mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

dog show

Shamseera Ummer

മുൻ കുറിപ്പ്:- (ഒരു നാട് അതിന്റെ ചരിത്രത്തിൽ തങ്ക ലിപികളാൽ എഴുതി ചേർത്ത ഒരു മധുര മനോഹരമായ പകവീട്ടലിന്റെ കഥയാണിത്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി ഇതിന് എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രമാണ്.)

ഉച്ചമയക്കവും കഴിഞ്ഞു അയൽവാസിയായ പുഷ്പയുടെ വീട്ടിലേക്ക് സൊറ പറയാൻ ഇറങ്ങിയതാണ് പാത്തു. പുഷ്പയുടെ വീടിൻറെ ഗേറ്റ് തുറന്നു അകത്തേക്ക് കാലെടുത്ത് വെച്ച പാത്തു കേൾക്കുന്നത് ബൗ ബൗ എന്ന ഗർജ്ജനമാണ്. നോക്കിയപ്പോൾ പുഷ്പയുടെ ഗംഭീരനായ പട്ടി ബ്ലാക്കി തൊട്ടു മുന്നിൽ നിന്ന് അണക്കുന്നു. ബ്ലാക്കിയെ കണ്ട് വേരിറങ്ങിപ്പോയ പാത്തു ബ്ലാക്കിയെയും, പാത്തുവിനെ കണ്ടു കോളടിച്ച സന്തോഷത്തിൽ ബ്ലാക്കി പാത്തുവിനെയും കണ്ണിമ വെട്ടാതെ പരസ്പരം കണ്ണിൽക്കണ്ണിൽ നോക്കി നിന്നു. ഒരു മിനിറ്റ് നീണ്ട നോട്ട മത്സരത്തിനു ശേഷം ബ്ലാക്കി ഒന്ന് മുരണ്ടു . ഉടനെ പാത്തു ഗേറ്റും വലിച്ചടച്ച് മുന്നിലെ പഞ്ചായത്ത് റോട്ടിലേക്ക് പി.ടി ഉഷയേക്കാൾ വേഗത്തിൽ പാഞ്ഞു. തൊട്ടു പിന്നാലെ ബ്ലാക്കിയും.

വിഭവസമൃദ്ധമായ ഉച്ചയൂണിന് ശേഷം മയക്കത്തിലാണ്ട് പോയ നാട്ടുകാർ അന്ന് മയക്കം വിട്ടുണർന്നത്  "പടച്ചോനേ .... ന്നെ കാത്തോളീ.... ഈ ദജ്ജാല് ന്നെ കടിക്കാൻ വര്ണേ? പുഷ്പേച്ച്യേ..ഓടിവരീ.. "എന്ന പാത്തുവിന്റെ ഉറക്കെയുള്ള നിലവിളി കേട്ടാണ്. കേട്ടവർ കേട്ടവർ ചാടി പിടിച്ച് ഓടിയെത്തിയപ്പോൾ കാണുന്നത് വേഗത്തിലോടുന്ന പാത്തുവിനെയും പാത്തുവിനെ പിടിക്കാവുന്ന ദൂരത്തിൽ കിട്ടിയിട്ടും ടോം ആൻഡ് ജെറിയിലെ ടോമിനെപ്പോലെ പത്തുവിനെ പേടിപ്പിച്ച് ഓടിച്ചിട്ട് വട്ട് കളിപ്പിക്കുന്ന ബ്ലാക്കിയെയുമാണ്.  വന്നവരും നിന്നവരുമെല്ലാം മുന്നിലെ ഓട്ട മത്സരം കണ്ട് മിഴുങ്ങസ്യാ നോക്കി നിന്നു പോയി.

ഉയിരും കയ്യിൽ പിടിച്ചോടുന്ന പാത്തു എന്ത് ചെയ്യണമെന്നറിയാതെ തൊട്ടടുത്തുള്ള മൂന്നാൾ പൊക്കമുള്ള ഉഷയുടെ മതിലിൽ പൊത്തിപ്പിടിച്ച് കയറി. എങ്ങിനെ ഇത്ര ഉയരത്തിൽ പാത്തു കയറി എന്ന് സത്യം പറഞ്ഞാൽ പാത്തൂൻ്റെ പടച്ചോനു പോലും അറിയില്ല. കയ്യിൽ കിട്ടിയ പാത്തു വഴുതിപ്പോയതിൽ ഇളിഭ്യനായ ബ്ലാക്കി മതിലിന് തൊട്ടു താഴെ പാത്തുവിനെയും നോക്കി ഇരിപ്പായി.  

 ഇത്രയൊക്കെ ബഹളം നടന്നിട്ടും ഇതൊന്നും പുഷ്പ അറിഞ്ഞിരുന്നില്ല. ബ്ലാക്കിയെ നിയന്ത്രിച്ച് പാത്തുവിനെ രക്ഷിക്കണമെങ്കിൽ പുഷ്പ തന്നെ വേണമെന്ന് മനസ്സിലാക്കിയ ചുറ്റും ഓടിക്കൂടിയ നാട്ടുകാരിൽ ആരുടെയൊക്കെയോ ഫോൺ കാരണം  ഗേറ്റിന് പുറത്തെത്തിയ പുഷ്പ കാണുന്നത് അന്തംവിട്ട് അവിടെവിടെയായി ചിതറിക്കിടക്കുന്ന നാട്ടുകാരെയും മതിലിലിരിക്കുന്ന പാത്തുവിനെയും  മതിലിന് താഴെ പ്രതീക്ഷയോടെയും അതിലുപരി കോപത്തോടെയും ദിഗന്തങ്ങൾ പൊട്ടുമാറുച്ചത്തിൽ കുരച്ചുകൊണ്ടിരിക്കുന്ന ബ്ലാക്കിയെയുമാണ്. "ബ്ലാക്കീ...." പുഷ്പ അതീവ സ്നേഹത്തോടെ വിളിച്ചപ്പോൾ ഇവിടെ ഒന്നും സംഭവിക്കാത്ത മട്ടിൽ ബ്ലാക്കി അനുസരണയോടെ തൻറെ മുറിവാലും ആട്ടിക്കൊണ്ട് പുഷ്പയുടെ അടുത്തേക്ക് പോയി. 

പുഷ്പ ബ്ലാക്കിയെ കൂട്ടിലടച്ചു. പിന്നീട് മൂന്നാൾ പൊക്കമുള്ള മതിലിൽ ഉടുമ്പിനെ പോലെ പറ്റിപ്പിടിച്ച് ഇപ്പോൾ വീഴും എന്ന മട്ടിൽ തൂങ്ങി കിടക്കുന്ന പാത്തുവിനെ എങ്ങനെ താഴെയിറക്കാം എന്നതായി നാട്ടുകാരുടെ ചിന്ത.  തമ്പ്രാൻ്റെ  വീട്ടിൽ നിന്നും വലിയ കോണി കൊണ്ടുവരാം, മതിലിന് താഴെ വലിയ വല വിരിച്ച് പിടിച്ച് പാത്തുവിനോട് ചാടാൻ പറയാം,അങ്ങനെയങ്ങനെഅഭിപ്രായങ്ങൾ പലതും പൊന്തിവന്നു.

തമ്പ്രാന്റെ വീട്ടിലെ വലിയ കോണിക്കായി ആള് പോയെങ്കിലും അയാൾ സ്ഥലത്തില്ലാത്തതിനാൽ നിരാശനായി മടങ്ങേണ്ടി വന്നു. ദാമുവിന്റെ മീൻ വല കൊണ്ടുവന്നു നാല് ഭാഗത്തായി നാട്ടുകാർ പിടിച്ചു നിൽക്കാം, പാത്തു ചാടിക്കോ എന്ന് പറഞ്ഞപ്പോൾ "നജസായ മീൻ വലയിലേക്ക് ചത്താലും ഞാൻ ചാടില്ലെന്ന്" പാത്തു കട്ടായം പറഞ്ഞു. പാത്തുവിനെ എന്ത് പറഞ്ഞു സമ്മതിപ്പിക്കും എങ്ങനെ രക്ഷിക്കും എന്ന കൂലങ്കഷമായ ചർച്ചയിലായി പിന്നീട് നാട്ടുകാർ. അതിനിടയിലാണ് സുമുഖനും സുന്ദരനും അതിലുപരി ആ നാട്ടിലെ ഏറ്റവും നീളം കൂടിയവനും സർവ്വോപരി കോഴിയുമായ ഷുക്കൂർ ഒരു പോം വഴി മുന്നോട്ടുവച്ചത്. അടുത്ത വീട്ടിലെ ചെറിയ കോണി വഴി താൻ കയറി പാത്തുവിനെ പിടിച്ചിറക്കാം എന്ന്. ഇത് കേട്ട നാട്ടുകാർ ഷുക്കൂറെങ്കിൽ ഷുക്കൂറ്..ഈ തൊല്ല ഒന്നൊഴിഞ്ഞു കിട്ടുമല്ലോ എന്നോർത്ത് എല്ലാവരും കൂടി പാത്തുവിന്റെ അടുത്തെത്തി. നിർദ്ദേശം കേട്ട പാത്തുവിന്റെ മതബോധവും ധാർമിക രോഷവും ഒരുപോലെ  ഉണർന്നു.

"കള്ള ഹിമാറേ ...നായ ഓടിച്ച താപ്പിന് എന്നെ കേറി പിടിക്കാന്ന് വിചാരിച്ചല്ലേടാ.... ഷുക്കൂറെ.... " എന്ന് ഷുക്കൂറിനോടും "അന്യപുരുഷൻ എന്നെ തൊട്ടാൽ ഞമ്മള് പിന്നെ ജീവിച്ചിരിക്കില്ല ഓർത്തോളീ നാട്ടുകാരെ......" എന്ന് നാട്ടുകാരോടും പറഞ്ഞ് പാത്തു തീയായി. ഇത് കേട്ട് നാട്ടുകാർ പിന്നെയും വെട്ടിലായി.  നാട്ടുകാരുടെ മുന്നിൽ ഹീറോ ആകാനുള്ള ചാൻസ് നഷ്ടപ്പെട്ടതും പോര, തൻ്റെ മനസ്സിലിരിപ്പ് പാത്തൂന് മനസ്സിലാകുകയും ചെയ്ത കുണ്ഠിതത്തിൽ നമ്മുടെ ഷുക്കൂറാകട്ടെ .."നിങ്ങക്ക് അങ്ങനെ തന്നെ വേണം. ആ മതിലിൽ കുത്തിയിരുന്ന് പട്ടിണി കിടന്ന് നിങ്ങൾ ചാകണം." എന്ന് പ്രാകി നടന്നു നീങ്ങി. 

പാത്തു വീണ്ടും  അന്താരാഷ്ട്ര ചർച്ചയായി. അഭിപ്രായങ്ങളും മറു അഭിപ്രായങ്ങളും തർക്കങ്ങളും മുറുകി കൊണ്ടിരുന്നു .അവസാനം ഫയർഫോഴ്‌സിനെ വിളിക്കാമെന്നായി ചിലർ .  ആ സമയത്താണ് ഉഷയുടെ പേരക്കുട്ടി ഉണ്ണിക്കുട്ടൻ ഒരു വലിയ തോട്ടിയുമായി പുറത്തെത്തിയത്.അവൻ പാത്തു തൂങ്ങി കിടക്കുന്ന മതിലിന്റെ പുറകിൽ നിന്നു കൊണ്ട് വിളിച്ചു പറഞ്ഞു. "പാത്തുത്താ എൻറെ കയ്യിൽ നമ്മുടെ വീട്ടിൽ മാങ്ങ പറിക്കുന്ന വലിയ തോട്ടി ഉണ്ട്. ഞാൻ അതുകൊണ്ട് ഇങ്ങളെ കുത്തി താഴെ ഇടാൻ പോവാ , മുറുകെ പിടിച്ചിരുന്നോട്ടാ " . കുരുത്തക്കേടിന് പേര് കേട്ട ഉണ്ണിക്കുട്ടൻ പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്നവനാണെന്ന് പാത്തുവിന് അറിയാം. അതുകൊണ്ടുതന്നെ പാത്തു വിളിച്ചു പറഞ്ഞു. "ഉണ്ണിക്കുട്ടാ  ചക്കരേ.. വേണ്ടെടാ....പാത്തുത്ത പാവല്ലേടാ " പക്ഷേ ഉണ്ണിക്കുട്ടനുണ്ടോ അത് കേൾക്കുന്നു. അവൻ വീണ്ടും പറഞ്ഞു. "നിങ്ങൾ എന്തു പറഞ്ഞിട്ടും കാര്യമില്ല ഞാൻ നിങ്ങളെ തള്ളി താഴെ ഇടും."

ഇനിയെന്തും സംഭവിക്കാം എന്ന് മനസ്സിലാക്കിയ നാട്ടുകാർ വീണ്ടും ഓടിക്കൂടി .പാത്തു നോക്കുമ്പോഴതോ മതിലിനു പുറത്ത് തോട്ടിയുടെ തലപ്പ് പൊങ്ങുന്നു. പിന്നൊന്നും നോക്കിയില്ല, പാത്തു കൈവിട്ട് നേരെ താഴേക്ക് ഒരൊറ്റ ചാട്ടം.  വളരെ മനോഹരമായി പൂച്ച നാലുകാലിൽ വീഴുന്നതുപോലെ പാത്തു രണ്ട് കാലിൽ താഴെയെത്തി. തനിക്കൊന്നും പറ്റിയില്ല എന്നറിഞ്ഞ പാത്തു കാറും കോളുമുള്ള സമയത്ത് വളരെ വിദഗ്ദ്ധമായി വിമാനം ലാൻഡ് ചെയ്യിച്ച പൈലറ്റിനെപ്പോലെ  *എന്തൊരു ഞാൻ* എന്ന  മട്ടിൽ അഹങ്കാരത്തോടെ തലയുയർത്തി നിന്നു.  "ഇതിത്രയേ ഉണ്ടായിരുന്നുള്ളൂ അതിനാണ് പാത്തു ഈ കണ്ട പാട് മുഴുവൻ ഞങ്ങളെ പെടുത്തിയതന്നെും വികൃതിയാണെങ്കിലും ഉണ്ണിക്കുട്ടനിരിക്കട്ടെ ഒരു കുതിരപ്പവൻ" എന്നും പറഞ്ഞു നാട്ടുകാർ അവിടെ നിന്നും നടന്നു നീങ്ങി. 

 രക്ഷപ്പെട്ട സന്തോഷത്തിൽ നടന്നു നീങ്ങിയ പാത്തു പുഷ്പയുടെ വീട്ടുമുറ്റത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കി.പുഷ്പയോട് ചേർന്ന് നിന്ന് തൻറെ പാത്രത്തിൽ നിന്നും *ഞാനിത്രയേ ചെയ്തുള്ളൂ ഇത്രമാത്രമേ ചെയ്തുള്ളൂ* എന്ന ഭാവത്തിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ബ്ലാക്കിയെ നോക്കി  പാത്തു ഇങ്ങനെ മനസ്സിൽ പറഞ്ഞു. "കള്ളപ്പന്നി, ബെടക്ക് ഹിമാറെ...... അനക്ക് ഞാൻ വെച്ചിട്ടുണ്ട്ട്ടാ". പാത്തുവിന്റെ മൗന സംഭാഷണം കേട്ടിട്ടാണോ എന്തോ ബ്ലാക്കി ഒന്നിളിച്ചു കാണിച്ചു അത് നമുക്ക് ഇങ്ങനെ വായിക്കാം 

"ഞാനിവിടെ വന്ന നാൾ മുതൽ കാണുന്നതാണ്  എന്നെ കാണുമ്പോളുള്ള നിങ്ങളുടെ പുച്ഛം. ഞാൻ ചൊക്ലി പട്ടിയാണല്ലേ......എനിക്ക് കുരക്കാൻ മാത്രമേ അറിയൂ അല്ലേ? ഇപ്പോൾ ശരിക്ക് മനസ്സിലായി കാണുമല്ലോ കുരക്കുന്ന പട്ടിക്ക് കടിക്കാനും അറിയാമെന്ന് ? ഈ പണിക്ക് മറുപണിയുമായി നിങ്ങൾ വാ നമുക്ക് വീണ്ടും ഒരു കൈ നോക്കാം.

പിൻകുറിപ്പ്:- ഇതിൻ്റെ ബാക്കി ആ ചരിത്രത്തിൻ്റെ താളുകളിൽ ഉണ്ടോ എന്ന് ഈ ചരിത്രകാരിക്ക് അറിയില്ല. ഒന്നു കൂടി പരതി നോക്കി ഉണ്ടെങ്കിൽ നിങ്ങളെ അറിയിച്ചുകൊള്ളാം എന്ന് ഈ വിനീത വിധേയ ഉറപ്പ് തരുന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ