സാധാരണ ഗതിയില്‍ ബാല്യകാലസ്മരണകള്‍ ഇല്ലാത്തവരായി  ആരുമുണ്ടാവില്ല. കടന്നുവന്ന വഴിത്താരകള്‍ ചിലര്‍ക്ക് ദുരിതങ്ങള്‍നിറഞ്ഞതാവാം.

ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തവയാണെങ്കിലും   തുടര്‍ന്നുള്ള  ജീവിതത്തില്‍   അറിയാതെയെങ്കിലും ഓര്‍ത്തുപോവുന്ന  കയ്പ്പേറിയ  അനുഭവങ്ങളാവുമ്പോള്‍  മറ്റു   ചിലര്‍ക്ക്  ബാല്യകാലം മധുരമൂറുന്ന മാമ്പഴക്കാലമാവാം.

കുതിച്ചു പായുന്ന ഇന്നത്തെ  ഇന്റര്‍നെറ്റ്‌ യുഗത്തില്‍   പുതുതലമുറക്ക്‌ അന്യമായിക്കൊണ്ടിരിക്കുന്ന  ബാല്യകാല സ്മരണകള്‍. മാതാപിതാക്കള്‍ തങ്ങളുടെ ബാല്യകാലസ്മരണകള്‍   പങ്കുവെക്കാന്‍   തുനിയുമ്പോള്‍, ഇന്നത്തെ  തലമുറ അതൊന്നും  കേള്‍ക്കാന്‍ താല്‍പര്യമില്ലാതെ,  ഇന്റര്‍നെറ്റില്‍  തലപൂഴ്ത്തി ലോകം വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയില്‍ കോഴി ചെതല് ചെനക്കുമ്പോലെ എന്തൊക്കെയോ തിരയുന്ന  തത്രപ്പാടിലാണ്.

എത്ര പറഞ്ഞാലും കൊതി തീരാത്ത സ്മരണകൾ ഉറങ്ങുന്ന ശവപ്പറമ്പുകളത്രെ മനുഷ്യ മനസ്സുകൾ. ബാല്യത്തിലെ കുസൃതികൾ ഇപ്പോൾ ഓർക്കുമ്പോൾ ബാലിശമായി തോന്നാമെങ്കിലും ഓർക്കുന്ന സമയത്തു് ഒരു പാല്പായസം കഴിച്ച അനുഭൂതി ഉണ്ടാകുമല്ലോ. കുട്ടിക്കാലത്തെ കുഞ്ഞനുഭവങ്ങളും അവക്ക് കാലാന്തരത്തിൽ വന്ന അനുഭവ വ്യതിയാനങ്ങളും താരതമ്യം ചെയ്യുന്നതും ഒരു രസമാണ്.

ട്രൗസർ പ്രായത്തിലെ പല്ലു പറി ഒരു സംഭവമാണ്. പല്ല് ഇളകി തുടങ്ങിയാൽ പിന്നെ ഒരു അങ്കലാപ്പാണ്..അതെങ്ങാനും ഭക്ഷണം കഴിക്കുമ്പോൾ അതിന്റെ കൂടെ വയറ്റിലെത്തുമോ എന്ന പേടി. വായിൽ നിന്നും പറിച്ചു മാറ്റുമ്പോഴുള്ള രക്തം ചിന്തലും വേദനയും ആലോചിച്ചു കുഞ്ഞു മനസ്സുകൾ വേവലാതിപ്പെടും. അന്നത്തെ കാലത്തു ഇന്നത്തേതുപോലെ മുക്കിനു മുക്കിനു ദന്ത വൈദ്യൻമാരില്ലാതിരുന്ന കാരണം തറവാട്ടിലെ ഏതെങ്കിലും വിമുക്ത ഭടന്മാരോ അല്ലെങ്കിൽ  ഉരുക്കുവനിതകളോ ആയിരിക്കും. പല്ലുപറി ദൗത്യം ഏറ്റെടുക്കുക. ഞങ്ങളുടെ കുട്ടിക്കാലത്തു പല്ലുപറി വിദഗ്ദ്ധ ഗോമതി വലിയമ്മയായിരുന്നു. വെളക്കത്ര ലക്ഷ്മിയമ്മ പേറെടുക്കുന്ന ലാഘവത്തോടെയാണ് വലിയമ്മ ഞങ്ങളുടെ ഇളകിയാടുന്ന പല്ലുകൾ പറിക്കുക. അതിനു ചില രീതികളൊക്കെയുണ്ട്. ലേശം ഇളകി തുടങ്ങിയാൽ വലിയമ്മയെ പല്ലു കാണിക്കണം. മൂപ്പത്തിയാര് അതൊന്ന് ആട്ടി നോക്കും. വലിയ തോതിൽ ആട്ടമില്ലെങ്കിൽ അടുത്ത അപ്പോയ്ന്റ്മെന്റ് തരും. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു വീണ്ടും ആട്ടി നോക്കും. ഒരുവിധം ഇളക്കമുണ്ടെങ്കിൽ എൻ. ടി. പി. ഡ്രൈവർ ശങ്കരന്നായര് ഗിയറു മാറ്റുമ്പോലെ രണ്ടു മൂന്നു വലിക്ക് പല്ലു കയ്യിൽ വരും. കുറച്ചു കോംപ്ലിക്കേറ്റഡ് കേസാണെങ്കിൽ പിന്നെ ഒരു നൂൽ പ്രയോഗമുണ്ട്. ഇളകുന്ന പല്ലിന്റെ ചോട്ടിൽ മരം വെട്ടുമ്പോൾ കയറിട്ടു പിടിക്കുന്ന പോലെ നൂല് കൊണ്ട് കുടുക്കിട്ടശേഷം ഒരു പണ്ടാര വലിക്കു പല്ല് നൂലിൽ ഊഞ്ഞാലാടും.  

നമ്മടെ കണ്ണിൽ നിന്ന് കണ്ണീരും വായിൽ നിന്ന് ചോരയും വരുമ്പോൾ ഇതൊക്കെ എന്ത് എന്ന ഭാവമായിരിക്കും ഉരുക്കു വനിതയുടെ മുഖത്തു വിടരുക. അപ്രകാരം വാ ബന്ധം വിട്ട പല്ലുകൾ ലേശം ചാണകത്തിൽ പൊതിഞ്ഞു ഓട്ടിൻപുറത്തേക്കെറിയും. കൂട്ടത്തിൽ കീരികീരി കിണ്ണം താ എന്ന പാട്ടും പാടാറുണ്ട്. അതിന്റെ ഗുട്ടൻസ് ഇനി കാണുമ്പോൾ ചോദിക്കണം. അന്ന് ചോദിയ്ക്കാൻ പേടിയായിരുന്നു. സ്റ്റീരിയോ ഫോണിക് സൗണ്ടിൽ എല്ലാരും കേൾക്കെ  "നെഷേധി" വിളി കേൾക്കേണ്ടിവരുമല്ലോ എന്ന പേടി. 

പിന്നെ പുതിയ പല്ലു വരാൻ താമസിച്ചാൽ ഒരു ചെറിയ സർജറിയും വലിയമ്മ തന്നെ ചെയ്യും. ഒരു നെല്ലെടുത്ത്‌ തൊണ്ണിൽ ഒരു കീറ് കീറും. സ്കെയിൽ ഒന്നും വെക്കാത്തതുകൊണ്ടു എന്റെ മോണയിൽ കീറിയത്  വളഞ്ഞും പുളഞ്ഞും ആയതിനാൽ പല്ലുകളൊക്കെ കൂഴ ചക്ക വീണു പ്ലാവിൻ തയ്യുകൾ കൂട്ടത്തോടെ മുളക്കുന്നപോലെയായിപ്പോയി. ഇപ്പോഴാണെങ്കിൽ കൃത്യ വിലോപത്തിനു നഷ്ട പരിഹാര കേസ് ഫയൽ ചെയ്യാമായിരുന്നു.

ഇനി കുറെ കണ്ടതും കേട്ടതുമായ പല്ലുപറി അനുഭവങ്ങൾ പങ്കുവെക്കാം. ഒരിക്കൽ ശിഷ്യൻ കേശവൻ തോട്ടത്തിൽ വെച്ച് പല്ലുപറിച്ചതു് പാളനാരു കൊണ്ടായിരുന്നു. നാരിന്റെ ഒരറ്റം ഇളകുന്ന പല്ലിലും മറ്റേ അറ്റം ഒരു കവുങ്ങിലും കെട്ടി. എന്നിട്ടു വൺ ടു ത്രീ പറഞ്ഞുകൊണ്ട് ഒറ്റ ഓട്ടം. പിന്നെ കണ്ടത്  പാള നാരിന്റെ അറ്റത്തു തൂങ്ങി ചത്തപോലെ പല്ല് കിടന്നാടുന്നതാണ്. എന്റെ അണക്കലെ പല്ലൊരെണ്ണം തൊരന്നു തൊപ്പിയിടാൻ ഒരു ധൈര്യത്തിന് പുത്രനെയും കൂട്ടിയാണ് പോയത്. തൊരക്കുമ്പോൾ വേദന വന്നാൽ ഉടൻ കൈ പൊക്കണമെന്ന് ഭിഷഗ്വരൻ ശട്ടം കെട്ടി. പിന്നീട് ഞാൻ ഉയർത്തിയ കയ്യ് താഴ്‌ത്തുകയേ ഉണ്ടായിട്ടില്ലെന്ന അവന്റെ ഊതലിൽ ലേശം കാറ്റില്ലായ്മയില്ലെന്നു പറഞ്ഞുകൂടാ.

ഭാര്യയുടെ സോൾ ഗഡിയും പണ്ടത്തെ അയൽവാസിയുമായ ഒരു ചേച്ചി സ്വഭാവം കൊണ്ട് ചെറുപ്പത്തിൽ പോരുകോഴിയെ പോലെ ഊർജ്ജസ്വലയും, കല്യാണം കഴിഞ്ഞു രണ്ടു പെറ്റതിൽ പിന്നെ ബ്രോയ്‌ലർ ചിക്കനുമായി മാറിയിരുന്നു. ചേച്ചി പോരുകോഴിയായിരുന്ന കുട്ടിപാവാടകാലത്തു് അമ്മ പല്ലു പറിക്കാൻ വിളിച്ചപ്പോൾ ഓടിയതു കാരണം കലിപ്പ് കേറി ചന്ത മലയാളം പറഞ്ഞു ചേസ് ചെയ്ത മമ്മി  അടുക്കളയിൽ കൂട്ടാനെളക്കി കൊണ്ടിരുന്ന ചിരട്ടക്കയിലുകൊണ്ടു എറിഞ്ഞത് ചേച്ചിടെ കണ്ണിനു മുകളിൽ കൊണ്ട പാട് ഇപ്പോഴുമുണ്ട്. ചേച്ചി ബ്രോയിലർ ആയ ശേഷം ഒരു ഓട്ട പല്ലെടുക്കുന്നതിന്റെ മുന്നോടിയായി ഒരു ചുള്ളൻ ഡോക്ടർ മയക്കു വെടി കുത്താൻ വന്നപ്പോൾ വെപ്രാളം കൊണ്ട് ഡോക്ടറെ കെട്ടിപ്പിച്ച പിടിച്ച കഥയും പറയണ കേട്ടു.

അവസാനമായി ഈ പല്ലോർമ്മകളിലേക്ക്‌ മ്മളെ നയിച്ച കാര്യം കൂടി പറഞ്ഞുകൊണ്ട് കഥ കഴിക്കാം. ഒരാഴ്ച മുമ്പാണ് പടിപ്പെരവീട്ടിൽ കുഞ്ഞുലക്ഷ്മി അമ്മക്ക് പല്ലുവേദന ഇളകിയത്. ഒന്ന് രണ്ടു ദിവസം  ക്ലോവ് ഓയിലും മറ്റു മുറിവൈദ്യവുമൊക്കെ നോക്കിയെങ്കിലും നോ ഗുണം.

പിന്നെ കൂടിയാലോചനകൾക്കുശേഷം പല്ലു ഡോക്റ്ററെ കാണാൻ തീരുമാനിക്കുന്നു. രണ്ടുകൊല്ലം മുമ്പ് ഇതുപോലൊരു പല്ലു വേദനയെ തുടർന്ന് ഒരാഴ്ചത്തെ തയ്യാറെടുപ്പുകൾക്കൊടുവിൽ ആസ്പത്രിയിൽ പോയി പല്ലെടുത്ത മുൻ പരിചയം ഉണ്ട്. അതിന്റെ പിൻബലത്തിൽ പാത്തിക്കിരി സന്ദർശനം നടത്താൻ തീരുമാനമായി.  അടുത്തുതന്നെയുള്ള ഒരു പെണ്ണ് ഡോക്ടറെ കണ്ടു. തല്ക്കാലം പല്ലു പരിശോധനയും പ്രാദേശിക മയക്കു വെടി കൊടുത്തു തരിപ്പിച്ച ശേഷം ഒരു ക്ലീനിങ്ങും നടത്തി. അപ്പോൾ തന്നെ മുഖം അയിലിമുടിച്ചി മല പോലെ കുന്നും കുഴിയുമായി. സംസാരം ഏറെക്കുറെ കല്ലുവഴി ചിട്ട കഥകളിയായി. പിന്നെ രണ്ടീസത്തേക്ക് ആന്റി ബിയോട്ടിക്‌സ്, വേദനസംഹാരി,  ചോര മർദ്ദം, പഞ്ചാരാദി പരിശോധനകൾ, ഇത്യാദികൾ. . പ്രായാധിക്യം, മേല്പറഞ്ഞ പ്രകാരമുള്ള അസ്കിതകൾ മുതലായവ കാരണം എന്തെങ്കിലും പ്രശ്നമുണ്ടായാൽ ആശുപത്രി വാസം വരെ വേണ്ടിവരുമെന്ന് ഡോക്ടർ മാഡം പറഞ്ഞപ്പോൾ തൊട്ട് പി. വി. കെ. അമ്മ പണ്ടേ ദുർബ്ബല അതിലും ഗർഭിണി എന്ന് പറഞ്ഞപോലെയായി. പല്ലുപറി ഏതു ദുരന്തത്തിൽ അവസാനിക്കുമെന്ന ചിന്ത സ്വാഭാവികമായി അവരെ വേണ്ടാത്ത നിഗമനങ്ങളിലേക്കു നയിച്ചു. ചെറുപ്പ കാലം തൊട്ടേ ഈ സ്വഭാവം കൂട്ടിനുണ്ട്. സ്കൂൾ പഠനകാലത്ത് ചരിത്രം പഠിപ്പിച്ച മൊയ്ലിയാര് വലിയ കോയിത്തമ്പുരാനെന്നു പറഞ്ഞപ്പോൾ മൊയ്ലിയാർക്കു കോഴി കോയി ആയതാണെന്ന നിഗമനത്തിൽ വലിയ കോഴി തമ്പുരാനാണെന്നു ശരിയെന്നു പറഞ്ഞയാളാണ് കുട്ടികുഞ്ഞിലക്ഷ്മി. 

പിന്നെ ചാവേറുകാര് യുദ്ധത്തിന് പോണപോലെ രണ്ടും കല്പിച്ചു പോയി. രണ്ടു മയക്കു വെടി കൊണ്ട് കൊഞ്ഞി മരവിപ്പിച്ചു പല്ലെടുത്തു. എന്തായാലും അത്യാഹിതങ്ങളൊന്നും സംഭവിക്കാതെ സംഭവം കഴിഞ്ഞു പുറത്തു വന്നപ്പോൾ ഞങ്ങൾ പെണ്ണുമ്പിള്ളയുടെ കന്നി പ്രസവം കഴിഞ്ഞു പിള്ള കരച്ചിൽ കേട്ട കണവനെ പോലെ ദീർഘ നിശ്വാസം വിട്ടു വീടുപൂകി

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ