(Sathish Thottassery)
നാലു മണിക്ക് കൂട്ടബെല്ലടിച്ച് സ്കൂൾ വിട്ടാൽ റോഡും പാടവരമ്പും താണ്ടി വീടെത്തുന്നതിനേക്കാൾ എളുപ്പത്തിൽ പുഴ വഴി എത്തിച്ചേരാം. കസിൻ ബ്രോ, ബാബുഏട്ട, പവിത്രേട്ട മുതൽപേരടങ്ങുന്ന ഭൂതഗണങ്ങളും സ്കൂളിൽ നിന്നും വരുംവഴി നെല്ലിപ്പറമ്പും പാടവും താണ്ടി പുഴയിലെത്തി. ഊരിയ ടൗസറും ഷർട്ടും കറുത്ത റബർ ബാന്റിട്ട പുസ്തകക്കെട്ടും തലയിൽ വെച്ച് അണകെട്ടി നിർത്തിയ വെള്ളത്തിലിറങ്ങി നടന്നുതുടങ്ങി.
അന്ന് ട്രൗസറിനടിയിൽ അടിവസ്ത്രമിടുന്ന പരിഷ്‌കാരം ഞങ്ങളുടെ നാട്ടിൻപുറത്ത് എത്തിയിട്ടില്ല. വാസുവിന്റെ തോട്ടത്തിൽ നിന്നും പുഴയിലേക്ക് ചാഞ്ഞു നിൽക്കുന്ന ഗോമൂച്ചിയിൽ ബീവറേജിന് മുൻപിൽ ആളു കൂടിയപോലെ തിങ്ങിനിറഞ്ഞു ഗോമാങ്ങ. ആരാന്റെ മാവിലെ മാങ്ങക്കു രുചി കൂടുമല്ലോ.
സംഘം വേലിമുള്ളും കൈതമുള്ളും അസ്ഥാനങ്ങളിൽ കൊള്ളുന്നത് വകവെക്കാതെ പൊത്തിപ്പിടിച്ചു തോട്ടത്തിൽ കയറി ഏറു തുടങ്ങി. വെള്ളത്തിൽ മാങ്ങാ പ്രളയം. എല്ലാവരും പിറന്നപടി കഴുത്തോളം വെള്ളത്തിലിറങ്ങി മാങ്ങ വാരിക്കൂട്ടുന്ന നേരത്തു വാസു കത്തിവേഷത്തിൽ പ്രത്യക്ഷപ്പെട്ടു. വികടസരസ്വതി കയറുപൊട്ടിച്ചു. ഭരണി പാട്ടിനെ നാണിപ്പിക്കുന്ന തെറിയും പറഞ്ഞു വാരിക്കൂട്ടിയ മാങ്ങയും നീചന്മാരുടെ ഷർട്ടും ട്രൗസറുമെല്ലാം എടുത്തോണ്ട് പോയി. പിന്നെ താളിന്റെ ഇല കൊണ്ട് നാണം മറച്ചാണത്രെ ഇവർ വീട്ടിലെത്തിയത്.
സംഭവം കേട്ടശേഷം സ്ഥലത്തെ പ്രധാന പയ്യൻ ഡ്രൈവർ ശശി "ആകേ...".ന്നു പറഞ്ഞു മൂക്കത്തു വിരൽ വെച്ചുവെന്നും ആ മഹാപാവിക്കു ഇവരുടെ ട്രൗസറെങ്കിലും കൊടുക്കായിരുന്നില്ലേന്നു പറഞ്ഞുവെന്നും സ്വ. ലേ..