മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

 

'സർ ഞാൻ നേവിയിൽ ജോയിൻ ചെയ്തു '  ഇന്നലെ ഫോണിലേക്ക് വന്ന രാജേഷ് ചൗധരിയുടെ മെസ്സേജായിരുന്നു സന്തോഷം കൊണ്ട് എന്റെ മനസ്സു നിറച്ചത്. ഓർമ്മകൾ വർഷങ്ങൾ പിന്നോട്ട് കൊണ്ടു പോയി.

ആന്ധ്രപ്രദേശിലെ രാജമുൻട്രി ജില്ലയിലെ  കൊവ്വൂർ എന്ന ഗ്രാമത്തിലെ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്ന കാലം. ഗോദാവരി തീരത്തെ മനോഹരമായ ഗ്രാമമാണ് കൊവ്വൂർ. മഹാനദികളുടെ ഉത്സവമായ പന്ത്രണ്ട് വർഷം കൂടുമ്പോൾ നടത്തുന്ന മഹാ പുഷ്ക്കരാലു നടക്കുന്ന സ്ഥലം. നെല്ലും, ഗോതമ്പും, ചോളവും നിറഞ്ഞ പാടങ്ങൾ. 

സ്കൂളിന് ചുറ്റും ചോളപ്പാടമായിരുന്നു. ഞാൻ സ്കൂളിൽ ജോയിൻ ചെയ്തിട്ട് ഒരു മാസം കഴിഞ്ഞിരുന്നു. ക്ലാസ്സിൽ എല്ലാവരും മാന്യൻമാരും മിടുക്കൻമാരുമായിരുന്നു. ഒരാൾ മാത്രം മനപൂർവ്വം പ്രശനങ്ങൾ ഉണ്ടാക്കുന്നത് പതിവായി. രാജേഷ് ചൗധരി എന്നായിരുന്നു അവന്റെ പേര്, പ്രായത്തെക്കാൾ കൂടുതൽ തണ്ടും, തടിയുമുള്ളവൻ ആരേയും കൂസാത്ത ഭാവം. ഒരു ദിവസം ക്ലാസ്സിൽ പ്രശ്നമുണ്ടാക്കിയതിന് ഞാനവനെ വഴക്കു പറഞ്ഞു. അവൻ തെലുങ്കിൽ എന്തോ പറഞ്ഞു.'സർ അതൊരു തെറിവാക്കാണ് ' ഒരു പെൺകുട്ടി എന്നോട് വന്നു പറഞ്ഞു. ഞാനവനെ ക്ലാസ്സിൽ നിന്നും ബലമായി പുറത്താക്കി. മിനുറ്റുകൾക്കുള്ളിൽ അവൻ സ്കൂൾ ഡയറക്ടറേയും കൂട്ടിയെത്തി ക്ലാസ്സിൽ കയറി ' സാറേ അവനെ വിട്ടേക്ക്, നാട്ടിലെ വല്യ പ്രശ്നക്കാരനാ, ടീച്ചേഴ്സിസിനൊക്കെ പേടിയാ അവനെ' .ക്ലാസ്സിൽ കയറിയ അവൻ എന്നെ നോക്കി പുഛത്തോടെ  ചിരിച്ചു. 

ഞാനവനെ തെറ്റാണെങ്കിലും പരമാവധി ഒഴിവാക്കാൻ തുടങ്ങി .അവൻ വില്ലത്തരങ്ങൾ തുടർന്നു കൊണ്ടേയിരുന്നു .

ചോളപ്പാടങ്ങൾക്കിടയിലൂടെ നീണ്ടുപോകുന്ന മൺ റോഡുകളിലൂടെയുള്ള നടത്തം വല്ലാത്തൊരു ഫീലായിരുന്നു.ഒരു ദിവസം പതിവ് നടത്തത്തിനിടെയായിരുന്നു റോഡിൽ എന്റെ അരികിലായി ഒരു സൈക്കിൾ നിർത്തിയത്. സൈക്കിളിൽ നിറയെ പാൽപാത്രങ്ങൾ തൂക്കിയിട്ടിരുന്നു. സൈക്കിളിൽ നിന്നിറങ്ങിയ അയാൾ മഫ്ലർ മാറ്റി .ഞാൻ അത്ഭുതപ്പെട്ടുപോയി. 'രാജേഷ്' ഞാൻ വേഗം തിരിഞ്ഞു നടന്നു. 'സർ പോകരുത് ഒന്നു നിൽക്കു' അവൻ പിന്നാലെയെത്തി. 'സാർ എന്നോട് ക്ഷമിക്കണം. എല്ലാത്തിനും മാപ്പ്, വിരോധമില്ലെങ്കിൽ എന്റെ വീട്ടിലേക്ക് വരുമോ ?" അവൻ ചോദിച്ചു. പാടങ്ങൾക്കിടവഴിയിലൂടെ ഞാനവന്റെ പിന്നാലെ നടന്നു. നടന്ന് നടന്ന് ഒരു ഓലക്കുടിലിന് മുമ്പിലെത്തി 'സർ എന്റെ വീട്' മുറ്റത്തും വീടിന്റെ ചുറ്റിലും കുറെ എരുമകൾ .ചായ്പ്പിലെ കട്ടിലിൽ അവന്റെ അമ്മ സുഖമില്ലാതെ കിടക്കുന്നുണ്ടായിരുന്നു. എന്നെ കണ്ട് അവന്റെ ബാബയും അവിടേക്ക് വന്നു. 

'ടീച്ചർ ഗാരു അവനോട് ക്ഷമിക്കണം, രാത്രി മൂന്ന് മണിക്ക് അവൻ എഴുന്നേറ്റ് ഈ എരുമകളെയെല്ലാം കുളിപ്പിച്ച്, പാൽ കറന്ന്, പുല്ലും പറിച്ചിട്ട്  പാൽ ഗ്രാമങ്ങളിലെ വീടുകളിലും കടകളിലും സൈക്കിളിൽ എത്തിക്കും എന്നിട്ടാ 7 മണിക്ക് സ്കൂളിൽ വരുന്നെ. എന്റെ കുട്ടി ശരിക്കും ഉറങ്ങിയിട്ട് വർഷങ്ങളായി. അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഒരു പക്ഷേ നീണ്ട കഷ്ടപ്പാടും അലച്ചിലുമാവാം ഒരു പതിനഞ്ച് വയസ്സുകാരൻ ഇങ്ങനെ പരുക്കനായത്.

'രാജേഷ് എന്താ നിന്റെ അംബീഷൻ ?", ഞാനവനോടു ചോദിച്ചു.  'നേവി ഓഫീസർ' അവൻ പറഞ്ഞു. ഗ്രാമത്തിന്റെ അതിർത്തി വരെ വന്ന് എന്നെ അവൻ യാത്രയാക്കി. അവനെ ക്ലാസ്സിൽ നന്നായി ശ്രദ്ധിക്കാൻ തുടങ്ങി .. മാറ്റങ്ങൾ വളരെ വേഗമായിരുന്നു. നന്നായി ഹാർഡ് വർക്ക് ചെയ്ത് ആ വർഷത്തെ പത്താം ക്ലാസ്സ് പരീക്ഷയിൽ ഉയർന്ന വിജയം നേടി. ആ ഗ്രാമത്തോട് യാത്ര പറഞ്ഞ് നാട്ടിലേക്ക് മടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. നേവി യൂണിഫോമണിഞ്ഞ അവന്റെ ചിത്രം എനിക്കയച്ചു കിട്ടിയിരുന്നു. ഉപേക്ഷിക്കപ്പെടുന്ന വിത്തുകൾ വൻമരങ്ങളായേക്കാം, അവഗണിക്കരുത്.  അകലെ അവന്റെ ഗ്രാമത്തിൽ അവന്റെ ബാബയും, അമ്മയും അവനെയോർത്ത് സന്തോഷിക്കുന്നുണ്ടാവാം.  

 

 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ