(ഷൈലാ ബാബു)
എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു സംഭവം ആണ് ഇന്ന് ഇവിടെ വിവരിക്കുന്നത്. അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം. ജീവിതത്തിലെ അതിസുന്ദരമായ രണ്ടു വർഷക്കാലം. പഠനത്തിനു പുറമേ കൂട്ടുകാരോടൊപ്പം കളിയും ചിരിയുമായി ദിവസങ്ങൾ കൊഴിഞ്ഞു വീണു.
ഫിസിക്സ്, കെമിസ്ട്രി, ബയോള്ജി വിഷയങ്ങൾ ആണ് ഞാൻ എടുത്തിരുന്നത്. പടം വരപ്പും റിക്കോർഡ് എഴുത്തും പ്രാക്ടിക്കലും ഒക്കെയായി തിരക്കുപിടിച്ച ദിവസങ്ങൾ ആയിരുന്നു. സെക്കന്റ് ഇയറിലാണ് പ്രാക്ടിക്കലുകൾ കൂടുതലായി നടക്കുന്നതും റിക്കോർഡ്സ് പൂർത്തിയാക്കുന്നതും മറ്റും. ഓരോ പ്രാക്ടിക്കലുകൾ കഴിയുന്തോറും റിക്കോർഡെഴുതി അദ്ധ്യാപകനെ കാണിച്ചു ഒപ്പു മേടിച്ചിരിക്കണം.
ഫൈനൽ ഇയർ പ്രാക്ടിക്കൽ പരീക്ഷാ സമയത്താണ് റിക്കോർഡുകൾ സബ്മിറ്റ് ചെയ്യേണ്ടത്. ഓരോ വിഷയത്തിന്റെ റിക്കോർഡിനും ഇരുപതു മാർക്കു വീതം ലഭിക്കും. അങ്ങനെയിരിക്കെ പരീക്ഷാക്കാലമായി. തിയറി പരീക്ഷകൾ കഴിഞ്ഞ് പ്രാക്ടിക്കൽ തുടങ്ങി.
ഫിസിക്സിന്റെ പ്രാക്ടിക്കൽ പരീക്ഷാദിവസം പതിവു പോലെ കോളേജിൽ എത്തി കൂട്ടുകാരുമൊത്ത് റിവിഷൻ നടത്തിക്കൊണ്ടിരുക്കുകയായിരുന്നു. ഫിസിക്സ് എനിക്ക് പ്രയാസമുള്ള വിഷയമായതിനാൽ നല്ല ടെൻഷൻ ഉണ്ടായിരുന്നു.
ബെല്ലടിക്കാൻ പതിനഞ്ചു മിനിറ്റു ബാക്കി നിൽക്കേയാണ് ഒരു കാര്യം എന്റെ ശ്രദ്ധയിൽ പെട്ടത്. എല്ലാവരുടെയും കൈയിൽ റിക്കോർഡ് ഇരിക്കുന്നു. അപ്പോഴാണ് എന്റെ ഫിസിക്സ് റിക്കോർഡ് കൊണ്ടുവന്നിട്ടില്ലെന്നുള്ള സത്യം ഞാൻ വിഷമത്തോടെ മനസ്സിലാക്കുന്നത്.
തിരക്കിനിടയിൽ രാവിലെ വീട്ടിൽ നിന്നും പോരുമ്പോൾ റിക്കോർഡ് എടുക്കാൻ മറന്നു പോയി. എന്തു ചെയ്യണമെന്നറിയാതെ ഞാൻ വിഷമിച്ചു. എന്റെ വെപ്രാളവും കരച്ചിലും കണ്ട് കൂട്ടുകാർ പറഞ്ഞു വേറൊന്നും ആലോചിക്കാനില്ല, വേഗം വീട്ടിൽ പോയി റിക്കോർഡ് എടുത്തുകൊണ്ടുവരുന്നതാണ് ബുദ്ധി എന്ന്. അല്ലെങ്കിൽ ഇരുപതു മാർക്കു നഷ്ടപ്പെടും.
രണ്ടു വർഷം കഷ്ടപ്പെട്ടതിന് ഫലം ഇല്ലാതെ പോകും. തിയറിക്കും മാർക്കു കുറഞ്ഞാൽ തോറ്റു പോകാനും സാധ്യതയുണ്ട്. വണ്ടി പിടിച്ച് വീട്ടിൽ പോയി വരണമെങ്കിൽ, അരമണിക്കൂർ കൂടുതൽ എടുക്കും. വീടും പൂട്ടി അച്ഛനും അമ്മയും സ്ക്കൂളിൽ പോയിക്കഴിഞ്ഞെങ്കിൽ പിന്നെ റിക്കോർഡ് എടുക്കാനും കഴിയില്ല. ടാക്സി പിടിച്ചു പോകാൻ കയ്യിൽ പൈസയുമില്ല. എല്ലാം കൂടി ഓർത്തപ്പോൾ തലകറങ്ങുന്നതു പോലെ തോന്നി.
ഒന്നു രണ്ടു കൂട്ടുകാർ സാറിനെക്കണ്ടു വിവരം പറഞ്ഞു. പോയി റിക്കോർഡ് എടുത്തു കൊണ്ടു വരട്ടെ, അല്പം താമസിച്ചാലും പരീക്ഷാ ഹാളിൽ കയറ്റാമെന്ന് സാർ വാക്കു തന്നതനുസരിച്ച്, ആൺകുട്ടികളും പെൺകുട്ടികളും കൂടി എന്നെ ധൈര്യപ്പെടുത്തി, എന്റെ പ്രിയ കൂട്ടുകാരി ഷീലയേയും കൂട്ടി ഒരു ടാക്സിയിൽ കയറ്റി വിട്ടു.
ഞാൻ തനിയെ പോകാമെന്നു പറഞ്ഞിട്ടും അതു കൂട്ടാക്കാതെ അവളും കാറിൽ കയറി. ഡ്രൈവറിനോട് കൂട്ടുകാർ തന്നെ കാര്യങ്ങൾ വിശദമായി പറഞ്ഞിരുന്നതിനാൽ മാക്സിമം വേഗത്തിൽ വണ്ടി ഓടിച്ചു. പത്തു മിനിറ്റു കൊണ്ട് വീടിനടുത്തെത്തി. ഇടയിൽ ഒരു തോടുണ്ടായിരുന്നതിനാൽ വീടുവരെ വണ്ടി പോവില്ല. റോഡിൽ ഇറങ്ങി വീട്ടിലേക്ക് ഓടുകയായിരുന്നു. എന്റെ പിറകേ ഷീലയും.
ഭാഗ്യത്തിന് വീട്ടിലെത്തിയപ്പോൾ, അമ്മ സ്കൂളിൽ പോകാൻ ഇറങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഓടിക്കിതച്ചു വരുന്ന എന്നെക്കണ്ട് അമ്മ ആകെ പരിഭ്രമിച്ചു. ടാക്സിക്കൂലി കൊടുക്കാൻ 35 രൂപ വേണമെന്ന് ശ്വാസം വിടാതെ പറയുന്നതിനിടയിൽ അകത്തെ മുറിയിൽ ചെന്നു റിക്കോർഡുമായി പുറത്തിറങ്ങി. അമ്മയുടെ കയ്യിൽ നിന്നും പൈസയും വാങ്ങി തിരിച്ചോടി. പാവം എന്റെ കൂട്ടുകാരി പാതിവഴിയിൽ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ.
അവളേയും കൂട്ടി വേഗം വന്നു കാറിൽ കയറി. മാക്സിമം വേഗത്തിൽ തന്നെ ഡ്രൈവർ വണ്ടി ഓടിച്ചു, പത്തു മിനിട്ടുകൊണ്ടു തിരിച്ചെത്തി.
ശ്വാസമടക്കിപ്പിടിച്ചു പരീക്ഷാഹാളിന്റെ മുന്നിലെത്തിയപ്പോൾ കുട്ടികൾ എല്ലാവരും കയറി അവരവർക്കു ചെയ്യാനുള്ള എക്സ്പിരിമെന്റ്സ് തുടങ്ങിക്കഴിഞ്ഞിരുന്നു.
നേരത്തേ അനുവാദം ലഭിച്ചിരുന്നതിനാൽ ഞങ്ങളേയും ഹാളിൽ പ്രവേശിപ്പിച്ചു. ആദ്യം തന്നെ റിക്കോർഡ് സബ്മിറ്റ് ചെയ്തു. കോൺവെക്സ് ലെൻസും കോൺകേവ് ലെൻസും ആയിരുന്നു ഞങ്ങൾക്കു കിട്ടിയ ടോപ്പിക്കുകൾ. ആശ്വാസത്തോടെ ഡാർക്ക് റൂമിലേക്ക് കയറിയപ്പോൾ മാത്രമാണ് ശ്വാസം നേരേ വീണത്. അല്പ സമയം റിലാക്സ് ചെയ്തതിനുശേഷം പരീക്ഷണങ്ങളിൽ മുഴുകി.
പ്രതിസന്ധിഘട്ടത്തിൽ എന്നോടൊപ്പം നിന്ന ഷീല എന്ന എന്റെ പ്രിയ കൂട്ടുകാരിയെ ജീവിതത്തിൽ എനിക്കു മറക്കാനാവില്ല. പരീക്ഷയുടെ റിസൽട്ട് വന്നപ്പോൾ ഫിസിക്സിന് അറുപതു ശതമാനം മാർക്കു ലഭിച്ചു. അന്ന് എന്റെ റിക്കോർഡ് കൊടുത്തില്ലായിരുന്നെങ്കിൽ മാർക്കു വളരെ കുറയുമായിരുന്നു. കലാലയ ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവമായി ഇന്നും എന്റെ ഓർമയിൽ മായാതെ തങ്ങി നിൽക്കുന്നു.