മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow


കേട്ടറിഞ്ഞ യുദ്ധക്കെടുതി കെടുതികള്‍ അനുഭവിക്കേണ്ടിവന്നിട്ടില്ല. എന്നുതന്നെയല്ല, കാണേണ്ടിപോലും വന്നിട്ടില്ല. ആധുനികകാലത്ത് കേരളത്തില്‍ കലാപങ്ങളല്ലാതെ യുദ്ധം നടന്നിട്ടില്ലല്ലോ. ജീവിതത്തിലെ ഏറ്റവും

വലിയ സൌഭാഗ്യമായി ഞാന്‍ കണക്കാക്കുന്നത് യുദ്ധത്തിന്റെ ദുരിതം അനുഭവിക്കേണ്ടിവന്നിട്ടില്ല, ജയിലില്‍ കിടക്കേണ്ടി വന്നിട്ടില്ല - ഇതു രണ്ടുമാണ്. ജയില്‍ജീവിതം സിനിമകളിലൂടെ കാണുകയും, കഥകളിലൂടെ വായിച്ചറിയുകയും ചെയ്തിട്ടുണ്ട്. പക്ഷെ, യുദ്ധത്തിന്റെ കെടുതി മറ്റൊരാളുടെ അനുഭവത്തിലൂടെയാണ് മനസിലായത്. 1997-ല്‍ ഞാന്‍ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം സ്വിറ്റ്സര്‍ലന്‍ഡില്‍ ജീവിതമാരംഭിച്ചു. ആര്ബെര്ഗ് (Aarberg) എന്നൊരു കൊച്ചു സ്വിസ്സ് പട്ടണം. കുറെനാളത്തെ ശ്രമത്തിനുശേഷം ഒരു ജോലി ലഭിച്ചു - സ്വിസ്സ് തലസ്ഥാനമായ ബേണില്‍. (സ്വിസ്സ് തലസ്ഥാനം ബേണാണെന്ന് പലര്‍ക്കും അറിയില്ല). താമസസ്ഥലത്തുനിന്നും ലീസ് (Lyss) എന്ന സ്ഥലത്തുപോയി, ബേണിലേയ്ക്കുള്ള വണ്ടി പിടിക്കണം. യാത്ര ട്രെയിനിലാണ്. സ്വിസ്സ് ട്രെയിനിലെ യാത്ര വളരെ സുഖകരമാണ്. ജര്‍മ്മന്‍ഭാഷ കാര്യമായി അറിയില്ല. പരിചയക്കാര്‍ ആരുംതന്നെയില്ല. യാത്രയില്‍ മൂകനും എകനുമാണ്. സ്വിസ്സ് ജനത പൊതുവില്‍ അപരിചിതരോട് സംസാരിക്കുകയില്ല, എത്രവട്ടം കണ്ടാലും അവരില്‍ നിന്നൊരു ചിരിപോലും പ്രതീക്ഷിക്കാന്‍ വയ്യ. ഒരു പ്രാവശ്യം ലീസില്‍നിന്നും കയറി സീറ്റില്‍ ഇരുന്നപ്പോള്‍ വൃദ്ധനായ ഒരാള്‍ എന്നോട് "മേ ഐ സിറ്റ് ഹിയര്‍?" എന്ന് ഇംഗ്ലീഷില്‍ ചോദിച്ചു. "മോസ്റ്റ്‌ വെല്‍ക്കം" എന്നു പറയുന്നതിനൊപ്പം ഞാന്‍ കക്ഷിയെ സൂക്ഷിച്ചുനോക്കി. എഴുപത്തഞ്ചിനു മുകളില്‍ പ്രായം വരും. ഒരു "അലവലാതി" ലുക്ക്. അത്തരമൊരാളില്‍ നിന്നും പ്രതീക്ഷിക്കാന്‍ വയ്യാത്തത്ര മാന്യമായായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അത്രയും പ്രായമുള്ള ഒരു സ്വിറ്റ്സര്‍ലന്‍ഡുകാരന്‍ ഇംഗ്ലീഷ് സംസാരിക്കുന്നതും പ്രതീക്ഷിക്കാനാവാത്തതാണ്. കക്ഷി ഇരുന്നുകഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും അദ്ദേഹത്തെ നോക്കി. ഇല്ല, കുഴപ്പമൊന്നുമില്ല. സൌമ്യഭാവമാണ്. ഞാന്‍ വളരെ സ്നേഹത്തോടെ പറഞ്ഞു... "You speak English very well..." മറുപടി ഉടനെ വന്നു... "That is because I am English.." അതൊരു സുഹൃദ്ബന്ധത്തിന്റെ തുടക്കമായിരുന്നു. അതിനുശേഷം ഞങ്ങള്‍ ഒരുമിച്ചിരുന്നായിരുന്നു ലീസ്-ബേണ്‍ യാത്രകള്‍. അദ്ദേഹത്തിന്റെ പേര് റെജിനോള്‍ഡ്. സ്വദേശം ലിവര്‍പൂള്‍. യുവാവായിരുന്നപ്പോള്‍ അവിടെയെത്തി, ഒരു സ്വിസ്സ് യുവതിയെ വിവാഹംകഴിച്ചു. ഏതോ പ്രിന്റിംഗ് പ്രസ്സില്‍ ജോലിയായിരുന്നു. ഒരു മകളുണ്ട്. ഞങ്ങള്‍ തമ്മില്‍ പരിചയപ്പെട്ട് ഏതാനും മാസങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു. വലിയ ആഘാതമൊന്നും ഉണ്ടായിക്കണ്ടില്ല. ഇതിനെക്കുറിച്ച്‌ ഒരുനാള്‍ ഞാന്‍ പരോക്ഷമായി ചോദിച്ചു. "ഭാര്യയും ഞാനുമായി അത്ര നല്ല ബന്ധമായിരുന്നില്ല. അവള്‍ക്കെന്നെ ഒട്ടും മതിപ്പില്ലായിരുന്നു. അവള്‍ ജീവിച്ചിരുന്നപ്പോഴും ഞാന്‍ ഏകനായിരുന്നു..So, my life has not changed.. Not at all.." "What about your daughter?" "Oh, she hates me.. She does not live with me.." ഒരു ദിവസം അയാളെന്നോട് ചോദിച്ചു.. "Where do you think I am going every day?" "I am not supposed to bother about that. And you never told me.." അദ്ദേഹം വിശദീകരിച്ചു.. "Well, I didn't want to tell you. But, now - since we are good friends - I think I should tell you. I need to see my psychiatrist every day. I am undergoing treatment for depression.." പിന്നീടുള്ള പല ദിവസങ്ങളിലായി അദ്ദേഹത്തിന്റെ കഥയുടെ ചുരുള്‍ സാവധാനം അഴിഞ്ഞു. അദ്ദേഹത്തിനു ആറോ ഏഴോ വയസുള്ളപ്പോള്‍ രണ്ടാം ലോകമഹായുദ്ധം തുടങ്ങി. നിലയ്ക്കാത്ത ജര്‍മ്മന്‍ ബോംബിംഗ്. സൈറന്‍ മുഴങ്ങുമ്പോള്‍ എവിടെയെങ്കിലും സുരക്ഷിതമായ സ്ഥലത്ത് ഒളിക്കണം. ഒളിക്കാനായി ഓടുമ്പോഴൊക്കെ മരണഭയം വല്ലാതെ പിടികൂടി. യുദ്ധം അവസാനിച്ചു. അദ്ദേഹം വളര്‍ന്നു. സ്വിറ്റ്സര്‍ലന്‍ഡില്‍ താമസമായി. എന്നിട്ടും പഴയ ഭയം വിട്ടുപോയില്ല. "മരണത്തെക്കുറിച്ചുള്ള ചിന്ത എന്നെ ഇപ്പോഴും അലട്ടുന്നു. That is my problem. These stupid doctors can't do anything about it. I am going to them for only one reason - I love to get out of the house." മറ്റൊരു കാര്യംകൂടി അദ്ദേഹം പറഞ്ഞു.. "ഭക്ഷണത്തിനു വല്ലാത്ത ക്ഷാമമുണ്ടായിരുന്നു അന്നൊക്കെ. I used to dream about bread.. ബ്രെഡ്‌ കണ്ടാല്‍ ഇന്നുമെനിക്ക് ആര്‍ത്തിയാണ്.." രണ്ടായിരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനോട്‌ വിട പറഞ്ഞതോടെ അദ്ദേഹവുമായുണ്ടായിരുന്ന ബന്ധം അറ്റുപോയി. റെജിനോള്‍ഡ് ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല. യുറോപ്യന്‍ യുണിയനെ ഞാന്‍ ഇഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണം ഇനിയുമൊരു യുദ്ധം ഈ നാടുകളില്‍ ഉണ്ടാവാനുള്ള സാധ്യത ഒരളവുവരെ ഇല്ലാതാക്കാന്‍ അവര്‍ക്ക് കഴിഞ്ഞുവെന്നതാണ്. യുദ്ധങ്ങളുടെ കെടുതികള്‍ അനുഭവിക്കാത്ത തലമുറയാണ് ബ്രെക്സിറ്റിനനുകൂലമായി വോട്ടു ചെയ്തത്. ബ്രിട്ടന്‍ യുറോപ്യന്‍ യുണിയന്‍ വിട്ടാലും വരുംതലമുറകളില്‍ റെജിനോള്‍ഡുമാര്‍ ഉണ്ടാവാതിരിക്കട്ടെ.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ