും മരത്തിലും അള്ളിപ്പിടിച്ചു നിന്നു. ആ തക്കത്തിന് ഉറുമ്പുകൾ ആഹ്ലാദം ആനന്ദനെ വളഞ്ഞിട്ട് ആക്രമിച്ചു. ആഹ്ലാദം മൊത്തം എങ്ങോ പോയ ആനന്ദൻ സ്പീഡിൽ ചക്ക താഴേക്ക് ഇറക്കി. ഒരു സൈഡിൽ ഉറുമ്പിന്റെ ആക്രമണം രണ്ടു കൈകളും കൊമ്പിനിടയിലൂടെ ചേർത്ത് പിടിച്ചുള്ള നിൽപ്പ്, ചക്കയ്ക്ക് ആണെങ്കിലോ കരിങ്കല്ലിന്റെ ഭാരവും. വെപ്രാളത്തിനിടയിൽ ആഹ്ലാദം ആനന്ദന്റെ കിറ്റെക്സ് കൈലി കയറിൽ കുരുങ്ങി ടാറ്റാ പറഞ്ഞിട്ട് ഒരൊറ്റ പോക്ക്. കൈലിയിൽ പിടിച്ച് നിൽക്കെടാ അവിടെ എന്ന് അലറണം എന്ന് അതിയായ ആഗ്രഹം ആഹ്ലാദത്തിന് ഉണ്ടായിരുന്നു എങ്കിലും മൂന്നാമതൊരു കൈ ഇല്ലാഞ്ഞത് കാരണം ആ ഉദ്യമത്തിൽ നിന്നും നിർബാധം പിൻവാങ്ങി.

നീലയും വെള്ളയും വരയോടു കൂടിയ അണ്ടർവിയറിൽ പൂത്തുലഞ്ഞു നിൽക്കുന്ന ആഹ്ലാദം ആനന്ദനെ കണ്ട് കൊച്ചുത്രേസ്യയും ജൂലിയറ്റും "യ്യോ എന്റെ കർത്താവെ" എന്നലറിക്കൊണ്ട് അകത്തേക്ക് പാഞ്ഞു. മതിലിന്റെ അപ്പുറത്ത് നിന്ന് ലൈവായി പ്രോഗ്രാം കണ്ട് രസിച്ചു നിന്ന പോസ്റ്റർ പൊന്നച്ചൻ ഭാര്യ മോളിയെ "എന്തോ കാണാൻ നിൽക്കുവാടീ കേറിപ്പോടീ അകത്ത് " എന്നൊരു ഡയലോഗ് അടിച്ചിട്ട് ഓടിച്ചു വിട്ടു.
"ഇവനെങ്ങാനും ഇനി അണ്ടർവിയർ ഇടാൻ മറന്നിരുന്നു എങ്കിൽ എന്താകുമായിരിന്നു അവസ്ഥ എന്നോർത്ത് ലാസർ മൊതലാളി കണ്ണു മിഴിച്ചു.

താഴേക്ക് ഇറങ്ങി വന്ന ചക്കയെ സുഗുണൻ മേശരിയും ലാസർ മൊതലാളിയും താങ്ങിപ്പിടിച്ചു താഴെ ഇറക്കി. ചക്കയിൽ കയറി താഴേക്ക് പോന്ന ചില യൂണിയൻ നേതാക്കൾ ഒട്ടും തന്നെ സമയം കളയാതെ കിട്ടിയ തക്കത്തിന് സുഗുണനെയും ലാസർ മൊതലാളിയെയും കേറി കടിച്ചു. അണ്ടർവിയറും ഇട്ടുകൊണ്ട് ജീവിതത്തിൽ ആദ്യമായി തെങ്ങിൽ നിന്നും നിരങ്ങി ഇറങ്ങി നക്ഷത്രം എണ്ണിയ ആഹ്ലാദം ആനന്ദൻ വിയർത്തു കുളിച്ച് പതയിളകി തെങ്ങിൻ തടത്തിൽ തളർന്നിരുന്നു.

സുഗുണൻ മേശരി കട്ടക്ക് ഒരു പെഗ് ഒഴിച്ച് ആഹ്ലാദത്തിന് നീട്ടി. ഒറ്റ വലിക്ക് ആ പെഗ് അകത്താക്കിയിട്ട് ആഹ്ലാദം ചോദിച്ചു "ലാസർ മൊതലാളീ ഇനിയും ഇതുപോലെ വല്ല പ്ലാവുകളും ഉണ്ടൊ അങ്ങേക്ക്?"
ലാസർ മൊതലാളി തന്റെ കയ്യിൽ കടിച്ചു പറ്റിയിരുന്ന ഉറുമ്പിനെ ഞെരിടി കൊല്ലുന്ന തിരക്കിൽ ആയിരുന്നു അപ്പോൾ.

"എന്തോ കാണാൻ ഇറങ്ങി വരുവാടീ പിന്നേം നീ ഇങ്ങോട്ട് " പോസ്റ്റർ പൊന്നച്ചൻ വീണ്ടും തന്റെ ഭാര്യ മോളിയെ കണ്ടം വഴി ഓടിക്കുന്നുണ്ടായിരിന്നു അപ്പോൾ.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ