mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

അച്ചമ്മേടെ വീടും അമ്മമ്മേടെ വീടും അങ്ങനെയാണ് അച്ഛന്റെ വീടിനെയും അമ്മയുടെ വീടിനെയും പറഞ്ഞിരുന്നത്. ഇപ്പോളതു ഓർമ വരാൻ കാരണം, കുട്ടികൾ സ്കൂൾ പൂട്ടിയാൽ അവരുടെ അമ്മയുടെ വീട്ടിൽ പോകാറുള്ള കാര്യം ഓർമിപ്പിച്ചത് കൊണ്ടാണ്.

പുറത്തിറങ്ങാൻ പറ്റാതെ വീട്ടിൽ ഉണ്ടും ഉറങ്ങിയും തള്ളി നീക്കുന്ന ദിനരാത്രങ്ങൾ കുറച്ചേറെയായി മനസിനെ അസ്വസ്ഥമാക്കുന്നുണ്ട്. എന്ത്‌ ചെയ്യാൻ. ഇത് പോലെ അടുത്ത് കൂടെ പോകുന്ന ചിന്തകളാകുന്ന അപ്പൂപ്പൻ താടികൾക്ക്‌ പിന്നാലെ പറക്കുക...ഒന്നിലും തട്ടിത്തടയാതെ... കാറ്റിന്റെ ഗതിക്കൊത്തു താഴ്ന്നും പൊങ്ങിയും പറക്കുക... ശരീര ഭാരം പോലുമറിയാതെ... എവിടേക്കെന്നില്ലാതെ...

സ്കൂൾ പൂട്ടിയാൽ കളിയുടെ കാലം ആരംഭിക്കും. അന്ന് തന്നെ പുസ്തകങ്ങളുടെ ഭാരം പൂർണമായും അക്ഷരാർത്ഥത്തിൽ തന്നെ ഉപേക്ഷിക്കും.ഇനി അടുത്ത അധ്യയന വർഷം തുടങ്ങിയാൽ മാത്രമേ പുസ്തകം കൈ കൊണ്ടു തൊടുകയുള്ളൂ. ഉച്ചവരെ വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിക്കും. ഊണ് കഴിഞ്ഞു വീട്ടുകാരെല്ലാം ഉച്ചമയക്കത്തിലായാൽ പതുക്കെ സഹോദരങ്ങളെ കൂട്ടി പുറത്ത് ചാടും.

തെക്കേ പറമ്പിലെ പുളിയുടെ ചുവടാണ് ഒരു കേന്ദ്രം. നീട്ടി കൂവിയാൽ അയൽവീട്ടിലെ രാമകൃഷ്ണനും സത്യനുമൊക്കെ ഓടിയെത്തും. നല്ല തണലാണ് പുളിയുടെ ചുവട്ടിൽ. കറുത്തിരുണ്ട മണ്ണിൽ വീഴുന്ന പഴുത്ത മധുരപുളിക് കാത്തിരിക്കും. കളിയും വഴക്കുമൊക്കെ മുറക്ക് നടക്കും. തൊട്ടപ്പുറത്തെ മാട്ടത്തിൽ ചേച്ചിയും സത്യന്റെ ചേച്ചിയും വലിയ ചർച്ചയിലായിരിക്കും. എന്താണ് വിഷയം എന്ന്‌ പരിശോധിക്കാൻ തോന്നിയിട്ടില്ല. അവർ പത്താം ക്ലാസിലോ അതോ എട്ടാം ക്ലാസ്സിലാണോ എന്ന്‌ കൃത്യമായി ഓർക്കുന്നുമില്ല. എന്തായാലും മണിക്കൂറുകളോളം ഞങ്ങളെല്ലാവരും അവിടെ തന്നെയാണ് ഉണ്ടാകുക.

ചുറ്റുപാടും ചെറിയ കൂരകളും വലിയ ഒരു പാമ്പിൻ കാവും നില കൊളുന്ന ഒരു സ്ഥലമാണത്. പോരാത്തതിന് ഇടക്കിടെ ഒച്ച വെക്കുന്ന ഒരു വലിയ മുളങ്കൂട്ടവും. ഇന്നാണെങ്കിൽ രക്ഷിതാക്കൾ ഒരിക്കലും അത്തരം സ്ഥലങ്ങളിലേക്ക് കുട്ടികളെ വിടില്ല. പിന്നെ ചായ കുടിക്കാൻ എല്ലാവരും പിരിഞ്ഞാൽ വീട്ടുമുറ്റത്തു തന്നെയാകും ബാക്കി സമയം. തലമുടി വേറിടുക്കുക എന്ന ഒരു പതിവുപരിപാടി കഴിഞ്ഞാലേ ചായ കിട്ടൂ.

ഏതാണ്ട് സ്കൂൾ പൂട്ടിയാൽ അച്ഛന്റെ വീട്ടിലെ കാര്യങ്ങൾ ഇത് പോലായിരുന്നു. കല്യാണങ്ങൾ മാത്രമായിരുന്നു പുറത്തു പോകാൻ കിട്ടുന്ന അവസരം.കളിസ്ഥലം ചിലപ്പോൾ വീടിന്റെ പിറകിൽ ചുവന്ന മണ്കട്ടകൾ നിറഞ്ഞ പടിഞ്ഞാറെ പറമ്പിലേക്ക് മാറാറുണ്ട്. മുട്ടികുടിയൻ മാവാണ് അവിടത്തെ ആകർഷണം. ഇവിടെ കളിക്കാൻ അടുത്ത വീട്ടിലെ ശംസുദ്ധീൻ, കമറു തുടങ്ങിയവരാകും ഉണ്ടാകുക. അധികവും ഈ സ്ഥലത്തു കളിച്ചിരുന്നില്ല കാരണം അവിടെ ആളൊഴിഞ്ഞ ഒരു പഴയ വീടുണ്ടായിരുന്നു. ഭുവനേശ്വരീ സാനിധ്യം ഉള്ള വീടാണ് അത് എന്നു കേട്ടിട്ടുണ്ട്. അത് കൊണ്ട് അവിടെ പോകാറുണ്ടായിരുന്നില്ല. പക്ഷെ അടുത്തൊരു വീട്ട് പടിയിലും കാണാത്ത സിമെന്റിട്ട ഒതുക്കു കല്ലുകൾ ഇപ്പോഴും ഓർമയുണ്ട് അവരുടെ കൈയാലക്ക് . ഒരാൾക്കിരിക്കാൻ പറ്റിയ മുകൾ ഭാഗമായിരുന്നു അവസാനത്തെ പടിയുടെ ഇരുവശങ്ങളിലും. പൊട്ടി പൊളിഞ്ഞിട്ടുണ്ടെങ്കിലും ഇരുന്നു കളിക്കാൻ പറ്റിയ സ്ഥലം. അവിടെ കുറചകത്തോട്ടായി ഒരു ഞാവൽ ഞങ്ങൾക്ക് കുറേകാലം വിരുന്നൂട്ടിയിരുന്നു. മച്ചിങ്ങയിൽ പച്ച ഈർക്കിൽ കുത്തിക്കയറ്റി മുകളിലോട്ടെറിഞ്ഞാണ് കറുത്തു തിളങ്ങുന്ന ഞാവൽ പഴങ്ങൾ വീഴ്ത്തിയിരുന്നത്. ഉപ്പിലിട്ടു വെയിലത്തു വെച്ചു കഴിച്ചാൽ സ്വാദ് അസാധ്യം. കഴിച്ച് രണ്ട് ദിവസം കഴിഞ്ഞാലും നാക്കിലും പല്ലിലും കറ കാണാം. ഷിർട്ടിലായാൽ അടി ഉറപ്പ്. പക്ഷെ എത്ര ശ്രദ്ധിച്ചാലും പിറ്റേന്ന് ഷർട്ട്‌ അലക്കാനെടുതാൽ വിളി ഉറപ്പ്.

കുപ്പിയിൽ നിന്നും പുറത്തു വരുന്ന ഭൂതത്തെ പോലെയാണ് ഓർമ്മകൾ. ചെറിയതെന്തിലെങ്കിലും ഉരസി ഉണർന്നു ഭീമാകാരമായി മാറി മറ്റെല്ലാ കാഴ്ചയുംമറച്ചു കുറേനേരം മനുഷ്യരെ ഇഷ്ടപെട്ട കുറെ കാഴ്ചകൾ കാണിച്ചു സമയബോധങ്ങളെ മരവിപ്പിച്ചു തിരികെ കൊണ്ടിറക്കി വീണ്ടും കുപ്പിയിലേക്ക് ചുരുങ്ങുന്ന അറേബ്യൻ കഥകളിലെ ജിന്നുകളെ ഓർമിപ്പികുന്ന 'അൽ ഭൂതം'. ഇനിയും വിളിക്കേണ്ടിവരും ഇങ്ങനെ ഇരിക്കേണ്ടി വന്നാൽ.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ