mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

award ceremony

V Suresan

ലോയൽ ലിറ്ററേച്ചർ ക്ലബ്ബിൻറെ വാർഷിക പരിപാടികൾ നടക്കുകയാണ്. കവിയരങ്ങ് കഴിഞ്ഞ് ഇപ്പോൾ ടീ ബ്രേക്ക് ആണ്. ചായ കഴിച്ചു കൊണ്ടിരുന്ന പ്രസിഡൻറ് അലക്സാണ്ടറുടെ അടുത്തേക്ക്  സ്യൂട്ട് ധരിച്ച ഒരാൾ വന്നു. 

“ഗുഡ് ഈവനിംഗ് സർ.” 

ആളിനെ മനസ്സിലാകാതെ പ്രസിഡൻറ് അയാളെ നോക്കി പുഞ്ചിരിച്ചു. 

“എന്നെ മനസ്സിലായില്ലേ?കഴിഞ്ഞ വാർഷികത്തിന് ഞാനിവിടെ വന്നിരുന്നു. ചാർളി ചായ്പ്പിൽ.”

“ഓർമ്മ കിട്ടുന്നില്ല.” 

“അന്ന് ഞാൻ നല്ലൊരു എമൗണ്ട് ഡൊണേഷനും തന്നിരുന്നു” 

“ആണോ? എവിടെയാ താമസം?” 

“ഞാൻ ഓൾഡ് ചർച്ച ജംഗ്ഷനിലാണ്. പക്ഷേ കൂടുതലും വിദേശത്ത് ആയിരിക്കും. രണ്ടുദിവസം മുമ്പ് എത്തിയതേയുള്ളൂ. സാഹിത്യത്തിലുള്ള കമ്പം കാരണം വിദേശത്തു നിന്നാൽ കാൽ ഉറയ്ക്കില്ല. എത്രയും പെട്ടെന്ന് ഇവിടെ വന്ന് അംഗീകാരവും ആദരവും ഏറ്റുവാങ്ങാൻ മനസ്സ് വെമ്പൽ കൊള്ളും. സാഹിത്യ സംഘടനകളും ആരാധകരും എന്നെ ഇങ്ങോട്ട് മാടിമാടി വിളിച്ചു കൊണ്ടിരിക്കുകയല്ലേ. മലയാളസാഹിത്യ നഭോമണ്ഡലത്തിൽ ഈയുള്ളവൻറെ പേര് എഴുതി ചേർക്കപ്പെട്ടു എന്നത് എൻ്റെ കഴിവു മാത്രമല്ല ദൈവാനുഗ്രഹം കൂടിയാണ്.” 

“ശരിയാണ്, ചാർളി ചാപ്ലിൻ എന്ന പേര് കേൾക്കാത്തവരില്ലല്ലോ.” 

“ചാർളി ചാപ്ലിൻ അല്ല, എൻറെ പേര് ചാർളി ചായ്പ്പിൽ എന്നാണ്.”  

“അങ്ങനെ കേട്ടതായി ഞാൻ ഓർക്കുന്നില്ല.” 

“മൂന്നു മഹാഗ്രന്ഥങ്ങളാണ് എൻറെ പേരിൽ പുറത്തുവന്നിട്ടുള്ളത്. “ 

“പേരിൽ എന്നുപറയുമ്പോൾ എഴുതിയത് -” 

“എന്താ സംശയം? എൻറെ തൂലികയിൽനിന്ന് പിറന്നുവീണ സാഹിത്യ സന്തതികൾ തന്നെയാണ് മൂന്നും. അവയുടെ അവാർഡും ആദരവും ഇതുവരെ ഏറ്റുവാങ്ങി തീർന്നിട്ടില്ല. അതുകൊണ്ടാണ് നാലാമത്തേതിലേക്ക് കടക്കാനാവാത്തത്.” 

“അവാർഡുകൾ എന്നു പറയുമ്പോൾ - “ 

“പുസ്തകം മൂന്ന് ആണെങ്കിലും ലഭിച്ച അവാർഡുകൾ മുപ്പതോളം വരും.” 

അയാൾ കോട്ടിൻ്റെ പോക്കറ്റിൽ നിന്ന് ഒരു പേപ്പർ പുറത്തെടുത്ത്  പ്രസിഡൻ്റിൻറെ കയ്യിൽ കൊടുത്തു.

“എന്തായിത്?”

“എനിക്ക് ലഭിച്ച അവാർഡുകളാണ്.”  

ശരിയാണ്. ആ പേപ്പറിൽ അക്കമിട്ട്   32 വാർഡുകളുടെ പേരുകൾ എഴുതിയിട്ടുണ്ട്. 

“ഇതിൽ കൂടുതലും പുതിയ അവാർഡുകൾ ആണല്ലോ.” 

“അതെ. ഏതു നല്ല കാര്യത്തിനും തുടക്കമിടാൻ എന്നെപ്പോലെ ഓരോരുത്തർ ഉണ്ടായാലല്ലേ കഴിയൂ.” 

“തുടക്കമിടുക എന്ന് പറഞ്ഞാൽ - “ 

“അവാർഡ് നൽകാൻ തുക ഇല്ലെങ്കിൽ ഞാൻ ഡൊണേഷൻ ആയി അത് നൽകും. സാഹിത്യത്തെ പരിപോഷിപ്പിക്കാൻ വേണ്ടി അതിൽ കൂടുതൽ നല്കാനും ഞാൻ തയ്യാറാണ്.” 

“അപ്പോൾ ഇതിൽ ഏറിയ പങ്കും താങ്കൾ ഡൊണേഷൻ നൽകി തുടക്കമിട്ട അവാർഡുകളാണ്.” 

“തീർച്ചയായും. അതിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഒരു ലിറ്റററി അവാർഡ് ആരംഭിക്കാൻ കഴിഞ്ഞു എന്നത് ഒരു റൈറ്ററെ സംബന്ധിച്ച് ചാരിതാർത്ഥ്യജനകമായ കാര്യമല്ലേ?’' 

ആണെന്നോ അല്ലെന്നോ മറുപടി പറയാതെ പ്രസിഡൻ്റ് ഒരു കൺഗ്രാജുവേഷൻസ് പറഞ്ഞു കൊണ്ട് അവാർഡ് ലിസ്റ്റ് തിരികെ നൽകി. 

“സാർ എനിക്കൊരു റിക്വസ്റ്റ് ഉണ്ട്.. “

“എന്താണ്?” 

“ഇപ്പോൾ സാംസ്കാരിക സമ്മേളനം ആരംഭിക്കാൻ പോവുകയല്ലേ?

“അതെ.“ 

'’25 അവാർഡുകൾ നേടി കഴിഞ്ഞപ്പോൾ തന്നെ പല ലിറ്റററി ഓർഗനൈസേഷൻസും എന്നെ ആദരിക്കാൻ  തുടങ്ങിയിരുന്നു. എന്നാൽ ഈ ലോയൽ ലിറ്റററി ക്ലബ്ബിൻ്റെയും എൻറെയും സമയം ഒത്തു വരാത്തതിനാൽ ഇതുവരെ അത് നടന്നില്ല എന്നേയുള്ളൂ. ആ കുറവ് പരിഹരിച്ചുകൂടേ സാർ?” 

“അത് - നമ്മൾ മുൻകൂട്ടി തീരുമാനിച്ചിട്ടില്ലല്ലോ.” 

“സാംസ്കാരിക സമ്മേളനത്തിനിടയിൽ ചീഫ് ഗസ്റ്റ് എന്നെയൊന്ന് ആദരിക്കുന്നതിന് വലിയ തയ്യാറെടുപ്പിൻ്റെയൊന്നും ആവശ്യമില്ലല്ലോ.” 

“പക്ഷേ അതിന് ഒരു പൊന്നാട എങ്കിലും വേണ്ടേ?” 

“അതിനു സാർ ബുദ്ധിമുട്ടണം എന്നില്ല. വിലകൂടിയ ഒരു ഷാൾ ഞാൻ തന്നെ കൊണ്ടുവന്നിട്ടുണ്ട്. “ 

“ഓ - സർവ സന്നാഹങ്ങളുമായാണല്ലോ വരവ്.” 

“ലിറ്റററി വർക്കിൽ ഒരു കുറവും വരരുത് എന്ന് എനിക്ക് നിർബന്ധമുണ്ട്.”  

“എങ്കിലും കമ്മറ്റിയിൽ ഒന്ന് ആലോചിക്കാതെ - “  

“എല്ലാവരും ഇവിടെ തന്നെ ഉണ്ടല്ലോ സർ. ഇപ്പോൾതന്നെ ആലോചിച്ച് അക്കാര്യം തീരുമാനിക്കാവുന്നതല്ലേ ഉള്ളൂ.”

അയാൾ പോക്കറ്റിൽ നിന്ന് ഒരു കവർ എടുത്തു. 

“ഇതാ - ഞാൻ നല്ലൊരു തുക ഡൊണേഷൻ ആയി എഴുതിയിട്ടുണ്ട്. “ 

ചെക്ക് അടങ്ങിയ കവർ ചാർളി, പ്രസിഡണ്ടിനെ ഏൽപ്പിച്ചു. ആ ചെക്കിനെ മുൻനിർത്തി അവൈലബിൾ കമ്മിറ്റി അർജൻ്റായി കൂടിയപ്പോൾ ആ ചെക്കിൻ്റെ ഉടമയെ ആദരിക്കുന്നതിൽ ആർക്കും എതിർപ്പ് ഉണ്ടായില്ല. അങ്ങനെ അന്നത്തെ സാംസ്കാരിക സമ്മേളനത്തിൽ ചീഫ് ഗസ്റ്റായ സാംസ്കാരിക വകുപ്പ് മന്ത്രി, ചാർളി കൊണ്ടുവന്ന ഷോൾ ചാർളിയെത്തന്നെ അണിയിച്ച് ആദരിച്ചു. ക്ലബ്ബ് പ്രസിഡൻറ് ലോകപ്രശസ്ത സാഹിത്യകാരനായ ചാർളി ചായ്പ്പിലിൻ്റെ അവാർഡുകളുടെ ലിസ്റ്റ് വേദിയിൽ വായിക്കുകയും ചെയ്തു. 

ചാർളി പോയിക്കഴിഞ്ഞപ്പോൾ ക്ലബ്ബ് സെക്രട്ടറി പ്രസിഡൻ്റിനോട് ഒരു സംശയം ചോദിച്ചു:

“ഇയാൾക്ക് ഈ പറയുന്ന മുപ്പതോളം അവാർഡുകൾ ലഭിച്ചത് -  ഏതു വിഭാഗത്തിലാണ്?” 

“അത് മനസിലായില്ലേ? എല്ലാം സമഗ്രസംഭാവനയ്ക്കുള്ള അവാർഡുകളാണ്.” 

'’എന്നുവച്ചാൽ?” 

“അയാൾ അങ്ങോട്ടു കൊടുത്ത സംഭാവനകൾ എല്ലാം കൂടെ പത്തുപന്ത്രണ്ടു ലക്ഷം വരുമല്ലോ. ആ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ്.”

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ